ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) യാഥാര്‍ഥ്യമാകുമ്പോള്‍ യുകെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് വളരെ എളുപ്പമാകുകയാണ്. ഇതോടൊപ്പം വസ്ത്രങ്ങള്‍, പാദരക്ഷകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാര്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യണ്‍ പൗണ്ട് ആയിരുന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യണ്‍ പൗണ്ടില്‍ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാല്‍ കരാര്‍ നിലവില്‍ വരുന്നതിനോട് ഇന്ത്യയിലെ ആഭ്യന്തര മദ്യ ഉദ്പാദകര്‍ കടുത്ത ആശങ്കയിലാണ്. വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറയുന്നത് ആഭ്യന്തര ഉദ്പാദകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കരാര്‍ പ്രകാരം, യുകെ നിര്‍മിത വിസ്‌കിക്കും ജിന്നിനുമുള്ള താരിഫ് തുടക്കത്തില്‍ 150% ല്‍ നിന്ന് 75% ആയി കുറച്ചേക്കാം, ഒടുവില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അത് 40% ആയി കുറയും. ഈ ഘട്ടം ഘട്ടമായുള്ള കുറവ് ബ്രിട്ടീഷ് ബ്രാന്‍ഡുകള്‍ക്ക് ഗണ്യമായി ഗുണം ചെയ്യും. താരിഫ് കുറയുന്നതിന്റെ പ്രയോജനം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. കേരളത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം വരുന്നത് മദ്യ വില്‍പനയില്‍ നിന്നും ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. വാറ്റും എക്‌സൈസ് ഡ്യൂട്ടിയും ഉള്‍പ്പെടെ 200 ശതമാനത്തില്‍ കൂടുതലാണ് ഇന്ത്യന്‍ നിര്‍മിത മദ്യത്തിന്റെ സാധാരണ ഉപഭോക്താക്കള്‍ കേരളത്തില്‍ നല്‍കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ വ്യാപാര കരാറിലെ നിബന്ധനകള്‍ നടപ്പിലാകുമ്പോള്‍ അത് കേരളത്തിലെ മദ്യ വിപണിയില്‍ കാര്യമായി ചലനങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.