ലണ്ടന്‍: ബ്രിസ്റ്റോളിലെ സെന്റ് മൈക്കിള്‍സ് മെറ്റേണിറ്റി ആശുപത്രിയില്‍ തീപിടിത്തം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സൗത്ത്വെല്‍ സ്ട്രീറ്റിലെ ആശുപത്രി മന്ദിരത്തില്‍ തീപിടിത്തമുണ്ടായത്. ആളപായമില്ല. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീ അണച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം എത്രയും വേഗം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ തീ അണയ്ക്കാനായെങ്കിലും അപകടകാരണത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. സംഭവം ഉണ്ടായ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും അവരുടെ അമ്മമാരെയുമെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ സ്റ്റാഫ് അംഗങ്ങള്‍ക്ക് ആശുപത്രി മാനേജിങ് ഡയറക്ടര്‍ പ്രഫ. സ്റ്റുവര്‍ട്ട് വാക്കര്‍ നന്ദി പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്ന് സാധാരണ നിലയില്‍ തുടരുമെന്നും മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയ്ന്റ്‌മെന്റുകള്‍ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.