|
തിരുവനന്തപുരം വിമാനത്താവളത്തില്‍ 20 ദിവസമായി തുടരുന്ന അമേരിക്കന്‍ നിര്‍മ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.
ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് സാധിച്ചില്ലെങ്കില്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകും.
ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായുള്ള യുദ്ധ വിമാനമാണ് F35. ഇറാനെതിരെയുള്ള ഇസ്രയേല്‍ വ്യാമാക്രമണത്തിലെ മുന്‍നിര പോരാളി. അഞ്ചാം തലമുറയില്‍ പെട്ട ഈ യുദ്ധവിമാനത്തെ റഡാറുകള്‍ക്ക് പോലും കണ്ടെത്തുക അസാധ്യമാണ്. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്. |