|
കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ വെവ്വേറെയാണ് പണിമുടക്കുന്നത്. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധവും ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. ഇതില്‍ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബര്‍ കോഡ് നിലവില്‍ വന്നാല്‍ ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ തൊഴില്‍ മേഖലയില്‍ കുറയും.
വ്യവസായ സൗഹൃദ നയത്തിന്റെ പേരില്‍ ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കേന്ദ്ര സര്‍ക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. കൂടാതെ എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. |