|
ഗുജറാത്തില്‍ വഡോദരയില്‍ പാലം തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന 'ഗംഭീര' പാലമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാലത്തിനുമുകളില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
റിപ്പബ്ലിക് വേള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ എസ്യുവി, ഒരു പിക്കപ്പ് വാന്‍ എന്നിങ്ങനെ നാല് വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്. 40 വര്‍ഷത്തിലേറെയായി, വഡോദര, ആനന്ദ്, ബറൂച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായി ഈ പാലം പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം പാലം നേരത്തെ തന്നെ തകര്‍ന്നിരുന്നുവെന്നും അറ്റകുറ്റപണി നടത്താന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഇതിനിടെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. |