|
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപീംകോടതി പരിഗണിക്കും. ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആദ്യം കേസ് ജൂലൈ 14 ന് ലിസ്റ്റ് ചെയ്യാന്‍ സമ്മതിച്ചു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന തീയതി ജൂലൈ 16 ആയതിനാല്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അത് ഫലപ്രദമാകണമെന്നില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാഗെന്ത് ബസന്ത് ചൂണ്ടിക്കാട്ടി. ഇന്നോ നാളെയോ ലിസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
''ദയവായി ഇന്നോ നാളെയോ ഹര്‍ജി ലിസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്, കാരണം 16 വധശിക്ഷ നടപ്പാക്കുന്ന തീയതിയാണ്. നയതന്ത്ര ഇടപെടലിന് സമയം ആവശ്യമാണ്,'' അഭിഭാഷകന്‍ പറഞ്ഞതായി ലൈവ്ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ നഴ്സിന്റെ മോചനം ഉറപ്പാക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. |