|
വിഭവസമൃദ്ധമായ ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നു. സാങ്കേതികവിദ്യ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം, സുരക്ഷ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് മോദിയുടെ സന്ദര്‍ശനം ഒരു പ്രോത്സാഹനമാകും. നമീബിയയില്‍ ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്(യുപിഐ) പുറത്തിറക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നമീബിയ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. പ്രധാനമന്ത്രി മോദിയും നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്ദി-ന്‍ഡൈത്വയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, നിര്‍ണായകമായ ധാതുക്കള്‍ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എന്‍പിസിഐ(നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യും ബാങ്ക് ഓഫ് നമീബിയയും തമ്മില്‍ യുപിഐ സാങ്കേതികവിദ്യ ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ വര്‍ഷം അവസാനം നമീബിയയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. |