|
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും വി.എസിനെ സന്ദര്‍ശിച്ച ശേഷമാണു മരണവിവരം സ്ഥിരീകരിച്ചത്. പതിറ്റാണ്ടുകളായി ഒന്നിച്ചുപ്രവര്‍ത്തിച്ച തലമുതിര്‍ന്ന നേതാവിന്റെ ഓര്‍മകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പുമായെത്തുന്നു:
കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധത്തില്‍ കലര്‍ന്നുനില്‍ക്കുന്നു. കേരള സര്‍ക്കാരിനെയും സി പി ഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളില്‍ നയിച്ച വി എസിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാര്‍ട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാര്‍ട്ടിക്കു നികത്താനാവൂ. ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഒരുപാട് സ്മരണകള്‍ മനസ്സില്‍ ഇരമ്പുന്ന ഘട്ടമാണിത്.
അസാമാന്യമായ ഊര്‍ജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് സ. വി എസ് അച്യുതാനന്ദന്റെ ജീവിതം. തൊഴിലാളി - കര്‍ഷകമുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളര്‍ന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ പടവുകളിലൂടെയാണ്. |