കാസര്‍ഗോഡ് കുമ്പളയിലെ യുവ അഭിഭാഷക രഞ്ജിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രേരണാകുറ്റത്തിനു അഭിഭാഷക സുഹൃത്ത് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അനില്‍ കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിതയുടെ കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പുറമുറ്റം മുണ്ടലം ശാന്ത ഭവനിലെ അനില്‍ കുമാറി (45)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.
വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാള്‍. സെപ്തംബര്‍ 30നാണ് രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത. |