താമരശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഡോക്ടറെ ആക്രമിച്ച സനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അമീബികര് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച സനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന സനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. മകള്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തില്‍ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്റെ പ്രതികരണം. തന്റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്റെ പ്രതികരണം. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. |