ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്‌കാരവം നല്‍കി ആദരിച്ച് കടയുടമ. വെറും പുരസ്‌കാരമല്ല മീശമാധവന്‍ അവാര്‍ഡ്! തിരുവനന്തപുരം കടക്കാവൂരുള്ള ആദിത്യ ബേക്കറി ആന്‍ഡ് ഫാസ്റ്റ് ഫുഡിലാണ് മോഷണം നടന്നത്. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും കടിലെ സിസി ടിവി ക്യാമറയില്‍ കള്ളന്‍ കുടുങ്ങുകയായിരുന്നു. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ച് ആരും അറിയാത്ത ഭാവത്തില്‍ കടന്നുകളഞ്ഞത്.
മോഷണം ശ്രദ്ധയില്‍പെട്ട കടയുടമ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് ഒടുവില്‍ വര്‍ക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. തുടര്‍ന്ന് സിസിടിവില്‍ പതിഞ്ഞ കള്ളന്റെ ചിത്രം പതിപ്പിച്ച 'മീശമാധവന്‍ പുരസ്‌കാരവും' ഒരു പൊന്നാടയുമായി കള്ളനെ ആദരിക്കാനെത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊന്നാടയണിയിച്ച് പുരസ്‌കാരം നല്‍കിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ 'വണ്ടറടിച്ച്' നില്‍ക്കുന്ന കള്ളനെയും വീഡിയോയില്‍ കാണാം. അബദ്ധം പറ്റിപ്പോയതാണെന്ന് കള്ളന്‍ പറയുമ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞാണ് കടയുടമ പോകുന്നത്. |