|
ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രശ്‌നത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് സ്‌കൂളിലെ ഒരു വിദ്യാര്‍ഥി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തര്‍ക്കത്തിനു തുടക്കം. ഹിജാബ് ധരിച്ചതിന് സ്‌കൂളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ ഡയറിയില്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം.
ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. |