|
മകളുടെ തുടര്‍ ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയ്ല ഒടിങ്ക (80) കേരളത്തില്‍ അന്തരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത് ബുധനാഴ്ച പ്രഭാത സവാരി നടത്തുന്നതിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂത്താട്ടുകുളത്തെ ആയുര്‍വേദ നേത്ര ചികിത്സാ കേന്ദ്രമായ ശ്രീധരീയത്തില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
2019-ലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മകള്‍ റോസ്മേരി ഒടിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഈ വരവ്. 2017-ല്‍ ഒരു രോഗത്തെത്തുടര്‍ന്ന് റോസ്മേരിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019-ല്‍ അദ്ദേഹം കേരളത്തില്‍ എത്തുകയായിരുന്നു. |