| ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ മോന്‍താ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, യാനം, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ രണ്ടാംഘട്ടമായ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.മോന്‍താ ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശം ആന്ധ്രാപ്രദേശ് തീരത്ത് ആരംഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) തിങ്കളാഴ്ച അറിയിച്ചു. 'ചുഴലിക്കാറ്റ് ആരംഭിച്ചു. തീരദേശ ജില്ലകളില്‍ കാറ്റോട് കൂടിയ മഴ അനുഭവപ്പെടുന്നു,' എപിഎസ്ഡിഎംഎ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് ജയിന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
 തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തില്‍ നിന്ന് രൂപപ്പെട്ട മോന്‍ത ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 വരെ ഇത് തെക്ക്-പടിഞ്ഞാറന്‍, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കേന്ദ്രീകരിച്ചിരുന്നു - ചെന്നൈയില്‍ നിന്ന് ഏകദേശം 480 കിലോമീറ്റര്‍ കിഴക്കും, കാക്കിനാടയില്‍ നിന്ന് 530 കിലോമീറ്റര്‍ തെക്ക്-തെക്ക്-കിഴക്കും, വിശാഖപട്ടണത്തില്‍ നിന്ന് 560 കിലോമീറ്റര്‍ തെക്ക്-തെക്ക്-കിഴക്കും അകലെയാണിത്.
 |