|
മഞ്ഞുമ്മല്‍ ബോയ്‌സിലെ 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. ഈ വിഷയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. വേടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്. അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്നും നാഴികക്ക് നാല്‍പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും. അപ്പോള്‍ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹിക വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക. അപ്പോള്‍ പിന്നെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം. ഗുണപാഠം: ഇങ്ങനെയുള്ളവര്‍ ഭാവിയില്‍ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. |