|
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ തെരുവ് നായകളുടെ പ്രവേശനം തടയുന്നതിനായി വേലി കെട്ടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരുവ് നായ ശല്യം സംബന്ധിച്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക മൂന്നംഗ ബെഞ്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
തെരുവ് നായകളെ പിടികൂടി, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി)നിയമങ്ങള്‍ക്കനുസൃതമായി വാക്‌സിനേഷന്‍ നല്‍കി വന്ധ്യംകരിച്ച ശേഷം പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റേണ്ടത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരിക്കല്‍ പിടികൂടിയ മൃഗങ്ങളെ അതേ പ്രദേശത്ത് തിരികെ വിടരുതെന്ന് ബെഞ്ച് തീര്‍ത്തു പറഞ്ഞു. 'അങ്ങനെ ചെയ്യുന്നത് ആ സ്ഥാപനങ്ങളെ തെരുവ് നായകളുടെ സാന്നിധ്യത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കും,' കോടതി നിരീക്ഷിച്ചു. |