ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ പ്രാദേശിക ലേബര്‍ പാര്‍ട്ടി കൗണ്‍സിലറും സോളിസിറ്ററുമായ ഹിന മിറിനെതിരെ കോടതി കടുത്ത നടപടി സ്വീകരിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ നിയമവിരുദ്ധമായി കുട്ടികളെ നോക്കുന്ന ജോലിക്ക് നിയമിച്ചതിന് 40,000 പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) പിഴയും 3,620 പൗണ്ട് കോടതി ചെലവുകളും അടയ്ക്കാന്‍ ഉത്തരവിട്ടു.
22 കാരിയായ ഹിമാന്‍ഷി ഗോംഗ്ലിയെ വിസാ കാലാവധി കഴിഞ്ഞിട്ടും പ്രതിമാസം 1,200 പൗണ്ടിന് (ഏകദേശം 1.44 ലക്ഷം രൂപ) നാനിയായി നിയമിച്ചതായി സിറ്റി ഓഫ് ലണ്ടന്‍ കൗണ്ടി കോടതി കണ്ടെത്തി. ഹൗണ്‍സ്ലോ ബറോയിലെ മുന്‍ ഡെപ്യൂട്ടി മേയറായ 45 കാരിയായ മിര്‍, തന്റെ രണ്ടു കുട്ടികളെ പരിപാലിക്കുന്നതിനായി വിദ്യാര്‍ഥിനിയെ ആഴ്ചയില്‍ ആറു ദിവസം 24 മണിക്കൂറും ജോലിക്ക് നിറുത്തിയതായി തെളിവുകള്‍ വ്യക്തമാക്കി.
ജഡ്ജി സ്റ്റീഫന്‍ ഹെല്‍മാന്‍, ''കൗണ്‍സിലര്‍ മിര്‍ സമൂഹത്തില്‍ ഇടപെടുന്ന മാതൃകയായ വ്യക്തിയാണ്. എന്നാല്‍ അവര്‍ ഹാജരാക്കിയ തെളിവുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാല്‍ അവയെ ആശ്രയിക്കാന്‍ കഴിയില്ല'' എന്ന് വിധിയില്‍ പറഞ്ഞു.
വിദ്യാര്‍ഥിനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പോലീസ് സഹായം തേടിയപ്പോള്‍ വിഷമാവസ്ഥയില്‍ ആയിരുന്നുവെന്ന് യുകെ ഹോം ഓഫീസ് കോടതിയെ അറിയിച്ചു. 2023 മാര്‍ച്ചില്‍ വിസാ കാലാവധി അവസാനിച്ചതിന് ശേഷം അവര്‍ രാജ്യത്ത് നിയമവിരുദ്ധമായി കഴിയുകയായിരുന്നുവെന്നും, താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ജീവനൊടുക്കാന്‍ തോന്നിയതായും വിദ്യാര്‍ഥിനി പോലീസിനോട് വെളിപ്പെടുത്തി.
മിറിന്റെ അഭിഭാഷകന്‍ ആരിഫ് റഹ്‌മാന്‍, കുടിയേറ്റ ആനുകൂല്യം നേടുന്നതിനായി വിദ്യാര്‍ഥിനി കഥ കെട്ടിച്ചമച്ചതാണെന്ന് വാദിച്ചെങ്കിലും, പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം തെളിവുകള്‍ വ്യാജമായി സൃഷ്ടിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
അപ്പീല്‍ തള്ളിയതോടെ മിറിന് പിഴയും ചെലവും അടയ്ക്കേണ്ടിവരും. ഇതേസമയം, ഹൗണ്‍സ്ലോ കൗണ്‍സിലിലെ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ മിര്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്