|
സംസ്ഥാന പുരസ്‌കാരം നേടിയ യുവനടന്‍ അഖില്‍ വിശ്വനാഥനെ (30) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയായിരുന്ന സമയത്ത് സഹോദരന്‍ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരന്‍ അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
കോടാലിയില്‍ മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്നു അഖില്‍. കുറച്ചു നാളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. |