|
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി പ്രിയ സുഹൃത്തിന്റെ അന്ത്യയാത്ര. ശ്രീനിവാസന്റെ ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുന്‍പായി ഒരു പേനയും പേപ്പറും സത്യന്‍ അന്തിക്കാട് സമര്‍പ്പിച്ചു. 'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ' എന്നായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചിരുന്നത്. വിതുമ്പിക്കൊണ്ടാണ് സത്യന്‍ അന്തിക്കാട് പേനയും പേപ്പറും സമര്‍പ്പിച്ചത്.
അവസാന നിമിഷം വരെയും തന്റെ പ്രിയപ്പെട്ട 'ശ്രീനി'ക്കൊപ്പം സത്യന്‍ അന്തിക്കാട് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥകള്‍ പിറന്ന ആ വിരലുകള്‍ക്കായി, തന്റെ കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും പേനയും നല്‍കിക്കൊണ്ട് സത്യന്‍ നടത്തിയ വിടവാങ്ങല്‍ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. ധ്യാന്‍ ശ്രീനിവാസനാണ് സത്യന്‍ അന്തിക്കാടിന്റെ കയ്യില്‍ പേനയും പേപ്പറും നല്‍കിയത്.
സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ സിനിമാ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഉദയംപേരൂര്‍ കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഞായറാഴ്ച 12 മണിയോടെയാണ് ഭൗതികദേഹം സംസ്‌കരിച്ചത്. മകന്‍ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ പകര്‍ന്നത്. |