Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1723 INR  1 EURO=110.7174 INR
ukmalayalampathram.com
Wed 03rd Jun 2026
 
 
UK Special
  Add your Comment comment
എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല'; വംശീയ നുണയും പൊലീസ് വീഴ്ചയും ചേര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട 18 കാരന്‍
reporter

ലണ്ടന്‍: ഒരു വംശീയ നുണ, പൊലീസിന്റെ അനാസ്ഥ, സഹായത്തിനായി നിലവിളിച്ചിട്ടും കേള്‍ക്കപ്പെടാതെ ചോരവാര്‍ന്ന് മരിച്ച ഒരു പതിനെട്ടുകാരന്‍ - യുകെയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ജനരോഷത്തിന് പിന്നില്‍ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂര സംഭവമാണ്. 2025 ഡിസംബറില്‍ തെക്കന്‍ ഇംഗ്ലണ്ടിലെ തീരദേശ നഗരമായ സതാംപ്ടണിലെ ഒരു റെസിഡന്‍ഷ്യല്‍ തെരുവിലായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്ന ഹെന്റി നൊവാക് എന്ന 18 കാരനെയാണ് 23 കാരനായ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ചോരയൊലിപ്പിച്ച്, ശ്വാസംമുട്ടി ഒരു ഡ്രൈവ്വേയില്‍ കിടന്നിരുന്ന ഹെന്റിയുടെ അടുത്തേക്ക് പൊലീസ് എത്തിയപ്പോള്‍ പ്രതിയായ ദിഗ്വയും സ്ഥലത്തുണ്ടായിരുന്നു. താന്‍ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് ദിഗ്വ പൊലീസിനോട് അവകാശപ്പെട്ടു. നൊവാക് തന്റെ തലപ്പാവ് തട്ടിമാറ്റിയെന്നും മുടിക്ക് പിടിച്ചുവലിച്ചെന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ പിന്നീട് കോടതി ഈ ആരോപണം പൂര്‍ണമായും വ്യാജമാണെന്ന് കണ്ടെത്തി.

സഹായം തേടിയ ഹെന്റിയെ പൊലീസ് അറസ്റ്റ് ചെയ്തു

തനിക്ക് കുത്തേറ്റുവെന്നും ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഹെന്റി പലതവണ പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം അത് ഗൗരവമായി എടുത്തില്ലെന്നാണ് പുറത്തുവന്ന ബോഡിക്യാം ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ''നിങ്ങള്‍ക്ക് കുത്തേറ്റോ? എവിടെ? ഞങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ല, സുഹൃത്തേ'' എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. വായില്‍ നിന്നും ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്ന ഹെന്റിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം പൊലീസ് ആദ്യം അയാളെ അറസ്റ്റ് ചെയ്യുകയും വിലങ്ങുവയ്ക്കുകയും ചെയ്തു. പിന്നീട് ഹെന്റി ബോധരഹിതനാകുകയും ശരീരത്തിലെ മുറിവുകള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് പൊലീസ് വിലങ്ങഴിച്ച് സിപിആര്‍ നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ അതിനോടകം ഹെന്റിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രതിക്ക് ജീവപര്യന്തം തടവ്

ഈ ആഴ്ച ആദ്യം സതാംപ്ടണ്‍ ക്രൗണ്‍ കോടതി വിക്രം ദിഗ്വയ്ക്ക് കുറഞ്ഞത് 21 വര്‍ഷത്തെ തടവോടുകൂടിയ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹെന്റി നൊവാക് വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ജഡ്ജി വില്യം മൗസ്ലി വ്യക്തമാക്കി. ഹെന്റിയുടെ മുന്‍കാല സ്വഭാവവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണമാണ് ദിഗ്വ ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിക്കാന്‍ സഹായിച്ച ദിഗ്വയുടെ അമ്മ കിരണ്‍ കൗറും കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ശിക്ഷ ജൂലൈ 17ന് വിധിക്കും.

യുകെയില്‍ ശക്തമായ പ്രതിഷേധം

നൊവാക്കിന്റെ കുടുംബത്തിന്റെ അനുമതിയോടെ പൊലീസ് ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം യുകെയിലാകെ വലിയ പ്രതിഷേധത്തിന് വഴിവച്ചു. സതാംപ്ടണ്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. ചില സ്ഥലങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാകുകയും പൊലീസുമായി സംഘര്‍ഷമുണ്ടാകുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ വിഡിയോ കണ്ടപ്പോള്‍ താന്‍ അസ്വസ്ഥനായതായി പ്രതികരിച്ചു. ഈ കേസില്‍ വംശീയ ആരോപണങ്ങള്‍ പൊലീസിന്റെ തീരുമാനമെടുക്കലിനെ എങ്ങനെ സ്വാധീനിച്ചു എന്നതില്‍ വ്യക്തമായ മറുപടി വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വലതുപക്ഷ നേതാവ് നൈജല്‍ ഫറാഷ് സംഭവം ''ടു-ടയര്‍ പൊലീസിങ്ങിന്റെ'' ഉദാഹരണമാണെന്ന് ആരോപിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

എന്റെ മകന്റെ മരണം വിദ്വേഷത്തിന് ഉപയോഗിക്കരുത്'

സംഭവത്തെ വംശീയമോ മതപരമോ ആയ ഭിന്നതകള്‍ വളര്‍ത്താന്‍ ഉപയോഗിക്കരുതെന്ന് ഹെന്റിയുടെ പിതാവ് മാര്‍ക്ക് നൊവാക് അഭ്യര്‍ഥിച്ചു. ''എന്റെ മകന്റെ മരണം ഈ രാജ്യത്തെ തെരുവുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള മാറ്റങ്ങള്‍ക്ക് കാരണമാകണം. കൂടുതല്‍ വിദ്വേഷവും പിരിമുറുക്കവും സൃഷ്ടിക്കാന്‍ അത് ഉപയോഗിക്കരുത്,'' മാര്‍ക്ക് നൊവാക് പറഞ്ഞു. ഹാംഷയര്‍ പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് ഓഫിസ് ഫോര്‍ പൊലീസ് കണ്ടക്റ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ആന്‍ഡ് ക്രൈം കമ്മിഷണര്‍ ഡോണ ജോണ്‍സ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.

 
Other News in this category

 
 




 
Close Window