Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ മരുന്ന് ക്ഷാമം രൂക്ഷം; ഹൃദ്രോഗം, മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള മരുന്നുകളും പ്രതിസന്ധിയില്‍
reporter

ലണ്ടന്‍: ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള വിതരണശൃംഖലാ സമ്മര്‍ദ്ദങ്ങളും വിലവര്‍ധനയും ബ്രിട്ടനിലെ മരുന്ന് ലഭ്യതയെയും ബാധിക്കുന്നതായി ഫാര്‍മസി മേഖലയിലെ മുന്നറിയിപ്പ്. ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് നിശ്ചയിച്ച വിലയ്ക്ക് മരുന്നുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അധിക വില അനുവദിക്കുന്ന പ്രൈസ് കണ്‍സഷന്‍ പട്ടികയിലെ മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് നിലയിലെത്തിയിരിക്കുകയാണ്. മേയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 200-ലധികം മരുന്നുകള്‍ പ്രൈസ് കണ്‍സഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായി ഫാര്‍മസി മേഖല റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലില്‍ 204 കണ്‍സഷനുകളും മാര്‍ച്ചില്‍ 201 കണ്‍സഷനുകളും അനുവദിച്ചതായി കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു. ഇതു തുടര്‍ച്ചയായ മാസങ്ങളില്‍ റെക്കോര്‍ഡ് നിലയാണെന്നാണ് ഫാര്‍മസി മേഖലയിലെ വിലയിരുത്തല്‍.

ഹൃദയ, രക്തചംക്രമണ രോഗങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ബീറ്റാ-ബ്ലോക്കറുകളും പ്രതിസന്ധി നേരിടുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു. മേയ് മാസത്തെ പ്രൈസ് കണ്‍സഷന്‍ അപ്‌ഡേറ്റുകളില്‍ ബിസോപ്രൊലോള്‍, ഏപ്രില്‍ അപ്‌ഡേറ്റുകളില്‍ പ്രൊപ്രനോളോള്‍ തുടങ്ങിയ മരുന്നുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇതുകൂടാതെ രക്തസമ്മര്‍ദ്ദം, രക്തം കട്ടപിടിക്കല്‍, വിഷാദം, നാഡീരോഗങ്ങള്‍, ഗ്യാസ്ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന നിരവധി മരുന്നുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രൈസ് കണ്‍സഷന്‍ പട്ടികയില്‍ ഒരു മരുന്ന് ഉള്‍പ്പെടുന്നത് അതിന്റെ പൂര്‍ണ്ണമായ ക്ഷാമമെന്നര്‍ഥമല്ല. എന്നാല്‍, എന്‍എച്ച്എസ് നിശ്ചയിച്ച റീഇംബഴ്സ്മെന്റ് വിലയ്ക്ക് ഫാര്‍മസികള്‍ക്ക് ആ മരുന്ന് വാങ്ങാന്‍ കഴിയുന്നില്ലെന്നതാണ് അതിന്റെ സൂചന. അത്തരം സാഹചര്യത്തില്‍ ഫാര്‍മസികള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ മരുന്ന് വാങ്ങേണ്ടിവരുകയും, ചിലപ്പോള്‍ നഷ്ടം സഹിച്ച് രോഗികള്‍ക്ക് നല്‍കേണ്ടിവരുകയും ചെയ്യുന്നു.

ഇറാന്‍ സംഘര്‍ഷം മരുന്നുകളുടെ ചെലവ് വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നതായി ഫാര്‍മസി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ധനവില, എയര്‍ ഫ്രെയ്റ്റ് ചെലവ്, മരുന്ന് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന പെട്രോളിയം അടിസ്ഥാന ഘടകങ്ങളുടെ ലഭ്യത എന്നിവയിലെ സമ്മര്‍ദ്ദം വിതരണച്ചെലവ് ഉയര്‍ത്തുന്നുവെന്നാണ് വിലയിരുത്തല്‍. ചില സാധാരണ മരുന്നുകളുടെ വില 20 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നതായി ഫാര്‍മസി മേഖല ചൂണ്ടിക്കാട്ടുന്നു.

ഇതോടെ ഫാര്‍മസികള്‍ രോഗികള്‍ക്ക് മരുന്നുകള്‍ സമയത്ത് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുണ്ടാകുന്നത്. ചില മരുന്നുകള്‍ സ്റ്റോക്കില്‍ ഉണ്ടെങ്കിലും ആവശ്യമായ അളവില്‍ ലഭ്യമാക്കുക പ്രയാസകരമാകുകയാണ്. വിലവര്‍ധന, ആഗോള വിതരണ തടസ്സം, എന്‍എച്ച്എസ് റീഇംബഴ്സ്മെന്റ് നിരക്കുകളിലെ സമ്മര്‍ദ്ദം എന്നിവ ചേര്‍ന്നാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. രോഗികള്‍ക്ക് മരുന്ന് ലഭ്യതയില്‍ തടസ്സം നേരിടുന്നുവെങ്കില്‍ സ്വമേധയാ മരുന്ന് നിര്‍ത്തുകയോ ഡോസ് മാറ്റുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം ഡോക്ടറെയോ ഫാര്‍മസിസ്റ്റിനെയോ സമീപിച്ച് പകരം മരുന്നോ സുരക്ഷിതമായ ചികിത്സാ മാര്‍ഗമോ തേടേണ്ടതാണെന്നാണ് നിര്‍ദ്ദേശം.

 
Other News in this category

 
 




 
Close Window