Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഉറക്കത്തിനിടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; യുകെ മലയാളി ദമ്പതികള്‍ക്ക് തീരാവേദന
reporter

ലണ്ടന്‍: യുകെയിലെ ലിറ്റില്‍ഹാംപ്ടണില്‍ ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും തൃശൂര്‍ മാള കുമ്പിടി കുടിലിങ്ങില്‍ റോസ് മേരിയുടെയും മകള്‍ ജെസീക്കയാണ് മരണമടഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ദാരുണസംഭവം. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ എമര്‍ജന്‍സി സേവനങ്ങളെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

മൂന്നാഴ്ച മുന്‍പ് ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജെസീക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നതായാണ് വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മേയ് ആറിനാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവലയത്തില്‍ നിറഞ്ഞുനിന്ന ജെസീക്കയുടെ വേര്‍പാട് കുടുംബത്തെയും യുകെയിലെ മലയാളി സമൂഹത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്. 2022-ലാണ് ജെസീക്കയുടെ മാതാപിതാക്കള്‍ യുകെയിലെത്തിയത്. ഇരുവരും ഒരേ കെയര്‍ ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു. യുകെയില്‍ ജനിച്ച പ്രിയ മകളുടെ ഓര്‍മകള്‍ നിറഞ്ഞ യുകെയുടെ മണ്ണില്‍ തന്നെയാകും സംസ്‌കാരം നടത്തുകയെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. സംസ്‌കാര തീയതി സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

 
Other News in this category

 
 




 
Close Window