തൃശൂര്‍: ബ്രിട്ടനില്‍ നിന്നെത്തി കേരളത്തെ സ്വന്തം നാടാക്കി മാറ്റിയ ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്നാണ് അവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
കേരളത്തിന്റെ കലയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2012ല്‍ രാജ്യം പെപിതയ്ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കിയിരുന്നു. ആനകളോടും പൂരങ്ങളോടുമുള്ള അതിയായ സ്‌നേഹമാണ് പെപിതയെ കേരളത്തിലേക്ക് സ്ഥിരമായി നയിച്ചത്. ഇന്ത്യന്‍ പൗരത്വം നേടാനുള്ള അവരുടെ ദീര്‍ഘകാല ആഗ്രഹം ഇങ്ങനെ സഫലമായി.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന മുത്തച്ഛന്റെ ഡയറിക്കുറിപ്പുകള്‍ വായിച്ചാണ് പെപിത 1970ല്‍ ആദ്യമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. അന്ന് 27 വയസായിരുന്നു. കേരളം ഇഷ്ടമായതോടെ അവര്‍ ഇവിടെ സ്ഥിരതാമസമാക്കി.
1981ല്‍ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടി. നിക്കോണ്‍ ക്യാമറയില്‍ അവര്‍ പകര്‍ത്തിയ ഗുരുവായൂര്‍ കേശവന്റെ മതപ്പാടില്‍ പനമ്പട്ടയും മണ്ണും വീശി എറിയുന്ന അപൂര്‍വ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് പെപിത എഴുതിയ Heaven on Earth എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. 'ഗാന്ധി' എന്ന സിനിമയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വേഷമിട്ട റോഷന്‍ സേത്തായിരുന്നു അവരുടെ ജീവിത പങ്കാളി. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു