ലണ്ടന്‍: ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ലിഡില്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് കമ്പനി ശമ്പളവര്‍ധനവ് നടപ്പാക്കുന്നത്. ഇതോടെ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി ലിഡില്‍ നിലനിര്‍ത്തി.
പുതുക്കിയ ശമ്പളനിരക്കുകള്‍ മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും. എന്‍ട്രി ലെവലില്‍ മണിക്കൂറില്‍ 13.45 പൗണ്ടായിരിക്കും പുതിയ ശമ്പളം. സേവനകാലത്തെ അടിസ്ഥാനമാക്കി ഇത് 14.45 പൗണ്ട് വരെ ഉയരും. 29 മില്യണ്‍ പൗണ്ട് വകയിരുത്തിയാണ് ഈ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.
ലണ്ടനില്‍ നിലവിലുള്ള മണിക്കൂറില്‍ 14.35 പൗണ്ടിന്റെ ശമ്പളം 14.80 പൗണ്ടായി ഉയരും. സേവനകാലത്തെ ആശ്രയിച്ച് ഇത് 15.30 പൗണ്ട് വരെ വര്‍ധിക്കാനും സാധ്യതയുണ്ട്.
ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി ആയിരത്തോളം സ്റ്റോറുകളുള്ള ലിഡില്‍ 35,000-ത്തിലധികം ജീവനക്കാരെയാണ് തൊഴില്‍ നല്‍കുന്നത്. 2023ന് ശേഷം ഏഴാം തവണയാണ് ശമ്പളവര്‍ധനവ് പ്രഖ്യാപിക്കുന്നത്.
അതോടൊപ്പം, പൂര്‍ണ്ണ ശമ്പളത്തോടെ ലഭിക്കുന്ന പിതൃത്വാവധി (paternity leave) രണ്ടാഴ്ചയില്‍ നിന്ന് നാല് ആഴ്ചയായി വര്‍ധിപ്പിച്ചതായും ലിഡില്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തിലധികം സേവനമുള്ളവര്‍ക്ക് ഇത് എട്ട് ആഴ്ചയായി ഉയരും.
21 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്കുള്ള ദേശീയ മിനിമം വേതനം 12.21 പൗണ്ടില്‍ നിന്ന് 12.71 പൗണ്ടായി ഉയര്‍ത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ലിഡിലിന്റെ പുതിയ ശമ്പള പ്രഖ്യാപനം. പുതുക്കിയ ദേശീയ മിനിമം വേതനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും