കൊച്ചി: കെന്റിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയിലും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ആശങ്കാജനകമായി. കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വളരെ കുറച്ച് പേരുമായാണ് ഇയാള്‍ ബന്ധപ്പെടുന്നതെന്നും, ഇവര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.
കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രിയിലാണ് പുതിയ കേസുകളുടെ ഉറവിടം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കെന്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
ബ്രോഡ്സ്റ്റെയേഴ്സ് ഡെയിന്‍ കോര്‍ട്ട് ഗ്രാമര്‍ സ്കൂള്‍, സിമോണ്‍ ലാംഗ്ടണ്‍ ഗ്രാമര്‍ സ്കൂള്‍, കാന്റര്‍ബറി അക്കാഡമി, ആഷ്ഫോര്‍ഡിലെ ഹിഗ്വര്‍ത്ത് ഗ്രാമര്‍ സ്കൂള്‍, നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്കൂള്‍ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. കെന്റില്‍ രോഗബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു.
രോഗവ്യാപനം അസാധാരണമായ രീതിയിലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഇതിനിടെ, വാക്സിന് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഫാര്‍മസികളില്‍ ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും 13 പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഈസ്റ്ററിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതോടെ രോഗം രാജ്യത്തുടനീളം പടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. 14 ദിവസത്തെ ഇന്‍കുബേഷന്‍ കാലയളവുള്ളതിനാല്‍ രോഗവ്യാപനത്തിന്റെ 'രണ്ടാം തരംഗം' ഉണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്