ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനത്തിനായി ലണ്ടനിലെത്തിയ കാഞ്ഞങ്ങാട് സ്വദേശിനി കീര്‍ത്തി രാജഗോപാലിന് ദാരുണാന്ത്യം. പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തി, ഈസ്റ്റര്‍ അവധിക്കിടെ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം. പോലീസ് നല്‍കിയ സൂചന പ്രകാരം യുവതിയെ അവസാനമായി കണ്ടത് E14 പോസ്റ്റ് കോഡ് ഏരിയയിലാണ്. തെംസ് നദിക്കരയോട് ചേര്‍ന്ന ലണ്ടന്റെ ഹൃദയഭാഗങ്ങളിലൊന്നാണ് ഈ സ്ഥലം. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. സഹോദരന്‍ വിനായകും. യുകെയിലെ ഔദ്യോഗിക സംവിധാനങ്ങള്‍ അവധിയിലായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുകെ മലയാളികളുടെ സജീവ ഇടപെടല്‍ ആവശ്യമാണ് എന്ന് നോര്‍ക അഭ്യര്‍ത്ഥിച്ചു. കുടുംബം താമസസ്ഥലവും ജോലി സ്ഥലവും വ്യക്തമാക്കി നോര്‍കയെ സമീപിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഈസ്റ്റര്‍ അവധിക്ക് പിന്നാലെ ബാങ്ക് ഹോളിഡേ ആയതിനാല്‍ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച മാത്രമേ എത്തൂ. അതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. തെംസ് നദിയിലെ വോള്‍വിച് ഭാഗത്തുനിന്നാണ് ബെക്സ്ലി സ്റ്റേഷന്‍ പോലീസ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം ഗ്രീന്‍വിച് പബ്ലിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലാബെത്ത് പ്രദേശത്തുള്ള ജിപി സര്‍ജറിയിലാണ് കീര്‍ത്തി ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തും വിവരം അഭ്യര്‍ത്ഥിച്ച് കുടുംബം സഹായം തേടിയിട്ടുണ്ട്. താമസിച്ചിരുന്ന പ്രദേശത്ത് മലയാളി കുടുംബങ്ങള്‍ കുറവായതിനാല്‍ നടപടിക്രമങ്ങളുടെ വേഗത കുറയാന്‍ സാധ്യതയുണ്ടെന്ന് സൂചന. നോര്‍താംപ്ടണ്‍ കൗണ്‍സില്‍ അംഗം ദിലീപ് കുമാര്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയാണ്. കീര്‍ത്തിയുടെ കൂടെ താമസിച്ചിരുന്ന യുവതിയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോര്‍ണര്‍ ഓഫീസിനു കത്തെഴുതിയിട്ടുണ്ട്.