Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
UK Special
  Add your Comment comment
നോര്‍ത്ത് അയര്‍ലന്‍ഡില്‍ ഭവനവില കുതിക്കുന്നു; ശരാശരി വില £1,98,015 ആയി
reporter

ബെല്‍ഫാസ്റ്റ്: യുകെയിലെ നോര്‍ത്ത് അയര്‍ലന്‍ഡില്‍ ഭവനവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നു. പുതിയ കണക്കുകള്‍ പ്രകാരം ഇവിടെ ശരാശരി വീടുവില £1,98,015 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 1.5 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.4 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നോര്‍ത്ത് അയര്‍ലന്‍ഡിലെ ഭവനവിപണിയില്‍ വില 22 ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 5,000ത്തിലധികം വീടുകള്‍ വിറ്റഴിക്കപ്പെട്ടെങ്കിലും, കഴിഞ്ഞ രണ്ട് പാദങ്ങളിലെ റെക്കോര്‍ഡ് വില്‍പ്പനയെ അപേക്ഷിച്ച് ഇത് കുറവാണ്. മുന്‍ പാദങ്ങളില്‍ യഥാക്രമം 6,263ഉം 6,721ഉം വീടുകളാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ പാദത്തില്‍ വിറ്റഴിക്കപ്പെട്ട വീടുകളില്‍ ഒന്‍പത് വീടുകള്‍ £1 മില്യണിലധികം വിലയ്ക്കാണ് കൈമാറിയത്. എന്നാല്‍ തൊട്ടുമുമ്പത്തെ പാദത്തില്‍ ഇത്തരം 21 ആഡംബര വീടുകള്‍ വിറ്റഴിഞ്ഞിരുന്നു.

നോര്‍ത്ത് അയര്‍ലന്‍ഡിലെ വിവിധ കൗണ്‍സില്‍ മേഖലകളില്‍ വ്യത്യസ്തമായ വിലവര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിസ്ബണ്‍ ആന്‍ഡ് കാസില്‍റെ മേഖലയില്‍ ശരാശരി വീടുവില £2,33,022 ആയി ഉയര്‍ന്ന് ഏറ്റവും മുന്നിലെത്തി. ആര്‍ഡ്സ് ആന്‍ഡ് നോര്‍ത്ത് ഡൗണില്‍ £2,25,552ഉം ന്യൂറി, മോണ്‍ ആന്‍ഡ് ഡൗണില്‍ £2,18,797ഉം ശരാശരി വിലയായി രേഖപ്പെടുത്തി. ന്യൂറി മേഖലയില്‍ മാത്രം 11.7 ശതമാനത്തിന്റെ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായത്. ഡെറി സിറ്റി ആന്‍ഡ് സ്ട്രാബെയ്ന്‍, മിഡ് അള്‍സ്റ്റര്‍ മേഖലകളില്‍ ഏകദേശം 10.2 ശതമാനം വീതം വിലവര്‍ധന രേഖപ്പെടുത്തി. കോസ്വേ കോസ്റ്റ് ആന്‍ഡ് ഗ്ലെന്‍സില്‍ ശരാശരി വില £2,08,235ഉം ആന്‍ട്രിം ആന്‍ഡ് ന്യൂടൗണ്‍അബ്ബെയില്‍ £2,01,134ഉം ആയി. ഫെര്‍മനാ ആന്‍ഡ് ഒമാ മേഖലയില്‍ വീടുകളുടെ ശരാശരി വില £1,92,900 ആയി ഉയര്‍ന്നപ്പോള്‍, അര്‍മാ സിറ്റി, ബാന്‍ബ്രിഡ്ജ് ആന്‍ഡ് ക്രെഗാവോന്‍ മേഖലയില്‍ ഇത് £1,84,745 ആയി. മിഡ് ആന്‍ഡ് ഈസ്റ്റ് ആന്‍ട്രിമിലാണ് ഏറ്റവും കുറഞ്ഞ ശരാശരി വില രേഖപ്പെടുത്തിയത്; ഇവിടെ വീടുവില £1,73,893 ആണ്. പ്രധാന നഗരമായ ബെല്‍ഫാസ്റ്റില്‍ 6.5 ശതമാനം വര്‍ധനവോടെ ശരാശരി വീടുവില £1,81,033 ആയി.

ആഗോള രാഷ്ട്രീയ അനിശ്ചിതത്വം, കുടിയേറ്റം മൂലം വീടുകളുടെ ആവശ്യകത വര്‍ധിച്ചത്, മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ മാറ്റങ്ങള്‍ എന്നിവയാണ് വിലവര്‍ധനവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് പലിശനിരക്കുകള്‍ ഉയര്‍ന്നതും നിരവധി വായ്പാ പദ്ധതികള്‍ ബാങ്കുകള്‍ പിന്‍വലിച്ചതും വിപണിയിലെ വില്‍പ്പനയെ ബാധിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്ത് രാജ്യാന്തര സാഹചര്യങ്ങളില്‍ ചെറിയ ശാന്തത കൈവന്നതോടെ പലിശനിരക്കുകളില്‍ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. എങ്കിലും യുദ്ധം മൂലമുള്ള പണപ്പെരുപ്പ സമ്മര്‍ദം വിലയിരുത്തിയശേഷം വരും മാസങ്ങളില്‍ പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടിവരുമെന്ന വിലയിരുത്തലും സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window