ലണ്ടന്‍: യുകെയിലെ ഭവനവിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അനിശ്ചിതത്വവും ഉയര്‍ന്ന പലിശനിരക്കുകളും കാരണം വീട് വാങ്ങാന്‍ ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തില്‍, വീടുകള്‍ വിറ്റഴിക്കാന്‍ ഉടമകള്‍ വന്‍തോതില്‍ വില കുറയ്ക്കാന്‍ തയ്യാറാകുന്നതായാണ് പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് സ്ഥാപനമായ Rightmove വ്യക്തമാക്കുന്നത്. വീട് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്യുമ്പോള്‍ അമിത ആത്മവിശ്വാസത്തോടെ ഉയര്‍ന്ന വില നിശ്ചയിക്കുന്നതാണ് വില്‍പ്പന വൈകാന്‍ കാരണമാകുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ആവശ്യപ്പെട്ട വിലയില്‍നിന്ന് ശരാശരി 32 ശതമാനം വരെ കുറച്ച് നല്‍കിയാണ് പലരും വില്‍പ്പന പൂര്‍ത്തിയാക്കുന്നത്.
വിപണിയില്‍ വീടുകളുടെ ലഭ്യതയും വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ എണ്ണവും തമ്മിലുള്ള അസന്തുലിതാവസ്ഥ 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഭവനവിപണി കൂടുതല്‍ മത്സരാത്മകമായി മാറിയിരിക്കുകയാണ്. വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ ലഭിക്കുന്ന സാഹചര്യവുമാണിപ്പോള്‍. ഇതിനിടെ, വില്‍പ്പനയ്ക്ക് പുതുതായി ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ ശരാശരി വില കഴിഞ്ഞ മാസം മാത്രം 4,333 പൗണ്ട് ഉയര്‍ന്ന് 3,78,304 പൗണ്ടിലെത്തി. എന്നാല്‍ വില്‍പ്പന ഉറപ്പാകുന്ന നിരക്കില്‍ നാല് ശതമാനത്തിന്റെ ഇടിവുണ്ടായതായും റൈറ്റ്മൂവ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വില കുറച്ച് വീണ്ടും ലിസ്റ്റ് ചെയ്യുന്ന വീടുകള്‍ വിറ്റഴിക്കാന്‍, തുടക്കത്തില്‍ തന്നെ കൃത്യമായ വില നിശ്ചയിച്ച വീടുകളെ അപേക്ഷിച്ച് ശരാശരി 91 ദിവസം അധികം വേണ്ടിവരുന്നതായും റൈറ്റ്മൂവിന്റെ പഠനം വ്യക്തമാക്കുന്നു.