ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി. യുകെയിലെ ഹാംഷെയറില്‍ ജനറല്‍ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹന്‍ ബാബുവിനെയാണ് യുകെയിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കിയത്. ഹാംഷെയറിലെ ഹാവന്റില്‍ താല്‍ക്കാലിക ഡോക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് മോഹന്‍ ബാബു രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് കണ്ടെത്തിയത്. 2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ശാരീരികമായും മാനസികമായും ദുര്‍ബലാവസ്ഥയിലായിരുന്ന വനിതാ രോഗികളെയാണ് ഇയാള്‍ മനഃപൂര്‍വ്വം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചിരുന്നു. മൂന്ന് വനിതാ രോഗികളെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതി 2024 ഏപ്രിലില്‍ മോഹന്‍ ബാബുവിന് മൂന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്. കോടതി വിചാരണയ്ക്കിടെ ഇരകളായ സ്ത്രീകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ കോടതിയെ പോലും ഞെട്ടിച്ചിരുന്നു. പീഡനത്തിനിരയായ ഒരു രോഗി പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ചു. സംഭവങ്ങള്‍ തന്റെ ജീവിതം തകര്‍ത്തുകളഞ്ഞുവെന്ന് ഒരു അതിജീവിതയും, അതിക്രമത്തിന് ശേഷം താന്‍ കടുത്ത വിഷാദരോഗത്തിലേക്ക് വീണുപോയതായി മറ്റൊരു അതിജീവിതയും മൊഴി നല്‍കി.
രോഗികളെ സഹായിക്കുകയാണെന്ന വ്യാജേനയാണ് മോഹന്‍ ബാബു അതിക്രമങ്ങള്‍ നടത്തിയതെന്ന് കണ്ടെത്തി. പരിശോധനാമുറിയില്‍ വച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്. ജയിലില്‍ കഴിയുന്ന മോഹന്‍ ബാബു എംപിടിഎസ് ട്രിബ്യൂണല്‍ വിചാരണയില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഇനി ഒരിക്കലും യുകെയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ യോഗ്യതയില്ലെന്ന് ട്രിബ്യൂണല്‍ വിധിച്ചു. ഡോ. മോഹന്‍ ബാബുവിന്റെ പ്രവൃത്തികള്‍ ആസൂത്രിതവും ആവര്‍ത്തിച്ചുള്ളതുമായ ലൈംഗിക ചൂഷണമാണെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് നടത്തിയ ഈ പെരുമാറ്റം ഒരു ഡോക്ടര്‍ക്ക് ഒരിക്കലും യോജിച്ചതല്ലെന്നും, രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ഒരു മെഡിക്കല്‍ കോളജില്‍ നിന്ന് 2000ലാണ് മോഹന്‍ ബാബു എംബിബിഎസ് ബിരുദം നേടിയത്. തുടര്‍ന്ന് ഇന്ത്യയില്‍ കുറച്ചുകാലം കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്ത ശേഷം 2006ല്‍ ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് കുടിയേറുകയായിരുന്നു.