ലണ്ടന്‍: കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ മലയാളി ബൈജു തിട്ടാലയ്ക്ക് അപൂര്‍വ ആദരം. കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ അദ്ദേഹത്തെ 'ഹോണററി കൗണ്‍സിലര്‍' പദവി നല്കി ആദരിച്ചു. കൗണ്‍സിലര്‍ എന്ന നിലയില്‍ ദീര്‍ഘകാലം മികച്ച സേവനം അനുഷ്ഠിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് നഗരസഭ നല്കുന്ന പരമോന്നത ബഹുമതികളിലൊന്നാണിത്. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ച മുന്‍ കൗണ്‍സിലര്‍മാര്‍ക്കോ, അല്ലെങ്കില്‍ മേയറായി സേവനം ചെയ്തിട്ടുള്ളവരാണെങ്കില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കോ സാധാരണയായി ഈ പദവിക്ക് അര്‍ഹത ലഭിക്കും. കൗണ്‍സിലര്‍മാരുടെ അപേക്ഷയോ നിലവിലെ കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശമോ പരിഗണിച്ച് സിവിക് അഫയേഴ്സ് കമ്മിറ്റിയാണ് ആദ്യം പേരുകള്‍ തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ മാത്രമേ പദവി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടൂ.
എന്നാല്‍ ബൈജു തിട്ടാലയെ ഈ പദവിയിലേക്ക് ഐകകണ്ഠമായാണ് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ദീര്‍ഘകാല ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും കേംബ്രിഡ്ജ് നഗരത്തിന് നല്കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണ് കൗണ്‍സില്‍ ഈ ബഹുമതി സമ്മാനിച്ചത്. ഹോണററി കൗണ്‍സിലര്‍ പദവി ലഭിക്കുന്നവര്‍ക്ക് കൗണ്‍സില്‍ ചില പ്രത്യേക അവകാശങ്ങളും പ്രിവിലേജുകളും നല്കുന്നു. നിലവിലെ കൗണ്‍സിലര്‍മാരോടൊപ്പം നഗരത്തിലെ പ്രധാന ഔദ്യോഗിക, സിവിക് ചടങ്ങുകളില്‍ അതിഥികളായി പങ്കെടുക്കാനുള്ള ക്ഷണം ഇവര്‍ക്കു ലഭിക്കും. കൂടാതെ കൗണ്‍സില്‍ യോഗങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും സംവരണം ചെയ്തിരിക്കും. ഹോണററി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ഭാവിയില്‍ വീണ്ടും കൗണ്‍സിലിലേക്ക് മത്സരിച്ച് വിജയിക്കുകയാണെങ്കില്‍, കൗണ്‍സിലില്‍ തുടരുന്ന കാലയളവില്‍ ഈ ഹോണററി പദവി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെടും. കേംബ്രിഡ്ജ് നഗരത്തിന്റെ മേയറായ ആദ്യ മലയാളി എന്ന ചരിത്രനേട്ടത്തിന് പിന്നാലെ ബൈജു തിട്ടാലയെ തേടിയെത്തിയ ഈ പുതിയ അംഗീകാരം യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.