ലണ്ടന്‍: യുകെയില്‍ ഒരേസമയം മേയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജരായ അമ്മയും മകനും ചരിത്രനേട്ടം സ്വന്തമാക്കി. ഹരിയാനയിലെ റോഹ്തക്കില്‍നിന്ന് 2013ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയ പര്‍വീണ്‍ റാണിയും മകന്‍ തുഷാര്‍ കുമാറുമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 23 വയസുകാരനായ തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി ചുമതലയേറ്റതോടെ, ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ മേയര്‍ എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ഇതിന് പിന്നാലെ അടുത്ത ആഴ്ച തന്നെ തുഷാറിന്റെ മാതാവ് പര്‍വീണ്‍ റാണി ഹെര്‍ട്‌സ്മിയര്‍ ബറോ കൗണ്‍സിലിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഹെര്‍ട്‌സ്മിയറിലെ പ്രഥമ ഇന്ത്യന്‍ വംശജയായ മേയറെന്ന ബഹുമതിയും അവര്‍ക്കാണ്. ഇരുവരും 2023ലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മേയറാകുന്നതിന് മുമ്പ് പര്‍വീണ്‍ റാണി ഹെര്‍ട്‌സ്മിയറിലെ ഡെപ്യൂട്ടി മേയറായും കാബിനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിരുന്നു. ലണ്ടനിലെ കിങ്സ് കോളജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിയ തുഷാര്‍, 20-ാം വയസ്സിലാണ് ആദ്യമായി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
2023ല്‍ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ തുഷാര്‍, പിന്നീട് ഡെപ്യൂട്ടി മേയറായും പ്രവര്‍ത്തിച്ചു. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും തുഷാറും അമ്മയും സൗജന്യമായി ഹിന്ദി പഠിപ്പിക്കുന്നതും ശ്രദ്ധേയമാണ്. 'ഹിന്ദി ശിക്ഷാ പരിഷത്ത്' എന്ന സംഘടനയുമായും തുഷാറിന് ബന്ധമുണ്ട്. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഖാര്‍ഖോദയ്ക്കടുത്തുള്ള റോഹ്ന ഗ്രാമമാണ് ഇവരുടെ പൂര്‍വികസ്ഥലം. യുകെയിലേക്ക് കുടിയേറുന്നതിന് മുമ്പ് ഇവര്‍ ദീര്‍ഘകാലം റോഹ്തക്കിലായിരുന്നു താമസം. തുഷാറിന് 10 വയസ്സുള്ളപ്പോള്‍, 2013ല്‍ പിതാവ് സുനില്‍ ദഹിയ ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം യുകെയിലേക്ക് കുടിയേറുകയായിരുന്നു. മെയ് 13ന് തുഷാര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതായും മെയ് 20ന് പര്‍വീണ്‍ റാണി മേയറായതായും തുഷാറിന്റെ പിതാവ് സുനില്‍ ദഹിയ അറിയിച്ചു. ഇന്ത്യന്‍ വംശജരായ അമ്മയും മകനും ഒരേ സമയം യുകെയില്‍ മേയര്‍ പദവിയിലെത്തിയത് ഇന്ത്യന്‍ സമൂഹത്തിനും പ്രവാസി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.