Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മനസുകളില്‍ സമാധാനത്തിന്റെ നക്ഷത്രങ്ങള്‍ വിടരട്ടെ
Editor
നനുത്ത മഞ്ഞിന്റെ കുളിര്‍സ്പര്‍ശവുമായി വീണ്ടുമൊരു ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ ലോകം ഒരുങ്ങുന്നു. മാനവരക്ഷയ്ക്കായി ദൈവപുത്രന്‍ മനുഷ്യനായി ജനിച്ച സുദിനം. ഓരോ തലമുറയും ഈ ദിവസത്തിന്റെ സന്തോഷവും ചൈതന്യവും മാറ്റമില്ലാതെ കൈമാറിപ്പോരുന്നു. വര്‍ഷത്തിലൊരിക്കല്‍ കുടുംബങ്ങളൊന്നായി, അയല്‍ക്കാര്‍ ഒരുമയോടെ, നാട്ടുകാര്‍ കൂട്ടത്തോടെ ഇങ്ങനെ വിശേഷ ദിവസം ആഘോഷിക്കുമ്പോള്‍ സ്വയം ചോദിക്കേണ്ടുന്ന ഒരു സംശയം. ഈ ഐക്യവും കൂട്ടായ്മയും എന്തുകൊണ്ട് അല്‍പ്പപ്രാണനായിപ്പോകുന്നു? അയല്‍ക്കാരനെയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കണമെന്നു പറഞ്ഞു തന്നത് ആണ്ടറുതിയിലെ ഒരു ദിവസം ആഘോഷമാക്കിയാല്‍ മതിയോ? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.

ലോകം ഏറ്റവും കാഠിന്യമേറിയ ദശകങ്ങളിലൂടെയാണു കടന്നുപോകുന്നത്. പ്രകൃതിയുടെ അടിത്തറയില്‍ കാതലായ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡിസംബറിന്റെ പിറവിയില്‍ ബ്രിട്ടന്‍ തണുത്തു വെറുങ്ങലിച്ചത്. 1945നു ശേഷം ഈ നാട് നേരിടുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ച. അന്റാര്‍ട്ടിക്കയില്‍ നിന്ന് ട്രക്കുകളില്‍ കയറ്റി ബ്രിട്ടനില്‍ കൊണ്ടുവന്നു ചൊരിഞ്ഞതല്ല ഈ ഹിമക്കട്ടകള്‍. പ്രപഞ്ചത്തിന്റെ ഓരോ കോണുകളില്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തതിന്റെ ഫലങ്ങളിലൊന്നാണ് ഇത്. ഓസോണ്‍, വനങ്ങള്‍, ജലാശയങ്ങള്‍, വായു, സൂര്യന്‍... സംരക്ഷിക്കപ്പെടേണ്ടിടത്തെല്ലാം ആര്‍ത്തിപിടിച്ച കച്ചവടക്കണ്ണുകള്‍ പരതിയതിന്റെ പരിണിത ഫലം.

ഭീകരവാദം - ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അഴിമതി - സമൂഹത്തെ ഇരുളിലാക്കുന്ന കറ. പ്രകൃതീചൂഷണം - മാനവരാശിയുടെ വിപത്ത്. ക്രിസ്മസ് ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെ അല്‍പ്പനേരം ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയങ്ങളെല്ലാം ഒരാള്‍ വിചാരിച്ചാല്‍ സമൂഹം നന്നാകില്ലെന്ന വിധിയെഴുത്താണ് ഇപ്പറഞ്ഞതിന്റെയെല്ലാം പ്രോത്സാഹനം. ഓരോരുത്തരും വിചാരിച്ചാല്‍ ഇതെല്ലാം നടപ്പാകില്ലേ? എല്ലാവരുടേയും ജോലിയാണെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഇത് ആരുടെയും ജോലിയല്ല എന്നാണ്. ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നു തിരിച്ചറിഞ്ഞാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം മറുപടിയുമായി.

ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്. രണ്ടേ കാല്‍ കോടിയിലേറെ കേരളീയര്‍ ഭൂമിയില്‍ പലയിടങ്ങളിലായി ജീവിക്കുന്നു. ക്രിസ്മസിന്റെ ചൂടിലും കുളിരിലും മലയാള നാടിന്റെ ഓര്‍മകള്‍ അയവിറക്കുന്നവരാണ് അവരെല്ലാം. ഇവിടെ, ബ്രിട്ടന്റെ മണ്ണില്‍ ഓരോ വര്‍ഷവും തിരുപ്പിറവിയാഘോഷം ഗംഭീരമായി സംഘടിപ്പിക്കാറുണ്ട്. ഒരു ദിവസത്തെ ആഘോഷത്തിന്റെ ഒരുമ മാതൃകാപരം തന്നെ. വീണ്ടും തൊഴിലിലേക്ക്, ബിസിനസിലേക്ക്, ജീവിതത്തിന്റെ ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ എത്രമാത്രം തുറന്നിടാറുണ്ട് മനസിന്റെ വാതില്‍? ഈ സുദിനത്തിന്റെ പുണ്യവും മഹിമയും ജീവിതത്തിന്റെ ഓരോഘട്ടങ്ങളില്‍ എത്രമാത്രം പ്രാവര്‍ത്തികമാക്കാറുണ്ട് ?

യാത്രയുടെ ഇടവേളയിലോ, മറ്റേതെങ്കിലും വിശ്രമസമയത്തോ ഒരു നിമിഷം ഇതേക്കുറിച്ചു ചിന്തിച്ചാല്‍ ലോകത്തെ അശാന്തികള്‍ക്കു പരിഹാരമാകും. കാലുഷ്യങ്ങള്‍ക്കു സമാധാനം കൈവരും. ക്രിസ്മസ് ദിവസത്തില്‍ നിന്ന് അഞ്ചു ദിവസങ്ങളേയുള്ളൂ പുതുവത്സര ദിനത്തിലേക്ക്. ആകാശംപോലെ വിടര്‍ന്ന മനസുമായി ഇത്തവണത്തെ ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാം. മനുഷ്യകുലത്തിന്റെ ആഹ്ലാദവും സമാധാനവും നോക്കിക്കണ്ട് വിണ്ണിലിരുന്നു സന്തോഷിക്കട്ടെ, നമ്മെ രക്ഷിക്കാനായി പിറവിയെടുത്ത ദൈവപുത്രനും മാലാഖമാരും.
 
Other News in this category

 
 




 
Close Window