Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
01 -01 - 2011 പ്രതീക്ഷകളും ചില പ്രസവക്കേസുകളും
Editor
ശുഭപ്രതീക്ഷയുടെ ഒരു പുതുവര്‍ഷത്തിലേക്ക് ലോകം മിഴി തുറക്കുന്നു. സന്തോഷത്തിന്റെ പ്രഭാതങ്ങളാകട്ടെ വരും ദിനങ്ങളിലേത്. ഒരു വര്‍ഷം എത്ര പെട്ടെന്നാണു കടന്നു പോയതെന്ന ചിന്ത മനുഷ്യസഹജം. ഇന്നലെ ബംഗളൂരുവില്‍ നിന്നു പുറത്തു വന്ന ഒരു വാര്‍ത്ത ഈ ചിന്തയിലെ കൗതുകം വര്‍ധിപ്പിക്കുന്നു. ഗര്‍ഭിണികളെല്ലാം ഒന്നാം തീയതി പ്രവസവിക്കണമെന്നു വാശി പിടിക്കുകയാണത്രെ. കേരളത്തിലെ സ്ഥിതിയെന്തെന്ന് അറിയാന്‍ നാട്ടിലെ കുറേ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ഫോണ്‍ ചെയ്തു. പുതുവര്‍ഷാരംഭത്തിലെ പ്രസവത്തിനുള്ള കൊതിയില്‍ ഒട്ടും പുറകിലല്ല മലയാളികളും. സിസേറിയന്‍ തീരുമാനിച്ചവരെല്ലാം ഓപ്പറേഷന്‍ ഒന്നാം തീയതിയാക്കാന്‍ ഡോക്റ്റര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നു !
01 - 01 - 2011 ന് പ്രസവിച്ചതുകൊണ്ടു പ്രത്യേകിച്ചു സമ്മാനമൊന്നും കിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മകന്‍ അല്ലെങ്കില്‍ മകള്‍ ജനിച്ചത് രണ്ടായിരത്തിപ്പതിനൊന്ന്, ഒന്നാം മാസം, ഒന്നാം തീയതിയാണെന്ന് വീമ്പു പറയാം. ഇവിടെയും തീരുന്നില്ല. രാവിലെ പതിനൊന്നു മണിക്കുതന്നെ പ്രസവിക്കണമെന്നാണ് കുറച്ചു പേരുടെ ആഗ്രഹം. അവരത് ഡോക്റ്റര്‍മാരോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ മുപ്പത്തൊന്നിനു രാത്രി ഒരു മണി, ഒന്നാം തീയതി രാവിലെ 11 മണി, ഉച്ചയ്ക്ക് ഒരു മണി, രാത്രി പതിനൊന്നു മണി. ഇത്രയുമാണ് ഗര്‍ഭിണികളും ഭര്‍ത്താക്കന്മാരും പ്രസവസമയമായി ഡോക്റ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മലയാളികള്‍ മോശക്കാരല്ലെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഈ അതിബുദ്ധിയില്‍ വലയുന്നതു ഡോക്റ്റര്‍മാരാണ്. കേരളത്തിലെ മിക്കവാറും ആശുപത്രികളിലുള്ളത് ഒരു ലേബര്‍ റൂം. ഓപ്പറേഷന്‍ തിയെറ്ററുകളില്‍ ഒരേസമയം രണ്ടിലധികം ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യവുമില്ല. വാര്‍ഡിലുള്ള പത്തോളം പേര്‍ ഒരേ സമയം വയറുകീറി കുട്ടിയെ പുറത്തെടുക്കണമെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ആരെയും നിരാശപ്പെടുത്തുന്നില്ല ഭിഷഗ്വരന്മാര്‍. നാളെ രാവിലെ മുതല്‍ 'ഓപ്പറേഷന്‍ ജനുവരി ഫസ്റ്റ് ' ആരംഭിക്കുകയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിയമവിരുദ്ധമായതുകൊണ്ട് ആരും അതിനു മുതിര്‍ന്നില്ലെന്നത് ആശ്വാസകരം.
സ്വപ്‌നങ്ങള്‍ നല്ലതു തന്നെ. നാളെയെക്കുറിച്ചുള്ള വിചാരമില്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമില്ലാതാകുമെന്നതും നേര്. പക്ഷേ, അതിന് തീയതികളുടെ അളവുകോലിടുന്നതു യുക്തിരഹിതം തന്നെ. സ്വാഭാവികമായ പ്രവസമാണെങ്കില്‍, ഇതാണു കുഞ്ഞിന്റെ നിയോഗമെന്നു സമാധാനിക്കാം. കലണ്ടറിലെ പന്ത്രണ്ടുമാസങ്ങള്‍ കഴിയുന്ന ആഘോഷസഹിതമായ ഒരു ദിനത്തിലെ പൊലിവിന്റെ ഭാഗമാക്കണോ പ്രസവം? കുഞ്ഞ്, കുടുംബം, ജീവിതരീതികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തിപരമാണെന്നതു വാസ്തവം. എന്നാല്‍, പുതുവര്‍ഷപ്പിറവിയുടെ ആഘോഷമാക്കി കുഞ്ഞിന്റെ പിറവിയെ മാറ്റുന്നതില്‍ യുക്തിയുണ്ടെന്നു തോന്നുന്നില്ല. വീട്ടില്‍ പുതിയൊരാള്‍ വരുന്നുവെന്നത് അത്യധികം ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്, തര്‍ക്കമില്ല. ഈ ശുഭമുഹൂര്‍ത്തത്തിന് മനസില്‍ ഉത്സവമുണ്ടാക്കാനുള്ള ചാരുതയുണ്ടെന്നതും ശരി. ഗര്‍ഭാവസ്ഥയില്‍ അസാധാരണമായ എന്തെങ്കിലുമുള്ളതുകൊണ്ടാണ് ഡോക്റ്റര്‍മാര്‍ സിസേറിയന്‍ നിശ്ചയിച്ചത്. ഓരോ ഓപ്പറേഷനിലും അനിശ്ചിതമായ ഒരു റിസ്‌കുണ്ട്. അതിന്റെ വേദന ഡോക്റ്റര്‍മാര്‍ക്കു മാത്രമേ അറിയൂ. ഇങ്ങനെയൊരു യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് മണിക്കൂറിന്റെയും മിനിറ്റിന്റെയും കണക്കു നോക്കി പ്രസവസമയം ചിട്ടപ്പെടുത്തുന്നത്.
തെറ്റിന്റെയും ശരിയുടെയും വിശകലനങ്ങളില്ല ഈ വിഷയത്തില്‍. യുക്തികൊണ്ടുള്ള ആലോചന മാത്രമേ ആവശ്യമുള്ളൂ. 2010 ജനുവരി ഒന്നു കഴിഞ്ഞപ്പോള്‍, ഒരു കലണ്ടര്‍ ചുമരില്‍ നിന്നു മാറി എന്നതിനപ്പുറം എന്തെങ്കിലും മാറ്റം ജീവിതത്തിലുണ്ടായോ എന്ന് ചിന്തിച്ചാല്‍ ഇതിനുള്ള മറുപടിയായി. നേരത്തെ പറഞ്ഞതുപോലെ, ഇത്തരം തീരുമാനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതില്‍ യുക്തിയുടെ അംശമുണ്ടാകണമെന്ന് ഉപദേശിക്കുന്നതില്‍ പിഴവുണ്ടാകാന്‍ വഴിയില്ല. ഒരു മനുഷ്യജീവന് ഭൂമിയിലേക്കു പ്രവേശിക്കാനുള്ള സമയം പരമകാരുണികനായ സ്രഷ്ടാവിനു വിട്ടുകൊടുക്കാം, അതല്ലേ അതിന്റെ ശരി.
 
Other News in this category

 
 




 
Close Window