Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
സിനിമകള്‍ കണ്ടിരുന്ന ജൂറിക്ക് അവാര്‍ഡ് നല്‍കണം
reporter

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ ത്തുടര്‍ന്നുണ്ടാകാറുള്ള വൃത്തികെട്ട വിവാദങ്ങളും ചേരിപ്പോരുകളും ചെളിവാരിയെറിയലും ഇത്തവണ സോഷ്യല്‍ മീഡിയകളിലാണ് സജീവമായത്. അവാര്‍ഡിന് അര്‍ഹത നേടിയ കഥാപാത്രങ്ങള്‍ക്ക് അഭിനയപ്രാധാന്യമില്ലെന്നാണ് ഓണ്‍ലൈന്‍ വിമര്‍ശകരുടെ വാദം. മികച്ച കഥാപാത്രങ്ങളെ മാറ്റി നിര്‍ത്തി അവാര്‍ഡ് നിര്‍ണയം നടത്തിയെന്ന വിമര്‍ശനങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ തുടരുന്നു. ആം ചെയര്‍ ആക്റ്റിവിസ്റ്റുകളുടെ രോഷപ്രകടനത്തെ മാനിച്ചുകൊണ്ടു തന്നെ ഒരു കാര്യം പറയാം, ഇത്തവണ അവാര്‍ഡ് നിര്‍ണയത്തില്‍ മുമ്പത്തേതു പോലെ ചെളിവാരിയേറ് ഉണ്ടായില്ല. അവാര്‍ഡ് പരിഗണനയ്ക്കായി എത്തിയ എഴുപതു ചിത്രങ്ങളില്‍ എഴുപത്തിയഞ്ചു ശതമാനവും യാതൊരു നിലവാരവുമില്ലാത്തവയായിരുന്നുവെന്ന ജൂറിയുടെ നിരീക്ഷണം മലയാള സിനിമ ഇന്ന് ചെന്നുപെട്ടിരിക്കുന്ന പതനത്തിന്റെ ആഴം വ്യക്തമാക്കുന്നു. അസാധാരണ ക്ഷമയോടെ ഈ ചിത്രങ്ങള്‍ മുഴുവന്‍ കണ്ട് അവാര്‍ഡിനര്‍ഹമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ജൂറിയെ പ്രശംസിക്കാതെ വയ്യ. അവാര്‍ഡ് നിശ്ചയിക്കുന്നതിന് എല്ലാ ചിത്രങ്ങളും ജൂറി കണ്ടുവെന്നത് അഭിനന്ദനീയമാണെങ്കിലും അതു ശ്രമകരമായ വലിയൊരു ദൗത്യമായി. നരക തുല്യമായ പീഡനം എന്നു ജോണ്‍ പോള്‍ വിശേഷിപ്പിച്ചതു വെറുതെയല്ല. കഴിഞ്ഞവര്‍ഷം ജൂറി അംഗങ്ങള്‍ പല ചിത്രങ്ങളും കാണാതിരുന്നതു കടുത്ത പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തിന്റെ ശോഭ കെടുത്തിയ വിവാദമായിരുന്നു അത്. അതിനാല്‍ ഇത്തവണ ജൂറിയംഗങ്ങള്‍ ഒരുമിച്ചിരുന്ന് 73 ചിത്രങ്ങളും കണ്ടു. ഒരു ദിവസം പതിനഞ്ചു സിനിമകള്‍ വരെ കാണേണ്ടിവരുന്നതു ഗുണകരമാവില്ല, തീര്‍ച്ച. അടുത്ത വര്‍ഷം മുതല്‍ ഓരോ മാസവും പ്രാഥമിക സ്‌ക്രീനിങ് നടത്തി നിലവാരമുള്ളതു മാത്രം അന്തിമ സ്‌ക്രീനിങ്ങിനു ശുപാര്‍ശ ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം അതുകൊണ്ടു തന്നെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മലയാള സിനിമയിലെന്നതു പോലെ സിനിമാ അവാര്‍ഡിലും നവതരംഗം സൃഷ്ടിച്ചുവെന്നതാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ ശ്രദ്ധേയമാക്കുന്നത്. സിനിമാ അവാര്‍ഡ് പ്രഖ്യാപനം വിവാദങ്ങളില്‍നിന്നു രക്ഷപെടാറില്ലെങ്കിലും യുക്തിയെ ചോദ്യം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഏറെയൊന്നും ഇത്തവണ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. വാണിജ്യ സിനിമകള്‍ക്കും സമാന്തര സിനിമകള്‍ക്കും ഇടയിലൊരു പാലം തീര്‍ത്തുവെന്നതും പ്രത്യേകതയായി എടുത്തു പറയാം. മലയാള സിനിമയിലെ ശക്തമായ അടിയൊഴുക്കുകള്‍ നിരീക്ഷിക്കാനും അവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കാനും ജൂറിക്കു സാധിച്ചിരിക്കുന്നു. ഇരു വിഭാഗങ്ങളിലെയും പുത്തന്‍ പ്രവണതകള്‍ക്കു കേരള ജനത നല്‍കുന്ന കരഘോഷം അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. കാലത്തിന്റെ മാറ്റത്തിനൊപ്പം സിനിമയും വളരുകയാണ്. മാറ്റങ്ങളോട് മുഖം തിരിച്ചുനിന്നാല്‍ കാണാന്‍ ആളുണ്ടാവില്ല എന്നതിന് ആഴ്ചതോറും ഇറങ്ങുന്ന ചിത്രങ്ങളില്‍ പലതും സാക്ഷികളാണ്. മുന്‍ വര്‍ഷം ഇറങ്ങിയ നൂറ്റിഅന്‍പതോളം മലയാള ചിത്രങ്ങളില്‍ എത്രയെണ്ണം വിജയം നേടി എന്നു നോക്കിയാലറിയാം മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ദുര്‍ഗ്ഗതി. ആദിമദ്ധ്യാന്തങ്ങളെ കഥയോ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമോ കോടികളുടെ മുടക്കുമുതലോ ഒന്നും കൂടാതെതന്നെ കലാമൂല്യവും സൗന്ദര്യവുമുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷക ലക്ഷങ്ങളെ കൈയിലെടുക്കാന്‍ കഴിയുമെന്നതിന് ഇപ്പോഴത്തെ അവാര്‍ഡ് ചിത്രങ്ങള്‍ തന്നെ തെളിവാണ്.

 
Other News in this category

 
 




 
Close Window