Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
പ്രവാസികളോടുള്ള 'ചിറ്റമ്മനയം' അവസാനിപ്പിക്കണം
editor
പ്രവാസികളോട് ഇന്ത്യ ഗവണ്‍മെന്റ്, വിശേഷിച്ചും കേരളത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ ഉദ്ദേശ്യം മനസിലാകുന്നില്ല. വര്‍ഷങ്ങള്‍ പിന്നിടുന്തോറും ഇന്ത്യയിലേക്ക് പ്രവാസി മലയാളികള്‍ അയയ്ക്കുന്ന പണക്കെട്ടുകളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിക്കുന്നുണ്ട്. എന്നിട്ടും, പൗരന്മാരുടെ അവകാശമായ വോട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമില്ല. പണം അയച്ചോളൂ, നമ്മളുടെ നാട് രക്ഷപെടട്ടെ... വോട്ടിന്റെ കാര്യമൊക്കെ പിന്നെ നോക്കാം എന്ന നയം വാസ്തവത്തില്‍ ഓരോ പ്രവാസിയെയും അപഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്നതല്ലേ...? വിദേശത്തേയ്ക്ക് കുടിയേറുന്ന മലയാളികളെ കറവപ്പശുക്കളായി കാണുന്നതാണ് ഇത്രയും കാലം ഇന്ത്യയിലെ വിവിധ ഭരണകൂടങ്ങളുടെ രീതി. നരേന്ദ്രമോഡി അധികാരത്തിലേറിയാല്‍ പ്രവാസികളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെല്ലാം കരുതിയത്. ഇപ്പോഴത്തെ നടപടികള്‍ വച്ചു നോക്കിയാല്‍ അതും വെറുമൊരു പ്രതീക്ഷയായി അവസാനിക്കാനാണു സാധ്യത. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി കേരളത്തിലെ ഭരണാധികാരികളുടെ മുന്നിലേക്ക് ചെറിയൊരു കണക്ക് ഓര്‍മപ്പെടുത്തേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ ബന്ധുക്കളുടെ വോട്ട് ആവശ്യമുള്ള രാഷ്ട്രീയക്കാര്‍ അതിനുവേണ്ടിയെങ്കിലും ഈ കണക്ക് ശ്രദ്ധിക്കുക.
വിദേശ മലയാളികള്‍ കേരളത്തിലേക്ക് ഒരു വര്‍ഷം അയയ്ക്കുന്ന തുക ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. സംസ്ഥാനതല ബാങ്കിങ് സമിതിയുടെ കണക്കുകള്‍ പ്രകാരം 1.09 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിദേശമലയാളികള്‍ കേരളത്തിലേക്ക് അയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 % വര്‍ധന. വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ഏറ്റവും കൂടുതല്‍ തുകയെത്തിയത് യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ മലയാളികള്‍ താരതമ്യേന കുറവാണെങ്കിലും അവിടെ നിന്നെത്തുന്ന പണത്തിനും കുറവില്ല.
സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപത്തില്‍ പ്രവാസി നിക്ഷേപം 40 ശതമാനത്തോളമായെന്നാണു സൂചന. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ 16 ലക്ഷമാണ്. ഓരോ പ്രവാസിയും ഒരുവര്‍ഷം കേരളത്തിലേക്ക് അയയ്ക്കുന്ന ശരാശരി തുക ആറരലക്ഷം രൂപ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്ന സംസ്ഥാനമാണു കേരളം. വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്ന ആകെ തുക ഏഴു ലക്ഷം കോടിയാണെന്നാണു കണക്ക്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ ഏഴിലൊന്നും കേരളത്തിലേക്കാണ് ഒഴുകുന്നത്. വിദേശമലയാളികളെ ആശ്രയിച്ച് 50 ലക്ഷം പേര്‍ കേരളത്തില്‍ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 93,700 കോടിയായിരുന്നു പ്രവാസികളില്‍ നിന്നുള്ള നിക്ഷേപം. ഒരു വര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെ വര്‍ധന. രൂപയുടെ മൂല്യം കൂടുകയും വിദേശ കറന്‍സികളുടെ മൂല്യം കുറയുകയും ചെയ്തതു നിക്ഷേപം കൂടാന്‍ കാരണമായെന്നാണു ബാങ്കിങ് സമിതിയുടെ വിലയിരുത്തല്‍. ബാങ്കുകള്‍ പ്രവാസി നിക്ഷേപത്തിന് ആകര്‍ഷണീയമായ പലിശനിരക്കുകള്‍ നടപ്പാക്കിയതും കാരണമായി. വിദേശരാജ്യങ്ങളിലെ ആഭ്യന്തരയുദ്ധം ഉള്‍പ്പെടെ തിരിച്ചടികള്‍ക്കിടെയാണു നിക്ഷേപത്തിലെ കുതിപ്പ്.

2013 മാര്‍ച്ചില്‍ എല്ലാ ബാങ്കുകളിലുമുള്ള വിദേശ നിക്ഷേപം 66,190 കോടി രൂപയായിരുന്നു. രണ്ടുവര്‍ഷം കൊണ്ടു റെക്കോര്‍ഡ് നേട്ടമാണുണ്ടായത്. പൊതുമേഖലയില്‍ എസ്ബിടിയും സ്വകാര്യ മേഖലയില്‍ ഫെഡറല്‍ ബാങ്കുമാണു പ്രവാസി നിക്ഷേപത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
അതേസമയം, വിദേശത്തെ മലയാളികളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നൊരു റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നു. 1998ല്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള വിദേശ മലയാളികള്‍ 97505 ആയിരുന്നെങ്കില്‍ 2003ല്‍ അത് 1.34 ലക്ഷമായി ഉയരുകയും 2008ല്‍ 1.21 ലക്ഷമായി കുറയുകയും ചെയ്തു. എന്നാല്‍ 2011ല്‍ അത് വീണ്ടും 91381 ആയി കുറയുകയുണ്ടായി. ഇതിലൂടെ 13 വര്‍ഷം മുമ്പുള്ള (1998) നിരക്കിനെക്കാള്‍ ജില്ല വളരെയേറെ താഴേക്ക് പോകുകയാണുണ്ടായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ അഞ്ച് ജില്ലകളിലായി 2008 മുതല്‍ 2011 വരെ വിദേശ മലയാളികളുടെ എണ്ണത്തില്‍ 2.8 ലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്.
വിദേശത്തു ജോലി ചെയ്യുന്ന മലയാളികള്‍ അവര്‍ ജീവിക്കുന്ന രാഷ്ട്രത്തിന്റെ പൗരത്വം സ്വീകരിച്ചതാണോ ഇങ്ങനെയൊരു ഇടിവുണ്ടാകാനുള്ള സാഹചര്യമൊരുക്കിയതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലേക്കു തിരിച്ചു വരുന്നില്ലെന്നു തീരുമാനിച്ച മലയാളികള്‍ മാതൃരാജ്യത്തോടുള്ള വെറുപ്പുകൊണ്ടല്ല അങ്ങനെയൊരു തീരുമാനമെടുത്തത്. അവഗണനയും ഇരട്ടത്താപ്പ് നയങ്ങളും സ്വീകരിച്ച് രാജ്യത്തെ സര്‍ക്കാരുകളാണ് പ്രവാസി മലയാളികളെ വെറുപ്പിക്കുന്നത്. രാഷ്ട്രത്തിന്റെ ശക്തി വളര്‍ത്തുന്നതാവണം രാഷ്ട്രീയം. രാഷ്ട്രത്തിലുള്ള പൗരന്മാരെ ശ്വാസം മുട്ടിക്കുന്നവരെ കൊള്ളക്കാരെന്നാണ് വിളിക്കേണ്ടത്. ഇക്കാര്യം ഇനിയുള്ള നാളുകളിലെങ്കിലും തിരിച്ചറിയട്ടെ നമ്മുടെ ഭരണാധികാരികള്‍.
 
Other News in this category

 
 




 
Close Window