ലണ്ടന്‍: ബ്രിട്ടനിലെ മൂന്ന് മാംസസംസ്‌കരണ കേന്ദ്രങ്ങളിലെ ശീതീകരണ ഉപകരണങ്ങളുടെ ക്രമീകരണങ്ങള്‍ ഹാക്കര്‍മാര്‍ വിദൂരമായി മാറ്റിയതായി മാംസവിതരണക്കാരുടെ സംഘടനയായ എഐഎംഎസ് അറിയിച്ചു. ആക്രമണസമയത്ത് ഈ ഉപകരണങ്ങളില്‍ മാംസം സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ ഉല്‍പന്നനഷ്ടം ഒഴിവായെന്നും സംഘടന വ്യക്തമാക്കി. ആക്രമണത്തിന്റെ ആഘാതം പരിമിതമാണെന്ന് ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം (എന്‍സിഎസ്സി) അറിയിച്ചു.
ഒരു സ്ഥാപനത്തിലെ ശീതീകരണ ഉപകരണത്തില്‍ ഓരോ മണിക്കൂറിലും മഞ്ഞുരുക്കുന്ന വിധം ക്രമീകരണം മാറ്റിയിരുന്നു. മറ്റൊരിടത്ത് താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റായി, അതായത് ഏകദേശം 38 ഡിഗ്രി സെല്‍ഷ്യസായി, നിശ്ചയിച്ചതായി വിതരണക്കാര്‍ അറിയിച്ചു. ഉപകരണങ്ങളിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംഘടന എന്‍സിഎസ്സിയെ വിവരമറിയിക്കുകയും അംഗങ്ങളോട് ശീതീകരണ സംവിധാനങ്ങള്‍ ഉടന്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഫ്രാന്‍സിലും അയര്‍ലന്‍ഡിലും ഉള്‍പ്പെടെ യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സമാനമായ ആക്രമണത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ കേടായിരുന്നു. അവിടത്തെ ചില സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന അതേ നിയന്ത്രണ സോഫ്റ്റ്വെയര്‍ ബ്രിട്ടനിലെ കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതായി എഐഎംഎസ് അറിയിച്ചു. സുരക്ഷാവീഴ്ചയ്ക്ക് സാധ്യതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷ് സ്ഥാപനങ്ങളെ കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയതായി എന്‍സിഎസ്സി വ്യക്തമാക്കി.