ലണ്ടന്‍: നെറ്റിപ്പട്ടമണിഞ്ഞ ആനകളുടെയും കുടമാറ്റത്തിന്റെയും ദൃശ്യങ്ങള്‍ക്കൊപ്പം തത്സമയ കഥകളി അവതരണവും ഒരുക്കി ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ കേരള ടൂറിസം പവലിയന്‍. 'സ്റ്റേറ്റ് ഓഫ് വണ്ടര്‍' എന്ന പ്രമേയത്തില്‍ 100 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ പവലിയന്‍ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും രാജ്യസഭാംഗം സുധാ മൂര്‍ത്തിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നവംബര്‍ മൂന്നു മുതല്‍ അഞ്ചു വരെയാണ് എക്‌സല്‍ ലണ്ടനില്‍ മേള.
കേരളത്തിലെ ഉത്സവങ്ങളും പ്രാദേശിക ജീവിതവും നേരിട്ടറിയാനും ആയുര്‍വേദ ചികിത്സയും പ്രകൃതിയാത്രയും തിരഞ്ഞെടുക്കാനും സഞ്ചാരികള്‍ക്ക് അവസരം നല്‍കുന്ന യാത്രാപദ്ധതികളാണ് മേളയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം യാത്രകളില്‍ വിദേശ സഞ്ചാരികളുടെ താല്‍പര്യം വര്‍ധിക്കുന്നുണ്ടെന്നും വരുന്ന ടൂറിസം സീസണില്‍ ലണ്ടനില്‍നിന്ന് കൂടുതല്‍ സന്ദര്‍ശകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
മന്ത്രിയും ടൂറിസം ഡയറക്ടര്‍ അഞ്ജന എം.യും ഉള്‍പ്പെടുന്ന കേരള സംഘത്തിനൊപ്പം ഏഴ് സ്വകാര്യ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നു. മൂന്ന് ഹോട്ടല്‍-റിസോര്‍ട്ട് സ്ഥാപനങ്ങള്‍, രണ്ട് ആയുര്‍വേദ റിസോര്‍ട്ടുകള്‍, രണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് വിദേശ ടൂറിസം പ്രതിനിധികള്‍ക്ക് കേരളത്തിലെ താമസസൗകര്യങ്ങളും യാത്രാപദ്ധതികളും പരിചയപ്പെടുത്തുന്നത്.