ലണ്ടന്‍: സതാംപ്ടണില്‍ 18കാരനായ ഹെന്റി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിക്രം ദിഗ്വയ്ക്ക് വിധിച്ച ശിക്ഷ അപ്പീല്‍ കോടതി വര്‍ധിപ്പിച്ചു. നിര്‍ബന്ധമായും ജയിലില്‍ കഴിയേണ്ട കുറഞ്ഞ കാലാവധി 21 വര്‍ഷത്തില്‍നിന്ന് 25 വര്‍ഷമാക്കിയാണ് ഉയര്‍ത്തിയത്. റിമാന്‍ഡില്‍ കഴിഞ്ഞ സമയം കുറച്ചതോടെ ഇത് 24 വര്‍ഷവും 190 ദിവസവുമാകും. നേരത്തെ വിധിച്ച ശിക്ഷ അന്യായമായി കുറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ എല്ലി റീവ്സ് നല്‍കിയ അപ്പീലിലാണ് നടപടി. ആയുധമില്ലാത്ത യുവാവിനെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആവര്‍ത്തിച്ച് കുത്തിയതും സംഭവത്തിന് പിന്നാലെയുള്ള പ്രതിയുടെ പെരുമാറ്റവും വിചാരണക്കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ലേഡി ജസ്റ്റിസ് കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് 23കാരനായ ദിഗ്വ ഹെന്റിയെ കത്തി ഉപയോഗിച്ച് പലതവണ കുത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസിനോട് ഹെന്റി തന്നെ വംശീയമായി അധിക്ഷേപിക്കുകയും തലപ്പാവ് തട്ടിമാറ്റുകയും ചെയ്തുവെന്ന് പ്രതി വ്യാജമായി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഹെന്റിയെ പൊലീസ് ആദ്യം കൈവിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ഹെന്റിയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തിയതായും അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതായും കേസില്‍ കണ്ടെത്തി. സംഭവം സതാംപ്ടണില്‍ കലാപങ്ങള്‍ക്കും വഴിവെച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി കാട്ടിയ ക്രൂരതയും നീതിന്യായ നടപടികളെ തടസ്സപ്പെടുത്താനുള്ള ശ്രമവും ശിക്ഷ നിര്‍ണയിക്കുമ്പോള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് അപ്പീല്‍ കോടതി വിലയിരുത്തി.