കണ്ണൂര്‍ : അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തെ ഇനി കോടതിയില്‍ ഹാജരാക്കും. ഇന്ന് അദ്ദേഹം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പി.കെ. ശ്രീമതി, ജയിംസ് മാത്യു എംഎല്‍എ, എം.വി. ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാനൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനമായിട്ടാണ് ജയരാജന്‍ സിഐ ഓഫീസിലെത്തിയത്. രാഷ്ട്രീയ പ്രേരിതമായി യുഡിഎഫ് ഉണ്ടാക്കിയ കള്ളക്കേസാണിതെന്ന് ജയരാജന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിച്ച തങ്ങളെ അപായപ്പെടുത്താനുള്ള ശ്രമമാണ് ലീഗിന്റെ തീവ്രവാദ കേന്ദ്രത്തില്‍ നടന്നതെന്ന അദ്ദേഹം പറഞ്ഞു. ഇതിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ തന്നെയും ടി.വി. രാജേഷിനെയും കാണാന്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഇതിനിടെ എപ്പോഴാണ് ഗൂഢാലോചന നടത്താന്‍ സമയമെന്നും പി. ജയരാജന്‍ ചോദിച്ചു. സംഘര്‍ഷസ്ഥിതിയുണ്ടെന്ന് തലേന്ന് വൈകിട്ടു തന്നെ താന്‍ ജില്ലയിലെ പോലീസ് മേധാവിയെ വിളിച്ച് അറിയിച്ചിരുന്നു. പോലീസിന്റെ എല്ലാ സംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു എസ്പി നല്‍കിയ മറുപടിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിന് മുതിര്‍ന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
ലീഗിന്റെ തിട്ടൂരത്തിന് അനുസരിച്ച് താളം തുള്ളുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഷുക്കൂര്‍ കൊല്ലപ്പെട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞാണ് പാര്‍ട്ടി കോടതിയാണ് ശിക്ഷ വിധിച്ചതെന്ന വാര്‍ത്ത വന്നത്. കേരള പോലീസിനകത്തെ സിപിഎം വിരുദ്ധ ലോബിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം നടത്തിയ പോലീസിന് തെളിവും മറ്റും കിട്ടുകയാണെങ്കില്‍ അത് പറയേണ്ടത് കോടതിയിലാണെന്നും ജയരാജന്‍ പറഞ്ഞു.