Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
പടക്കശാല ദുരന്തത്തോടെ സെപ്റ്റംബറിന്റെ രണ്ടാം വാരം...
reporter
ദീപാവലിയാഘോഷത്തിന് തയാറാക്കിക്കൊണ്ടിരുന്ന പടക്കങ്ങള്‍ക്കു തീപിടിച്ച് അമ്പതിലേറെപ്പേരുടെ ജീവനെടുത്ത ഒരു അപകടത്തിന്റെ ദുഖത്തോടെയാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. വന്‍നിക്ഷേപപദ്ധതികള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് കേരളം, എമേര്‍ജിങ് കേരള എന്ന വികസന നിക്ഷേപ പരിപാടിയിലേക്ക് ചുവടു വയ്ക്കുന്നതിന്റെ തയാറെടുപ്പിലായിരുന്നു കൊച്ചി. കോടികള്‍ മുടക്കി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു ബിസിനസുകാര്‍ കേരളത്തിലേക്ക് ഈയാഴ്ചയെത്തും. സ്വര്‍ണവിലവീണ്ടും കുതിച്ചുയര്‍ന്നതും ലണ്ടനില്‍ പാരാലിംപിക്‌സ് ഉള്‍പ്പെടുള്ള കായിക മാമാങ്കങ്ങള്‍ക്കു കൊടിയിറങ്ങിയതും മറ്റു പ്രധാന സംഭവങ്ങള്‍.  

പടക്കനിര്‍മ്മാണ ശാലയില്‍ മരണത്തിന്റെ കരിനിഴല്‍

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് അമ്പത്തിനാലു പേര്‍ മരിച്ചു. അപകടസമയത്ത് 300-ഓളം പേര്‍ ഫാക്ടറിയില്‍ ജോലിക്കുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓം ശക്തി എന്ന സ്വകാര്യ പടക്ക നിര്‍മ്മാണ ശാലയിലായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ 40 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. പരിധിയില്‍ അധികം വെടിമരുന്ന് ശേഖരം പടക്കനിര്‍മ്മാണ ശാലയിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പടക്കനിര്‍മ്മാണ ശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. 

കോടികളുടെ നിക്ഷേപ പദ്ധതിയുടെആദ്യ സമ്മേളനത്തിന് വേദിയൊരുങ്ങി

എമേര്‍ജിംഗ് കേരളയുടെ ആദ്യ സമ്മേളനത്തിന് കൊച്ചി ലെ മെരിഡിയനില്‍ വേദിയൊരുങ്ങി. അതിഥികളെ വരവേല്‍ക്കാന്‍ കൊച്ചി നഗരം തയാറെടുത്തു. ഇതിനിടെ ഇടതുപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ ചില പദ്ധതികള്‍ ഒഴിവാക്കി. നാല് വിവാദ പദ്ധതികളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. നെല്ലിയാമ്പതി, വാഗമണ്‍ , ഇലവീഴാപ്പൂഞ്ചിറ, ധര്‍മ്മടം ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ചീമേനി പദ്ധതിക്കായുള്ള ഭൂമിയുടെ അളവും സര്‍ക്കാര്‍ കുറച്ചു. 1621 ഏക്കറില്‍ നിന്നും 200 ഏക്കറായാണ് കുറച്ചത്. 

എമേര്‍ജിംഗ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ മാസം 12-നാണ് എമേര്‍ജിംഗ് കേരള പദ്ധതി ആരംഭിക്കുന്നത്. എമേര്‍ജിംഗ് കേരളയിലെ ചില പദ്ധതികള്‍ വിവാദമായതിനെ തുടര്‍ന്ന് പദ്ധതികളെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 

പ്രതിപക്ഷത്തിന് പുറമേ യുഡിഎഫിലെ നേതാക്കളും എംഎല്‍എമാരും പദ്ധതിക്കെതിരേ രംഗത്തു വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു

സ്വര്‍ണ്ണവിലയിലെ കുതിപ്പ് തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച 25600വരെയെത്തി. പിന്നീട് നൂറ്റിയറുപതു രൂപ കുറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 1000ത്തോളം രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിവാഹസീസണ്‍ ആയതോടെ കേരളത്തില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും വിലവര്‍ദ്ധനവിന് കാരണമായി. 

കൗശിക് ബസു ലോകബാങ്ക് ശാസ്ത്രജ്ഞന്‍

ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനും സീനിയര്‍ വൈസ് പ്രസിഡന്റുമായി കൗശിക് ബസുവിനെ നിയമിച്ചു. ജസ്റ്റിന്‍ യിഫു ലിന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബസുവിനെ നിയമിച്ചത്. ഒക്ടോബര്‍ ഒന്നിന് ബസു പദവികള്‍ ഏറ്റെടുക്കുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിം പ്രസ്താവനയില്‍ അറിയിച്ചു. 

ലണ്ടനിലെ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ നിന്നാണ് ബസു പി.എച്ച്.ഡിയെടുത്തത്. 

ഇന്ത്യയില്‍ വ്യക്തികളുടെസ്വകാര്യത സംരക്ഷിക്കാന്‍ നിയമം

ജനങ്ങളുടെ സ്വകാര്യതകള്‍ സംരക്ഷിക്കാന്‍ നിയമം വരുന്നു. പ്രൈവസി നിയമം രൂപീകരിക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പാനല്‍ പുതിയ നിയമത്തിന്റെ കരട് രൂപീകരിച്ചു. അന്യന്റെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 2 കോടി വരെ പിഴയും നല്‍കണമെന്നാണ് പാനലില്‍ നിര്‍ദേശിക്കുന്നത്.ഒരാളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ അപരിചിതര്‍ക്ക് കൈമാറുന്നതും വെളിപ്പെടുത്തുന്നതും കോഗ്‌നിസബിള്‍ ഒഫന്‍സായി കണക്കാക്കും. പൊതുജനങ്ങളില്‍ നിന്നും ആശങ്കയുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രൈവസി നിയമനിര്‍മാണത്തിനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധം: പാര്‍ട്ടിയെ എതിര്‍ത്ത് വിഎസ് വീണ്ടും രംഗത്ത്

ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ആര്‍എംപി നിലപാടിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ വിധവയുടെ ആവശ്യം ന്യായമാണ്. വധത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന രമയുടെ സംശയം എത്രയും പെട്ടെന്ന് ദൂരീകരിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. 

കല്‍ക്കരി വിവാദം: അഞ്ചു കമ്പനികള്‍ക്കെതിരെ കേസ്

അനധികൃതമായി കല്‍ക്കരി ഖനികള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷമുണ്ടാക്കിയ ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭനത്തിന്റെ വാരമാണ് അവസാനിച്ചത്. സംവരണ നിയമം പാസാക്കി മറികടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും പൂര്‍ണമായി വിജയം കണ്ടില്ല. ഒടുവില്‍ പാര്‍ലമെന്റ് അനിശ്ചിതകാലത്തേയ്ക്കു പിരിഞ്ഞു. ഇതേ സമയം വിവാദ സംഭവത്തില്‍ അഞ്ചു കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു. ഛത്തീസ്ഗഡിലും ജാര്‍ഖണ്ടിലും പ്രവര്‍ത്തിക്കുന്ന വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍ , നവ ഭാരത് സ്റ്റീല്‍ തുടങ്ങിയ അഞ്ചു കമ്പനികള്‍ക്കെതിരെയാണ് സിബിഐ അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ആപ്പിളിന്റെ പുതിയ ഐഫോണ്‍വില്‍പ്പനയ്‌ക്കൊരുങ്ങി

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 സെപ്റ്റംബര്‍ 12 ന് പുറത്തിറങ്ങും. സെപ്റ്റംബര്‍ 12 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഐഫോണ്‍ 5 അവതരിപ്പിക്കുക. ഇതാദ്യമായാണ് ഐഫോണ്‍ 5 ന്റെ ഔദ്യോഗിക പ്രഖ്യാപനം ആപ്പിള്‍ നടത്തുന്നത്.

2007 ലാണ് ആപ്പിള്‍ ആദ്യമായി സ്മാര്‍ട്‌ഫോണ്‍ രംഗത്തെത്തുന്നത്. പേറ്റന്റ് യുദ്ധത്തിനൊടുവില്‍ സാംസങ്ങുമായി വിപണിയില്‍ ഏറ്റുമുട്ടാന്‍ തയ്യാറായാണ് ആപ്പിള്‍ എത്തുന്നത്.

പാരാലിംപിക്‌സില്‍ആദ്യമായി ഇന്ത്യക്കു വെള്ളി മെഡല്‍

കായിക രംഗത്ത് ഇന്ത്യയ്ക്കു ചരിത്രപരമായ നേട്ടമുണ്ടാക്കിയ വാരമാണ് അവസാനിച്ചത്. കര്‍ണാടകക്കാരന്‍ ഗിരീഷ ഹൈ ജംപില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ലണ്ടനിലെ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ തിളക്കംകൂട്ടി. 

ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ ഗിരിഷയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്‌വാള്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

ഇടതു കാലിനു ശേഷിയില്ലാത്ത ഗിരിഷ എഫ് 42 ഇനത്തില്‍ 1.74 മീറ്റര്‍ പിന്നിട്ടാണ് വെള്ളി സ്വന്തമാക്കിയത്. 

ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ ഗിരിഷയ്ക്ക് 30 ലക്ഷം രൂപ കാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ നേരത്തേ പറഞ്ഞിരുന്നു. 

 

 

 

 
 
Other News in this category

 
 




 
Close Window