Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.075 INR
ukmalayalampathram.com
Sat 11th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ റീജിയണല്‍ കായികമേളകള്‍ക്ക് പരിസമാപ്തി; ദേശീയ കായിക മാമാങ്കം ജൂണ്‍ 20 ന് ബര്‍മിംഗ്ഹാമില്‍
Text By: Kurian George
യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കായികമേളകള്‍ എല്ലാ റീജിയണുകളിലും വന്‍ ജനപങ്കാളിത്തത്തോടെ വിജയകരമായി പര്യവസാനിച്ചു. അംഗ അസ്സോസ്സിയേഷനുകളില്‍ നിന്നെത്തിയ നൂറ് കണക്കിന് കായികതാരങ്ങള്‍ വിവിധ റീജിയണല്‍ കായികമേളകളില്‍ അണിനിരന്നു മത്സരങ്ങളില്‍ പങ്കെടുത്തു. ജൂണ്‍ 20 ശനിയാഴ്ച ബര്‍മിംഗ്ഹാം സട്ടന്‍ കോള്‍ഡ്ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുക്മ ദേശീയ കായികമേളയുടെ ഒരുക്കങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാകുന്നതായി ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.


യുക്മ ദേശീയ കായികമേളയുടെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവര്‍ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വൈസ് പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയസമിതി ഒന്നടങ്കം കായികമേളയുടെ ഒരുക്കങ്ങളില്‍ വ്യാപൃതരാണ്.


മെയ് 23 ന് ബാണ്‍സ്ലിയില്‍ വച്ച് നടന്ന യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയന്‍, ജൂണ്‍ 6 ന് മെര്‍തിറില്‍ വച്ച് നടന്ന വെയിത്സ് റീജിയന്‍, ജൂണ്‍ 13 ന് വാറിംഗ്ടണില്‍ വച്ച് നടന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്‍, റെഡ്ഡിച്ചില്‍ വച്ച് നടന്ന ഈസ്റ്റ് & വെസ്ററ് മിഡ്‌ലാന്‍ഡ്സ് റീജിയന്‍, ഹോര്‍ഷമില്‍ വച്ച് നടന്ന സൌത്ത് ഈസ്റ്റ് റീജിയന്‍, ലൂട്ടനില്‍ വച്ച് നടന്ന ഈസ്റ്റ് ആംഗ്ളിയ റീജിയന്‍, ജൂണ്‍ 14 ന് യോവിലില്‍ വച്ച് നടന്ന സൌത്ത് വെസ്റ്റ് റീജിയന്‍ കായികമേള എന്നിങ്ങനെയാണ് അരങ്ങേറിയത്.


റീജിയണല്‍ കായികമേളകളിലെ ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായിരിക്കുന്നത്. റീജിയണല്‍ കായികമേളകളില്‍ വിജയികളായ മുഴുവന്‍ കായികതാരങ്ങളെയും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ ദേശീയ കായികമേളയില്‍ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് വിവിധ റീജിയണല്‍ നേതൃത്വങ്ങള്‍.


2024, 2025 വര്‍ഷങ്ങളിലെ യുക്മ ദേശീയ കായികമേളകള്‍ അരങ്ങേറിയ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ സ്റ്റേഡിയം കായിക താരങ്ങള്‍ക്കും കാണികള്‍ക്കും ഏറെ സൌകര്യപ്രദമായ സ്റ്റേഡിയമാണ്. ട്രാക്കിലെയും ഫീല്‍ഡിലെയും മത്സരങ്ങള്‍ ഒരേ സമയം നടത്തുന്നതിനുള്ള സൌകര്യങ്ങള്‍ ഉള്ളതാണ് സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ സ്റ്റേഡിയം. മനോഹരമായ സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്ന സ്റ്റേഡിയത്തോടനുബന്ധിച്ച് വിശാലമായ പാര്‍ക്കിംഗ് സൌകര്യവുമുണ്ട്.


യുകെയിലെ മുഴുവന്‍ മലയാളി കായികപ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.


കായികമേള വേദിയുടെ വിലാസം:-

Windley Leisure Centre,

Clifton Road,

Sutton Coldfield,

Birmingham, B73 6EB.
 
Other News in this category

 
 




 
Close Window