കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭാവി ഘടകകക്ഷികളുടെ വെറുമൊരു ഭീഷണിയില്‍ തകരുന്നതാണെന്ന് വ്യക്തമായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ അല്‍പ്പബുദ്ധിക്കൊപ്പം മറ്റൊരു സംസ്ഥാനംകൂടി ശിങ്കിടിയായെങ്കില്‍ കോണ്‍ഗ്രസിന്റെ അടിപതറുമായിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എഐസിസിക്ക് നല്ലകാലമെന്ന പ്രവചനത്തോടെ അവസാനിക്കുന്നു അവസാന വാരം. ഒപ്പം ചില രാഷ്ട്രീയ തരികിടകളുടെ ദൃക്‌സാക്ഷ്യങ്ങളും കഴിഞ്ഞ ആഴ്ചയിലുണ്ടായി. ഗാന്ധിജിയുടെ പേര് സ്വയം ഏറ്റെടുത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിനിറങ്ങിത്തിരിച്ച അണ്ണ ഹസാരെയുടെ പൊയ്മുഖം വെളിച്ചത്തായി. ഹസാരെയുടെ സമരങ്ങള്‍ക്കു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു വ്യക്തമാക്കിക്കൊണ്ട് ഹസാരെ സമരത്തിന്റെ ഇരട്ടമുഖം തെളിഞ്ഞു. തത്ക്കാലം രാംദേവിന് രക്ഷ. സ്വര്‍ണത്തിന്റെ വിലയിലെ വലിയ ചാഞ്ചാട്ടങ്ങളോടെ സമാപിച്ച ഒരു വാരത്തിനൊടുവില്‍ ഷര്‍ട്ടൂരിയ ഇന്ത്യക്കാരനെ കണ്ടുകൊണ്ട് പ്രധാനമന്ത്രിക്ക് സുഖസുഷുപ്തി. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളിലേക്ക്.
കേന്ദ്രസര്‍ക്കാരിനെ മറികടക്കാന്‍ ഇന്ത്യയിലെ ചില ഓയില്‍ കമ്പനികള്‍ വെല്ലുവിളി നടത്തിയെന്ന് ഇന്ദ്രപ്രസ്ഥത്തിലെ ചില ബിലീവബ്ള്‍ സോഴ്‌സുകളുടെ വര്‍ത്തമാനം. ഇതിലെ പൊരുളെന്താണെങ്കിലും ശരി, ഡീസലിന്റെ വില വര്‍ധനയ്ക്ക് ഒരു ആഗോള പരിവേഷമുണ്ട്. ഇന്ത്യയുടെ മാര്‍ക്കറ്റില്‍ ഇന്ധനമെത്തിക്കുന്ന ഒരു പ്രമുഖ വ്യവസായിയും കേന്ദ്രം ഭരിക്കുന്ന യുപിഎയുമായുള്ള വാക്കുതര്‍ക്കങ്ങളാണ് ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമായതെന്നു പറയുന്നു ചിലര്‍. വാസ്തവമെന്തായാലും, അരിക്കും പച്ചക്കറിക്കും വീട്ടുപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറിനും, ബസ് യാത്രയ്ക്കും വരെ നിരക്കുകൂടി.
മലയാളികള്‍ അടുപ്പില്‍ വിറകു വയ്‌ക്കേണ്ടി വരും
സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരി പാചകവാതക ഫില്ലിങ് പ്ലാന്റിലേക്ക് കര്‍ണാടകയില്‍നിന്ന് വാതകവുമായി ടാങ്കര്‍ലോറികള്‍ എത്താത്തതിനെ തുടര്‍ന്ന് വാതക ഫില്ലിങ്ങിനെ ബാധിച്ചു. ഇപ്പോള്‍ കൊച്ചിയില്‍നിന്നുള്ള വാതകം മാത്രമാണ് ആശ്രയം. അതേസമയം പ്ലാന്റില്‍ സംഭരിച്ച വാതകം ഏതാണ്ട് മൂന്ന് നാല് ദിവസത്തെ ഫില്ലിങ്ങിന് മാത്രമേ തികയൂ. അതുകഴിഞ്ഞാല്‍ ഫില്ലിങ് മുടങ്ങുന്ന അവസ്ഥയാണ്. മലബാറിലെ വിവിധ വാതകവിതരണ ഏജന്‍സികള്‍ക്കുള്ള സിലിന്‍ഡറുകള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ലോറി അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ടാങ്കറുകള്‍ തടയുന്നതും ഡ്രൈവര്‍മാരെ കൈയേറ്റംചെയ്യുന്നതും രാത്രി ടാങ്കറുകള്‍ക്കുനേരെ കല്ലേറ് നടത്തുന്നതും കാരണം ഡ്രൈവര്‍മാര്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ മടിക്കുകയാണ്. അവര്‍ ചേളാരിയിലേക്കുള്ള യാത്ര നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
കര്‍ണാടകയില്‍നിന്നുള്ള ടാങ്കറുകളുടെ വരവ് നിലച്ചതോടെയാണ് ചേളാരി പ്ലാന്റില്‍ വാതകക്ഷാമം തുടങ്ങിയത്.
ഹസാരെ സംഘം പിളര്‍ന്നു
അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ലോക്പാല്‍ സംഘം പിളര്‍ന്നു. പിളര്‍പ്പ് വ്യക്തമാക്കിക്കൊണ്ട് സംഘാംഗം അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണ ഹസാരെ തന്നെയാണ് നേരിട്ട് വിമര്‍ശനവുമായി പൊതുവേദിയിലെത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കമാണ് ഹസാരെ സംഘം പിരിയാന്‍ കാരണമായത്.
പിളര്‍പ്പിനെ തുടര്‍ന്ന് തന്റെ പേരോ ചിത്രമോ കെജ്‌രിവാളോ സംഘമോ ഇനി ഉപയോഗിക്കരുതെന്ന് ഹസാരെ ആവശ്യപ്പെട്ടു. തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹസാരെ ഇനിമുതല്‍ കെജ്‌രിവാളിനു വേണ്ടി പ്രചാരണം നടത്തില്ലെന്നും പറഞ്ഞു.
ലോക്പാല്‍ സംഘത്തില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നുവെങ്കിലും കെജ്‌രിവാളിനെ തള്ളിപ്പറയാന്‍ ഹസാരെ തയ്യാറായിരുന്നില്ല. അദ്ദേഹം എല്ലാ സന്ദര്‍ഭത്തിലും അരവിന്ദ് കെജ്‌രിവാളിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു.
അച്യുതാനന്ദന്റെ കൂടംകുളം തന്ത്രം വിജയം
റഷ്യ പിന്തുണയ്ക്കുന്ന പദ്ധതിയായതുകൊണ്ടാണ് അച്യുതാനന്ദന്‍ കൂടം കുളത്തേയ്ക്കു വരാതിരുന്നതെന്ന് സമരം നയിക്കുന്ന നേതാക്കള്‍ . വാസ്തവം എന്തായാലും, ദുശകുനം കാരണം യാത്ര മടക്കി വിഎസ് വീട്ടിലേക്കു മടങ്ങി. കാര്യങ്ങളെല്ലാം മുന്‍കൂട്ടി അറിഞ്ഞതുപോലെ പോലീസുകാരും സീന്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തു. കാരാട്ടിനോടു പറഞ്ഞിട്ടാണു പുറപ്പെട്ടത് എന്ന ഒറ്റ പ്രഖ്യാപനത്തോടെ കേരളത്തിലെ മാധ്യമങ്ങളും വിഷയം അവസാനിപ്പിച്ചു. ബാക്കിയെല്ലാം പിബി തീരുമാനിക്കട്ടെ.
റഹ്മാന്‍ മാലിക് അയോഗ്യന്‍
ഇരട്ട പൗരത്വപ്രശ്‌നത്തില്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഉള്‍പ്പെടെ 12 പാര്‍ലമെന്റംഗങ്ങളെ പാകിസ്ഥാന്‍ സുപ്രീംകോടതി അയോഗ്യരാക്കി. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കാനും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് നല്‍കിയ ശമ്പളവും മറ്റ് ആനുകൂല്യവും പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട് . ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും കോടതി സെനറ്റ്, പാര്‍ലമെന്ററി സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മാലിക്കിനെതിരേ നിയമനടപടി സ്വീകരിക്കാനും പാക് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
പാക്കിസ്ഥാനില്‍ ഇനി യുട്യൂബില്ല
ഇസ്ലാം വിരുദ്ധ ചിത്രത്തിന്റെ പ്രചരണം തടയാന്‍ പാക്കിസ്ഥാനില്‍ യു ട്യൂബിന് വിലക്ക്. പ്രവാചകനേയും ഇസ്‌ലാം മതത്തേയും അധിക്ഷേപിക്കുന്ന സിനിമയുടെ പ്രദര്‍ശനം തടയാന്‍ വേണ്ടിയാണ് യു ട്യൂബ് നിരോധിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ദൃശ്യങ്ങല്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ യു ട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യു ട്യൂബ് തയ്യാറായില്ല. തുടര്‍ന്നാണ് രാജ്യത്ത് യു ട്യൂബിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി ഒരു പരീക്ഷണത്തിന് മുതിരുകയാണ് ബ്ലസി.കളിമണ്ണ് എന്ന ചിത്രത്തില്‍ നായികയായ ശ്വേതാ മേനോന്റെ പ്രസവം ലൈവ് ആയി ഷൂട്ടു ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ചലച്ചിത്ര സംരംഭമായി മാറുകയാണ് കളിമണ്ണ്. ശ്വേതാ മേനോന്റെ പ്രസവം മുംബൈയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബ്ലെസിയും ടീമും മുംബൈയിലെത്തി അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഇന്നസെന്‍സ് ഓഫ് മുസ്്‌ലിംസിന് ഇന്ത്യയില്‍ നിരോധനം
മുഹമ്മദ് നബിയെ അവഹേളിക്കുന്നതായി ആരോപണമുയര്‍ന്ന വിവാദസിനിമയുടെ ക്ലിപ്പിംഗ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു. ക്ലിപ്പിംഗ് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നത് ഇന്ത്യന്‍ നിയമമനുസരിച്ച് ഗൂഗിള്‍ തടഞ്ഞതായി വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ അറിയിച്ചു. അമേരിക്കന്‍ സംവിധായകന്റെ ദ ഇന്നസെന്‍സ് ഓഫ് മുസ്‌ലീംസ് എന്ന സിനിമയുടെ ക്ലിപ്പിംഗ് ആണ് വിവാദമായത്. കാഷ്മീര്‍ ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും ചിത്രത്തിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ലിബിയ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ യുഎസ് എംബസികള്‍ക്കും നയതന്ത്രകാര്യാലയങ്ങള്‍ക്കും നേരെ ആക്രമണവുമുണ്ടായിരുന്നു.
ഫേസ് ബുക്കിന്റെ ഓഹരി തകര്‍ന്നു ആപ്പിളിന് നേട്ടം
സുക്കര്‍ബര്‍ഗിന്റെ ഓഹരിവിപണി പാളി. സ്റ്റീവ് ജോബ്‌സ് തുടങ്ങിവച്ച സ്ഥാപനത്തോടാണ് വിപണിക്കു കൂറ്. കഴിഞ്ഞ വാരം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക ചാഞ്ചാടാതെ ആപ്പിളിനൊപ്പം നിന്നു. കണ്ടിരുന്നു മടുത്ത സുക്കര്‍ കമ്പനിയുടെ നിക്ഷേപങ്ങള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തേടി. ഐഫോണ്‍ 5 വന്നതോടെ ആപ്പിളിന്റെ ആപ്പിളിന്റെ ഓഹരി വില ആദ്യമായി 700 ഡോളറിന് മുകളിലെത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തപ്പോള്‍ 2.13 ഡോളര്‍ ഉയര്‍ന്ന് 701.91 ഡോളറിലെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വ്യാപാരത്തില്‍ ആപ്പിളിന്റെ ഓഹരി വില 702.33 ഡോളറില്‍ ക്ലോസ് ചെയ്തു. ഇതോടെ ആപ്പിളിന്റെ മൂല്യം 658 ബില്യണ്‍ ഡോളറായി. ഇന്നലെ ആപ്പിളിന്റെ ഓഹരി വിപണിയിലെ നിര്‍ണായക ദിവസമായിരുന്നെന്നാണ് കമ്പനി പറയുന്നത്.
സ്വര്‍ണമോഹങ്ങള്‍ക്കു സാന്ത്വനം
സ്വര്‍ണ്ണവില ഈ ആഴ്്ച 24,000 രൂപ വരെ ഉയര്‍ന്നു. നിലവില്‍ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 23,920 രൂപയായിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇരുപത്തയ്യായിരത്തിനു മുകളിലേക്ക് പവന്റെ വില ഉയരുമെന്നു കരുതിയെങ്കിലും ആഴ്ചാവസാനം അതൊന്നും സംഭവിച്ചില്ല. മാര്‍ക്കറ്റ സൂചികകളും അന്താരാഷ്ട്രവിപണിയും അനുഗ്രഹിച്ചതോടെ ചിങ്ങമാസത്തിനൊടുവില്‍ വിവാഹങ്ങള്‍ക്ക് മംഗളങ്ങള്‍.
ഭൂപതിക്കും ബൊപ്പണ്ണയ്ക്കും രണ്ടുവര്‍ഷത്തെ വിലക്ക്
ലണ്ടന്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടെന്നിസ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയ്ക്കും മഹേഷ് ഭൂപതിക്കും രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനാണ് താരങ്ങളെ വിലക്കി ഉത്തരവിറക്കിയത്. വിവാദങ്ങളെ തുടര്‍ന്ന് ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു.
കൊഹ്‌ലി മികച്ച ഏകദിന ക്രിക്കറ്റര്‍
കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യയുടെ യുവതാരം വിരാട് കൊഹ്‌ലി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ തെരഞ്ഞെടുത്തു. സച്ചിനെ മറികടന്നാണ് സംഗക്കാര പുരസ്‌കാരം നേടിയത്് എന്നതും ശ്രദ്ധേയമാണ്. മൂന്ന് പുരസ്‌കാരമാണ് നിയമ ബിരുദധാരിയും ശ്രീലങ്കന്‍ ക്രിക്കറ്ററുമായ സംഗക്കാരയ്ക്ക് ലഭിച്ചത് .
മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ഹെയ്ഡന്‍ ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി20 ലീഗിലും കളിച്ചിരുന്നു. 2009ല്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ ഹെയ്ഡന്‍ 2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഐപിഎല്ലില്‍ കളിച്ചിരുന്നു. ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ക്രിക്കറ്റ് തന്റെ ജീവതത്തിന്റെ ഭാഗമായിരിക്കുമെന്നും ഹെയ്ഡന്‍ അറിയിച്ചു.
കോടിപതി സൈന
ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാള്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുമായി സൈന 40 കോടി രൂപയ്ക്കാണ് മൂന്നു വര്‍ഷ കരാര്‍ ഒപ്പുവച്ചത്. ഡെക്കാന്‍ ക്രോണിക്കിളുമായി സൈനയ്ക്കുണ്ടായിരുന്ന മൂന്നു വര്‍ഷ കരാര്‍ ഈ മാസം അവസാനിച്ചു.
റിതിയുടെ പശ്ചാത്തലവും വിശ്വാസ്യതയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള തന്റെ തീരുമാനത്തിന് ആവേശം കൂട്ടുന്നുവെന്നു സൈന പ്രതികരിച്ചു.
സൈനയുടെ പരസ്യങ്ങള്‍, ബ്രാന്‍ഡ് അംബാസഡര്‍ കരാറുകള്‍ മുതല്‍ പരസ്യവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം ഇനി റിതി സ്‌പോര്‍ട്‌സിന്റെ മേല്‍നോട്ടത്തിലാവും. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയതോടെ ലോക അഞ്ചാം നമ്പര്‍ താരമായ സൈനയുടെ വിപണിമൂല്യം കുത്തനെ ഉയര്‍ന്നതിനാലാണ് പരസ്യക്കമ്പനിക്കാര്‍ സൈനയെ നോട്ടമിട്ടുതുടങ്ങിയത് .
ട്വന്റി 20 ലോകകപ്പ് ആരംഭിച്ചു
ശ്രീലങ്കയില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിറംമങ്ങിയ ജയത്തോടെ തുടക്കം. മലയാളികളുടെ ഉറക്കംകെടുത്തുന്ന രാത്രികളിലേക്ക് പ്രവേശനം. കളിയുടെ ആവേശം ടിവി ചാനലുകളും പത്രമാധ്യമങ്ങളും ഏറ്റെടുത്തെങ്കിലും കളിക്കളം ഇന്ത്യക്കുപുറത്തായതുകൊണ്ട് കളിമേളത്തിന്റെ ആരവത്തില്‍ കുറവു വന്നുവെന്നാണ് പബ്ലിക് ടോക്ക്.
തുണിയഴിച്ചുള്ള ശരീര പരിശോധനയ്ക്ക് അന്ത്യം
നേക്കഡ് ബോഡി സ്‌കാനര്‍ യൂറോപ്പിലെ എയര്‍പോര്‍ട്ടുകളില്‍ ഉപയോഗിക്കേണ്ടന്ന് തീരുമാനം. ശരീരത്തില്‍ ഒളിപ്പിച്ച ആയുധങ്ങള്‍, മറ്റു സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധന നടത്തുന്ന സ്‌കാനറാണ് ഉപേക്ഷിച്ചത്. യൂറോപ്പ്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നതിന് അനുമതി നിക്ഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ക്യാന്‍സറിന് കാരണമായ എക്‌സ് റേ കിരണങ്ങള്‍ പുറപ്പെടുവിക്കുന്നു എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ബോഡി സ്‌കാനറിനെതിരെ നേരത്തെയും എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ഇത്തരം സ്‌കാനറുകള്‍ ഉപയോഗിക്കുന്നത് യൂറോപ്പ്യന്‍ കമ്മിഷന്‍ ഇടപെട്ടു വിലക്കിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സ്വകാര്യ കമ്പനിക്കു കരാര്‍
ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കി. 40 മില്യണ്‍ പൗണ്ടിന്റെ കരാറാണിത്. ഈ വര്‍ഷം ആദ്യമാണു കരാറില്‍ ഏര്‍പ്പെട്ടത്. 1,70,00 കുടിയേറ്റക്കാരെയാണു കണ്ടെത്തേണ്ടത്. ആളുകളെ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാകും പണം കൈമാറുക. കാപിറ്റ എന്ന കമ്പനിക്കാണു കരാര്‍ ലഭിച്ചത്. കണ്ടെത്തുന്നവരുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തു നാടു കടത്തും. ഇതാണു പദ്ധതി. സറ്റുഡന്‍സ്, സാധാരണ വിസ കാലാവധി കഴിഞ്ഞവരെയും ഇത്തരത്തില്‍ പിടികൂടി നാടുകടത്തും.
പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് യുക്മയില്‍ അംഗത്വം
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ കേംബ്രിഡ്ജ് ഷെയറില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് യുക്മയില്‍ അംഗത്വം നേടി. പ്രസിഡന്റ് ജോഷി ജോര്‍ജ്ജിന്റെയും സെക്രട്ടറി ജിജോ ജോണിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയാണ് യുക്മയില്‍ ചേര്‍ന്ന് പ്രവര്‍ത്തന പരിപാടികളില്‍ സജീവമാകുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.
യുക്മയില്‍ ചേരുന്നതോടെ പാപ്പ് വര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ അംഗങ്ങള്‍ക്ക് മുമ്പില്‍ യുക്മയുടെ വിവിധ പൊതു പരിപാടികളുടെ വേദികളും വമ്പിച്ച ഒരു മലയാളി സമൂഹത്തിന്റെ പിന്‍ബലവും കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത് എന്ന് അസോസിയേഷന്റെ സജീവപ്രവര്‍ത്തകനും യുക്മ റീജിയണല്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുമായ ടോമി ജോസഫ് അഭിപ്രായപ്പെട്ടു.യുക്മയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ടോമി ജോസഫ് കേംബ്രിഡ്ജില്‍ വച്ചു ഒക്‌ടോബര്‍ 6നു നടക്കുന്ന റീജിയണല്‍ കലാമേളയില്‍ അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പു നല്‍കി.