Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
രാഷ്ട്രീയത്തില്‍ മലക്കംമറിച്ചിലുകള്‍ ,തിലകന്റെ വേര്‍പാട്, വീണ്ടും പവര്‍കട്ട് - സെപ്റ്റംബറിന് ഇരുട്ടടി
Correspondent

രാഷ്ട്രീയ നാടകങ്ങളോടെ 2012ന്റെ സെപ്റ്റംബറിനു സമാപനം.കേന്ദ്ര രാഷ്്ട്രീയത്തിലെ മലക്കംമറിച്ചിലുകളായിരുന്നു പ്രധാന കാഴ്ച. പശ്ചിമബംഗാളിന്റെ ദീദി വലിച്ച പാലം മുറുക്കിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തത്രപ്പാടുകളില്‍ എഐസിസി വിയര്‍ത്തു. മമതാ ബാനര്‍ജി കേന്ദ്രത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയും മന്ത്രിയെ പിന്‍വലിച്ചതിന് അതേ നാണയത്തില്‍ മറുപടി പറഞ്ഞ് സോണിയ ഗാന്ധി ശക്തി തെളിയിച്ചു. ബംഗാളിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാരെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിച്ചതോടെ മമതയൊന്നു പതറി. കോണ്‍ഗ്രസ്സിന് രണ്ട് കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് മമതാ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. എംപിമാരുടെ രാജിയെ തുടര്‍ന്ന് അംഗസംഖ്യ 273 ല്‍ നിന്ന് 254 ആയി കുറഞ്ഞു. 19 എം.പിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. യുപിഎയിലെ ഏറ്റവും വലിയ ഘടകകക്ഷിയായ തൃണമൂലിന്റെ രാജി ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്നെങ്കിലും സമാജ് വാദി പാര്‍ട്ടി യുപിഎയെ പുറത്തുനിന്ന് പിന്‍തുണയ്ക്കുമെന്ന തീരുമാനമെടുത്തത് പാര്‍ട്ടിക്ക് സഹായമായി. 


 

വാതകമില്ലാതെ പാചകം തുടരേണ്ടി വരും

 

പാചകവാതക ക്ഷാമം കേരളത്തില്‍ പരിഹരിക്കപ്പെട്ടില്ല. ഇതിനിടെ പാചകവാതക കണക്ഷനുകളിലെ അപാകതകള്‍ പരിഹരിക്കാതെ പുതിയ കണക്ഷനുകള്‍ നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചതും ഉപഭോക്താക്കള്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഒരേവീട്ടില്‍ ഒന്നിലധികം കണക്ഷനുകള്‍ നിലവിലുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. നിലവിലുള്ള വരിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ പുതിയ കണക്ഷനുകള്‍ നല്‍കൂ എന്നാണ് ഓയില്‍ കോര്‍പ്പറേഷന്റെ തീരുമാനം.

 

കൂടംകുളത്ത് ഇന്ധനം നിറച്ചു തുടങ്ങി, കോടതി ഇടപെട്ടു

 

പ്രതിഷേധം ആളിക്കത്തിയെങ്കിലും സമരത്തിനു പുല്ലുവില കല്‍പ്പിച്ച് കൂടംകുളം ആണവറിയാക്ടറില്‍ ഇന്ധനം നിറയ്ക്കല്‍ തുടങ്ങി. ആണവനിലയത്തിലെ 1000 മെഗാവാട്ട് ഉത്പാദന ക്ഷമതയുള്ള ആദ്യ സമ്പുഷ്ട യുറേനിയം നിറയ്ക്കുന്നതിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയത്. ബുധനാഴ്ച മുതല്‍ റിയാക്ടറില്‍ സമ്പുഷ്ട യുറേനിയം നിറച്ചു തുടുങ്ങി.  കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

 

സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ നൂറു കോടിയുടെ പദ്ധതി

 

ഉണ്ണാണിനില്ലെങ്കിലും സായിപ്പ് ഉണ്ണുന്നതെങ്ങനെയെന്നു പറഞ്ഞു കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നത്രെ പണ്ട്. ഇംഗ്ലീഷുകാരന്റെ സദ്യവട്ടങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കുന്ന വിദ്വാന് കൈനിറയെ പണം. പട്ടിണിക്കാരന്‍ ഇതു കേട്ട് കൊതിമൂത്ത് വെള്ളമിറക്കി വയറുനിറച്ചു. മരത്തില്‍ പണം കായ്ക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മന്ത്രിസഭ ഇതാ സായിപ്പിന്റെ കാലത്തേതുപോലെയൊരു പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 100 കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നു. സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നു പരസ്യപ്പെടുത്താനാണ് ഈ പണം ചെലവാക്കുക. ഇന്ധനവിലവര്‍ധനയും ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപവും പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കിയ സാഹചര്യത്തിലാണ് യു.പി.എ പുതിയ അടവുമായി രംഗത്തെത്തുന്നത്. 

 

വിമുക്തഭടന്മാര്‍ക്ക് റാങ്കിന് പെന്‍ഷന്‍

വിമുക്തഭടന്‍മാര്‍ക്ക് ഒരു റാങ്കിന് ഒരു പെന്‍ഷന്‍ നടപ്പാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഒരേ കാലയളവില്‍ ഒരേ റാങ്കിലുണ്ടായിരുന്നവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെന്‍ഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം നേരത്തേ പെന്‍ഷന്‍ പറ്റിയവര്‍ക്കും ലഭിക്കും. 

 

കേരളം മുഴുവന്‍ സിസിടിവി

 

കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് അറിയിച്ചത്. കുറ്റവാളികളും കുറ്റകൃത്യങ്ങളും ആധുനികവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ പ്രശ്‌നങ്ങളെ നേരിടാനാണ് ക്യാമറ ഘടിപ്പിക്കുന്നത്. എവിടെയൊക്കെ ഘടിപ്പിക്കുമെന്നും ആരാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്നുമൊക്കെ കണ്ടറിയാം. 

 

കേരളത്തിനു വീണ്ടും ഇരുട്ടടി

 

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് പുനരാരംഭിച്ചു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് പലയിടത്തും നിലവിലുണ്ടായിരുന്നെങ്കിലും ഇത്തവണ ഔദ്യോഗികമായി നവംബര്‍ 30വരെ ഒരു മണിക്കൂര്‍ ദിവസവും പവര്‍ കട്ട് ചെയ്യുമെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചിട്ടുണ്ട്.രാവിലെ ആറു മുതല്‍ ഒമ്പതു വരെയും വൈകുന്നേരം ആറു മുതല്‍ പത്തുവരെയുമുള്ള സമയങ്ങളിലാണ് ലോഡ്‌ഷെഡ്ഡിങ്. 

 

മഞ്ജുള ചെല്ലൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

 

ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരുകയായിരുന്നു മഞ്ജുള.കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയായും ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

 

കഴിഞ്ഞ കുറേ നാളുകളായി കണ്ടുവരുന്ന സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടം ഈ വാരവും ദൃശ്യമായിരുന്നു. എങ്കിലും ഇത്തവണ സ്വര്‍ണ്ണവിലയില്‍ നാലുതവണ കുറവ് രേഖപ്പെടുത്തി. 80രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് കഴിഞ്ഞ വാരം ഒടുവിലുണ്ടായ വ്യത്യാസം. 23720 രൂപയില്‍ ആരംഭിച്ച സ്വര്‍ണ്ണവില വാരം അവസാനിക്കുമ്പോള്‍ 23440രൂപയിലെത്തി. 280രൂപയുടെ കുറവാണ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിയത്.

 

2013 മുതല്‍ ഇന്ത്യ മുഴുവന്‍ ഒരേ മൊബൈല്‍ ഫോണ്‍ നിരക്ക്

 

മൊബൈല്‍ റോമിങ് നിരക്കില്‍ പുതിയ പരിഷ്‌കാരം വരുത്താനുള്ള ടെലികോം അതോറിറ്റിയുടെ തീരുമാനം 2013ല്‍ നിലവില്‍ വരും. ഇന്ത്യയില്‍ എവിലെ സഞ്ചരിച്ചാലും ഉപയോക്താക്കള്‍ക്ക് റോമിങ് നിരക്കുകള്‍ നല്‍കേണ്ടിവരില്ല. എന്നു മുതലാണ് നിലവില്‍ വരുന്നതെന്ന കാര്യത്തില്‍ ടെലികോം മന്ത്രാലയം വ്യക്തത തന്നിട്ടില്ല.

2012ലെ ദേശീയ ടെലികോം നയത്തിലാണ് ഇന്ത്യയൊട്ടാകെ സൗജന്യ റോമിങ് പ്രഖ്യാപിച്ചത്. 

 

ആപ്പിള്‍ ലണ്ടണിലെ കൂള്‍ ബ്രാന്‍ഡ്

 

ആപ്പിള്‍ ലണ്ടനിലെ കൂള്‍ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു. സാംസങ് ആപ്പിള്‍ പോരിനിടയില്‍ ആപ്പിളിന് ലണ്ടനില്‍ പ്രിയമേറി എന്നത് ശ്രദ്ധേയമാണ്. ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് വില്‍പനയാണ് കമ്പനി സ്വന്തമാക്കിയത്. ഇതിന് തുടര്‍ച്ചയാണ് കമ്പനിയുടെ പുതിയ നേട്ടം. യൂട്യൂബാണ് രണ്ടാം സ്ഥാനത്തുള്ളത്. ട്വിറ്റര്‍ മൂന്നാം സ്ഥാനത്തും ഗൂഗിള്‍ നാലാം സ്ഥാനത്തുമാണ് ഉള്ളത്.

 

കൊച്ചിയില്‍ 40 നിലയുള്ള ആദ്യ ബില്‍ഡിങ് ഉദ്ഘാടനം ചെയ്തു

 

നാല്‍പ്പതു നിലയുള്ള ആദ്യത്തെ കെട്ടിടം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കെട്ടിട നിര്‍മ്മാണ സംരംഭകരായ ചോയ്‌സ് കണ്‍സ്ട്രക്ഷന്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ആഡംബര പാര്‍പ്പിട സമുച്ചയമായ ചോയ്‌സ് പാരഡൈസ് എറണാകുളത്ത് തൃപ്പൂണിത്തുറയിലാണ്. രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് 2,50,000 ചതുരശ്ര അടിയില്‍ 40 നിലകളിലായാണ് 450 അടി ഉയരത്തില്‍ സമുച്ചയം പണിതിരിക്കുന്നത്. 80 കോടിയില്‍പ്പരം രൂപ ചെലവിട്ട് അഞ്ചു വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തന്റെ വലിയ സ്വപ്നമാണു ചോയ്‌സ് പാരഡൈസ് എന്ന സംരംഭത്തിലൂടെ യാഥാര്‍ഥ്യമായി തീര്‍ന്നതെന്നു ചോയ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോസ് തോമസ് പറഞ്ഞു.

 

കിറ്റക്‌സ് ശ്രീലങ്കയിലേക്കു മാറ്റുന്നു

 

കേരളത്തിലെ വലിയ വ്യവസായ ഗ്രൂപ്പായ കിറ്റെക്‌സ് കേരളം വിടുന്നു എന്ന വാര്‍ത്തയോടെയാണ് വാരം അവസാനിക്കുന്നത്. ശ്രീലങ്കയില്‍ നിന്നായിരിക്കും ഇനി ഉത്പാദനമെന്നാണു സൂചന. സംസ്ഥാനത്ത് മാറിമാറി വരുന്ന സര്‍ക്കാരുകളുടെ സമീപനം ഉത്പാദനത്തെ ബാധിച്ചപ്പോഴാണ് കിറ്റക്‌സിന്റെ പലായനം. കേരളത്തില്‍ നാലായിരം പേര്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടപ്പെടുന്നത്. 

 

തിലകന് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി

 

വാക്കുകള്‍കൊണ്ടുള്ള വിശേഷണങ്ങള്‍ക്കപ്പുറം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അതുല്യ പ്രതിഭ തിലകന്‍ അരങ്ങൊഴിഞ്ഞു. ഒരുമാസത്തിലേറെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമായിരുന്നു വേര്‍പാട്. നാടകവേദിയില്‍ നിന്നു മലയാള സിനിമയ്ക്കു കിട്ടിയ അസാമാന്യപ്രതിഭകളിലൊരാളെയാണ് നഷ്ടമാകുന്നത്. എഴുപത്തേഴു വയസായിരുന്നു. മലയാള സിനിമാസംഘടനകളുമായി ഏറെക്കാലമായി അഭിപ്രായവ്യത്യാസങ്ങളിലായിരുന്നു തിലകന്‍. മരണശേഷം തിലകന് ആദരാഞ്ജലികളര്‍പ്പിച്ച് പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയത് ചെറിയ വിവാദങ്ങള്‍ക്കു വഴിവച്ചു. എല്ലാ തര്‍ക്കങ്ങളെയും പാതിവഴിയില്‍ നിര്‍ത്തി തിലകന്‍ എന്നെന്നേയ്ക്കുമായി യാത്രയായി. 

 

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ ശ്രമിക്കുന്നതായി പരാതി

 

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ രക്ഷിയ്ക്കാന്‍ കേന്ദ്ര വനനിയമത്തില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനംമന്ത്രിയും വനം സെക്രട്ടറിയും കത്തയച്ചത് വിവാദമാവുന്നു. 1972 ലെ വനംവന്യജീവി സംരക്ഷണ നിയമത്തിലെ 63 വകുപ്പിലും 140 എ ഉപ വകുപ്പിലും ഭേദഗതി വേണമെന്നാവശ്യപ്പെട്ടാണ് കന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന് കത്തയച്ചത്.

വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ആക്ഷേപം.വന്യമൃഗങ്ങളുടെ കൊമ്പ്, എല്ല്, പല്ല് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ച കരകൗശല വസ്തുക്കള്‍, ശില്‍പങ്ങള്‍ എന്നിവ സൂക്ഷിക്കുന്നവര്‍ സര്‍ക്കാറിനെ വിവരമറിയിച്ച് നിയമവിധേയമാക്കണമെന്ന് 2003 ല്‍ കേന്ദ്ര വനംവന്യജീവി വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ആറ് മാസം സമയം അനുവദിച്ചു.

 

ബര്‍ഫിക്ക് ഓസ്‌കര്‍ നോമിനേഷന്‍

ബര്‍ഫി എന്ന ബോളിവുഡ് ചിത്രത്തിന് ഓസ്‌കര്‍ നോമിനേഷന്‍. രണ്‍ബീര്‍ കപൂറിന്റെയും പ്രിയങ്ക ചോപ്രയുടേയും അഭിനയമികവിന് ഓസ്‌കര്‍ കിട്ടുമെന്നു തന്നെയാണു ഹിന്ദി സിനിമാ ലോകത്തിന്റെ പ്രതീക്ഷ. 

ഭൂപതി-ബൊപ്പണ്ണ സംഖ്യത്തിന്റെ വിലക്കിന് സ്റ്റേ

 

ടെന്നിസ് താരങ്ങളായ മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ എന്നിവരെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയ ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍ നടപടി കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു.ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ 2014 ജൂണ്‍ 30 വരെയാണ് രണ്ട് പേര്‍ക്കും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് അസോസിയേഷന്റെ നടപടിക്കെതിരെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.വിലക്ക് ഏര്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസയയ്ക്കാനും ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍ ഉത്തരവിട്ടു.

 

ലോക അമ്പെയ്ത്തില്‍ ദീപികയ്ക്കു വെള്ളി

 

ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ റിക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിക്ക് വെള്ളി മെഡല്‍ .ഫൈനലില്‍ ദക്ഷിണകൊറിയയുടെ ലോക ഒന്നാം നമ്പര്‍ താരമായ കീ ബോ ബേയാണ് ദീപിക കുമാരിയെ പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരത്തില്‍ 4-6 നാണ് ദീപിക പരാജയപ്പെട്ടത്.

 

ഐ.സി.സി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

 

ഐ.സി.സി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം.ഇപ്പോള്‍ മൂന്നാം റാങ്കിലാണ് ഇന്ത്യ. ട്വന്റി20 ലോകകപ്പില്‍ ശക്തരായ ഇംഗ്ലണ്ടിനെ 90 റണ്‍സിന് തോല്‍പിച്ചതാണ് ഇന്ത്യ റാങ്കിങ്ങില്‍ മുന്നിലെത്തിയത്. ഇന്ത്യയ്ക്കിപ്പോള്‍ 116 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ശ്രീലങ്ക നാലാമതും പാക്കിസ്ഥാന്‍ അഞ്ചാമതും ഓസ്‌ട്രേലിയ ഏഴാമതുമാണ്.

 

ബാന്റ് സ്റ്റാന്‍ഡ് ഫെസ്റ്റിവെലില്‍ കെസിഎ റെഡിച്ച് പങ്കെടുത്തു

 

റെഡിച്ച് ബോറോ കൗണ്‍സില്‍ സംഘടിപ്പിച്ച ബാന്റ് സ്റ്റാന്റ് ഫെസ്റ്റിവലില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചും പങ്കെടുത്തു. അടുത്തിടെ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗുകാര്‍ പ്രകടനം നടത്തിയ അതേ വേദിയില്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റെഡിച്ചിലെ വിവിധ കമ്മ്യൂണിറ്റി ഫോറങ്ങള്‍ ഒരുമിച്ചു.വിഘടന വാദികള്‍ക്ക് റെഡിച്ചില്‍ സ്ഥാനമില്ല എന്നുള്ള ഉറച്ച പ്രഖ്യാപനമായി ഈ ഫെസ്റ്റിവല്‍ . 

 

നീണ്ടൂര്‍ ആഗോള സമ്മേളനം ഗംഭീരം

 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യുകെ നീണ്ടൂര്‍ ആഗോള സമ്മേളനം ഗംഭീരമായി.നാട്ടു സംഗമങ്ങളുടെ തുടക്കക്കാരായ നീണ്ടൂര്‍ നിവാസികള്‍ ആഗോള തലത്തില്‍ ഒത്തുകൂടിയപ്പോള്‍ ഈ വര്‍ഷത്തെ സമ്മേളനം  ശ്രദ്ധേയമായി.ബര്‍മിങ്ഹാം റോസ് ഹില്‍ ബില്‍ ബെറി സെന്ററില്‍ സെപ്റ്റംബര്‍ 15ന് മൂന്ന് മണിയോടേ നടന്ന സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തു ചേര്‍ന്ന് ഫാ: ജോസഫ് നരികുഴിയുടെ നേതൃത്വത്തില്‍ വി. കുര്‍ബാന നടത്തി. 

 

മൂന്നു വര്‍ഷം കഴിഞ്ഞാല്‍ പകുതി വീടുകള്‍ക്കും മോര്‍ട്ടേജ് ഇല്ലാതാകും

 

വീടുവിലയില്‍ ഉണ്ടായ കുറവും വില്‍പന മാന്ദ്യവും ആശങ്കപ്പെടുന്നവര്‍ക്ക് ഇനി ആശ്വസിക്കാം.ബ്രിട്ടനിലെ പകുതി ആളുകള്‍ക്കും മോര്‍ട്ടേജ് ഇല്ലാതാകും.എഴുപതുകളിലും എണ്‍പതുകളിലും വീടു വാങ്ങിയവര്‍ മാത്രമല്ല, പലിശ കുറവിനെത്തുടര്‍ന്നു കൂടുതല്‍ മോര്‍ട്ട്‌ഗേജ് അടച്ചവരും ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് ഇല്ലാത്തവരായി മാറുന്നു. വളരെ കുറച്ചു പൗണ്ടുമാത്രം പലിശ അടച്ചാല്‍ മതി എന്ന സാഹചര്യത്തിലാണ് അനേകംപേര്‍ മോര്‍ട്ട്‌ഗേജ് രഹിതരായി തീരുന്നത്. പത്തു വര്‍ഷം മുമ്പ് വീടുവാങ്ങിയ മലയാളികളും ഉണ്ട് ഈ പട്ടികയില്‍.

 

അബുഹംസയെ ബ്രിട്ടന്‍ നാടുകടത്തും

ഇന്റര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കൊടുംഭീകരന്‍ അബുഹംസയെ ബ്രിട്ടന്‍ നാടുകടത്തും. കഴിഞ്ഞ എട്ടുവര്‍ഷമായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ നടക്കുന്ന കേസിനാണ് അവസാനമാകുന്നത്. കേസിന്റെ നടത്തിപ്പിനായി കുറഞ്ഞത് ഒരു ദശലക്ഷം പൗണ്ടെങ്കിലും സര്‍ക്കാരിനു ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനാണ് അബു ഹംസയെന്നു ഹോം സെക്രട്ടറി തെരേസാ മേയ് കോടതിയില്‍ പറഞ്ഞു. ഇയാളെ ഉടന്‍ അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറ്റി അയയ്ക്കും. ഹംസയുടെ അവസാനത്തെ അപ്പീലും തള്ളിയതോടെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇയാളെ പുറത്താക്കും. 

 

 

 

 
 
Other News in this category

 
 




 
Close Window