Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
വാരാന്ത്യം
reporter

 കള്ളില്‍ മുങ്ങി, 


പാചകവാതകത്തില്‍ പുകഞ്ഞ് 

ഒക്‌ടോബറിനു വരവേല്‍പ്പ്

കള്ളുഷാപ്പുകള്‍ നിര്‍ത്തണമെന്ന് ഹൈക്കോടതിയുടെ അഭിപ്രായവും അതിനെത്തുടര്‍ന്ന് മത-രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളുമായിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിലെ ചൂടുള്ള വാര്‍ത്ത. നഗരങ്ങളിലെ കുടുംബങ്ങളില്‍ കഞ്ഞികുടി മുട്ടിക്കുന്ന വിധം ഗ്യാസ് സിലിണ്ടറുകളെ എണ്ണം വെട്ടിക്കുറച്ചതായിരുന്നു ന്യൂഡല്‍ഹിയില്‍ നിന്നുള്ള തീരുമാനങ്ങളില്‍ പ്രധാനം. പതിവു ചടങ്ങുകളോടെയുള്ള ഗാന്ധിജയന്തിയും വാരാചരണവും സാക്ഷ്യം വഹിച്ച കഴിഞ്ഞയാഴ്ചയിലെ സുപ്രധാന സംഭവങ്ങളിലേക്ക്. 

കള്ള് ഷാപ്പുകള്‍ നിര്‍ത്താന്‍ 

സമയമായില്ലേ...? ഹൈക്കോടതി

കള്ള്ഷാപ്പുകള്‍ നിര്‍ത്തലാക്കേണ്ട സമയം കഴിഞ്ഞുവെന്ന ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവിധ മത രാഷ്ട്രീയ നേതാക്കള്‍ ഇതിനോടു പലവിധം പ്രതികരിച്ചു. കള്ളുചെത്ത് നിരോധനം പെട്ടെന്ന് നടപ്പിലാക്കാനാവില്ല. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കും എന്നായിരുന്നു കെ.എം.മാണിയുടെ പ്രതികരണം. ശക്തമായി പ്രതികരിച്ചത് മന്ത്രി കെ.ബാബു ആയിരുന്നു. കോടതിയെ വിമര്‍ശിക്കാനുള്ള ധൈര്യവും പ്രകടിപ്പിച്ചു മന്ത്രി ബാബു. എന്തുകുടിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അതില്‍ കോടതി ഇടപെടേണ്ട എന്നായിരുന്നു ബാബുവിന്റെ പ്രതികരണം. ബാബുവിന്റെ പരാമര്‍ശത്തെ കോടതി ശക്തമായി വിമര്‍ശിച്ചു. കൂടാതെ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളിയും വിമര്‍ശനവുമായി രംഗത്തെത്തി. കള്ള് നിരോധനത്തിന് മുസ്ലീം ലീഗ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.  

സിഎജി സര്‍ക്കാരിന്റെ കണക്കപ്പിള്ളയല്ലെന്നു സുപ്രീംകോടതി

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാരിന്റെ കണക്കപ്പിള്ളയല്ലെന്നു സുപ്രീംകോടതി. വരവു ചെലവു കണക്കുകളുടെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാനുള്ള സ്ഥാപനം മാത്രമല്ല സിഎജി. സര്‍ക്കാരിന്റെ കാര്യക്ഷമതയും ക്രിയാത്മകതയും സാമ്പത്തികച്ചെലവുകളും പരിശോധിക്കാനും വിലയിരുത്താനും സിഎജിക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ സിഎജി ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്‍ അന്തരിച്ചു 

മുന്‍മന്ത്രി എന്‍ . രാമകൃഷ്ണന്‍ (76) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സംസ്ഥാന നിയമസഭയില്‍ തൊഴില്‍വനം വകുപ്പ് മന്ത്രിയായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1969 ലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന് പുതുജീവന്‍ പകരാന്‍ ഏറെ പ്രയത്‌നിച്ച നേതാവായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ സേവാദളിന്റെ സംസ്ഥാന ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ഡിസിസിയുടെ മുന്‍ അധ്യക്ഷനായിരുന്നു. ബീഡിതൊഴിലാളിയായിരുന്ന അദ്ദേഹം ഐഎന്‍ടിയുസിയിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോബര്‍ട്ട് വദ്ര കോടീശ്വരനെന്നു മോഡി

ഗാന്ധി കുടുംബത്തിന് ഈ വാരം തിരിച്ചടികളുടേതായിരുന്നു. സോണിയ ഗാന്ധിക്കെതിരെ ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എത്തിയതിന് പിന്നാലെ മരുമകന്‍ റോബര്‍ട്ട് വധ്രയ്‌ക്കെതിരെ കേജ്രിവാളും രംഗത്തെത്തിയത് സോണിയയ്ക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1880 കോടി രൂപ ചെലവഴിച്ചതായാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ആരോപിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെ കണക്കനുസരിച്ചാണ് ഇതെന്നും മോഡി പറഞ്ഞു. 

അതേസമയം വധ്രയ്‌ക്കെതിരായ ആരോപണത്തിന് തെളിവുമായി കേജ്രിവാള്‍ രംഗത്തെത്തി. വധ്രയുടെ ആസ്തിയില്‍ കോടികളുടെ വര്‍ദ്ധനവുണ്ടായതിനെപ്പറ്റിയും ഡിഎല്‍എഫുമായുള്ള വധ്രയുടെ വഴിവിട്ട ബന്ധങ്ങളെപ്പറ്റിയുമായിരുന്നു കെജ്രിവാളിന്റെ ആരോപണം.

ഹസാരേയുടെ പിന്തുണവേണ്ട,

കെജ്രിവാളിന് സ്വന്തം പാര്‍ട്ടി

അഴിമതി വിരുദ്ധനേതാവ് അണ്ണാ ഹസാരെയുടെ സംഘടനയില്‍ നിന്നും പിരിഞ്ഞ ശേഷം അരവിന്ദ് കേജ്രിവാളും സംഘവും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്തയും ശ്രദ്ധേയമായി. പാര്‍ട്ടിയുടെ പേര് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ ഒക്ടോബര്‍ 26 പ്രഖ്യാപിക്കുമെന്നാണ് കേജ്രിവാള്‍ പ്രസ്താവിച്ചിട്ടുള്ളത്.

പാചകവാതകം കിട്ടാനില്ല, 

വിലയും വര്‍ധിച്ചു

പാചകവാത ക്ഷാമവും വിലവര്‍ദ്ധനയും നിയന്ത്രണവും ഈ വാരവും ജനജീവിതം ദുസ്സഹമാക്കി. ഇതിനെല്ലാം പുറമെ പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിക്ക് തിരിച്ചടിയാകുമെന്നതിനാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ്, പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. എല്‍പിജി പരിധി വെട്ടിക്കുറച്ചതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പു തന്നെ ഇതിനെതിരെ രംഗത്തെത്തിയത് ശ്രദ്ധേയമായി. മന്ത്രാലത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി മമത ബാനര്‍ജിയും രംഗത്തെത്തി.

ഇതിനുപുറമെ പാചകവാതകത്തിന്റെ വില സിലിണ്ടറിന് 11.42 രൂപ വര്‍ധിച്ചു. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി. പെട്രോള്‍ പമ്പ് ഉടമകളുടെ കമ്മീഷന്‍ ഉയര്‍ത്തുന്ന കാര്യവും പെട്രോളിയം മന്ത്രാലയം പരിഗണിക്കുന്നുണ്ട്. അതിനാല്‍ പെട്രോള്‍ , ഡീസല്‍ എന്നിവയുടെ വിലയും വര്‍ധിച്ചേക്കും.

കൂടാതെ എത്ര അപ്പാര്‍ട്ട്‌മെന്റുകളുണ്ടെങ്കിലും ഓരോ ഫ്‌ലാറ്റിനെയും ഓരോ ഉപയോക്താവായാണ് ഇനിമുതല്‍ കണക്കാക്കുകയെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറഷന്‍ ഉത്തരവിറക്കി. അതായത് നൂറ് കുടുംബം താമസിക്കുന്ന ഫ്‌ലാറ്റായാലും പ്രതിവര്‍ഷം ആറ് സിലിണ്ടര്‍ മാത്രമാണ് സബ്‌സിഡി നിരക്കില്‍ ഇവര്‍ക്ക് ലഭിക്കുക. ബാക്കിയുള്ളതെല്ലാം സബ്‌സിഡിയില്ലാത്ത വിലയ്ക്ക് വാങ്ങേണ്ടിവരും. ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളും ഇനി മുതല്‍ സിലിണ്ടര്‍ ഒന്നിന് 928.9 രൂപ നല്‍കേണ്ടിവരും. ഇതു സംബന്ധിച്ച ഉത്തരവ് കോര്‍പ്പറേഷന്‍  ഏജന്‍സികള്‍ക്ക് നല്‍കി.

മുല്ലപ്പെരിയാര്‍ : കേരളത്തിനു 

കോടതി വിമര്‍ശനം

മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനത്തിന് തിരിച്ചടി നേരിട്ട വാരം കൂടി ആയിരുന്നു ഇത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനു മറുപടി നല്‍കാന്‍ കേരളം രണ്ടുമാസം കൂടി സമയം ചോദിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പുതിയ തെളിവുകള്‍ സ്വീകരിക്കില്ലെന്നും കേസിന്റെ നടപടികള്‍ അനന്തമായി നീട്ടാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

കേരളം ഭരിക്കുന്നത് 

മുസ്ലീം ലീഗാണെന്ന് ലീഗ് മന്ത്രി 

സംസ്ഥാനം ഭരിക്കുന്നത് മുസ്ലീം ലീഗാണെന്ന ലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന. വിവിധ നേതാക്കള്‍ ഇതിനോട് ശക്തമായി പ്രതികരിച്ചു. എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്നും പറഞ്ഞകാര്യങ്ങളില്‍ ചിലതുമാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. പാര്‍ട്ടിക്ക് വേണ്ടത്ര ഭരണപങ്കാളിത്തമില്ലെന്ന വിമര്‍ശനം യോഗത്തിലുയര്‍ന്നപ്പോള്‍ മറുപടി പറയുകയാണ് താന്‍ ചെയ്തത്. എല്ലാ പാര്‍ട്ടികളും അവരുടെ യോഗങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.

വയലാര്‍ അവാര്‍ഡ് കവി അക്കിത്തത്തിന് 

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. അക്കിത്തത്തിന്റെ അന്തിമഹാകാലം എന്ന കൃതിക്കാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാറിന്റെ ചരമദിനമായ 27 ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. 1926 മാര്‍ച്ചില്‍ പാലക്കാട് കുമരനല്ലൂരില്‍ ജനിച്ച അക്കിത്തം കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ അമ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്‌കാരവും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില ഇത്തവണ കുറവ് രേഖപ്പെടുത്തി. പവന് 120രൂപവരെ കുറഞ്ഞ വാരമായിരുന്നു ഇത്. 23,320രൂപയാണ് ഈ വാരം അവസാനിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില.രാജ്യാന്തര വിപണിയില്‍ വിലകുറയുന്നതാണ് ആഭ്യന്തര വിപണിയിലും പലപ്പോഴും പ്രതിഫലിക്കുന്നത്. 

18 കാരറ്റ് സ്വര്‍ണംകൊണ്ട് ഐഫോണ്‍

സ്വര്‍ണ്ണത്തിന് വില ദിവസംതോറും വര്‍ദ്ധിച്ചുവരികയാണ്. എന്നാലും സ്വര്‍ണ്ണത്തോടുള്ള ഭ്രമം അവസാനിക്കുന്നില്ല. ഇതു മനസ്സിലാക്കിയിട്ടാവണം ലിവര്‍പൂള്‍ ഡിസൈനറായ സ്റ്റുവര്‍ട് ഹഗ്‌സ് പുതിയ ഐ ഫോണ്‍ 5 വുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്നറിയണ്ടേ..? ആപ്പിളിന്റെ ഐഫോണ്‍ 5ല്‍ നിന്നും ചെറിയൊരു വ്യത്യാസമേ ഇതിനുള്ളൂ. ഈ ഐ ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടും വജ്രം കൊണ്ടുമൊക്കെയാണ്. 18 കാരറ്റ് സ്വര്‍ണം കൊണ്ടാണ് സ്റ്റുവര്‍ട് തന്റെ ഐഫോണ്‍ 5 നിര്‍മിച്ചിരിക്കുന്നത്. പിന്നെ ഭംഗിക്ക് അല്‍പ്പം ഡയമണ്ട് ഫിനിഷിങ്ങും. ഐഫോണിന്റെ പുറത്തുള്ള ആപ്പിള്‍ ലോഗോയിലാണ് ഡയമണ്ട് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള 100 ഐഫോണുകളാണ് സ്റ്റുവര്‍ട് നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ വിലയും അത്ര കുറവൊന്നുമല്ല. 18,76,888 രൂപ!

ആപ്പിള്‍ ഇന്ത്യയിലേക്ക്

ഇലക്ട്രോണിക് കമ്പനിയായ ആപ്പിള്‍ ഇന്ത്യയില്‍ ഷോറൂം തുടങ്ങാന്‍ ഒരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐഫോണിന്റേയും ഐപാഡിന്റേയും പ്രായോജകരായ ആപ്പിള്‍ ഇന്ത്യയില്‍ ഷോറൂം തുറന്നേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തങ്ങളുടെ തീരുമാനത്തോട് ഇന്ത്യ അനുഭാവം പ്രകടിപ്പിച്ചാല്‍ ഷോറൂം തുറക്കുമെന്നാണ് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.ഇന്ത്യയില്‍ ഷോറൂം തുറക്കുന്നതിലൂടെ ആപ്പിളിന് ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയായി ഉയരുവാന്‍ കഴിയും. 30 ശതമാനം ലോക്കല്‍ സോഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടുത്തിയാല്‍ ഐ.ടി ഓപ്പറേഷന്‍ ഇന്ത്യയില്‍ നടത്താന്‍ കഴിയും. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പമാകുകയുള്ളൂ.

ബജാജ് ഡിസ്‌കവര്‍ ലോകത്തിലേറ്റവും 

വില്പനയുള്ള ബൈക്ക്

സെപ്റ്റംബറിലെ കണക്കനുസരിച്ച് ബജാജ് ഡിസ്‌കവര്‍ ലോകത്തിലേറ്റവും വില്പനയുള്ള ബൈക്ക് എന്ന ബഹുമതി നേടി.ഹീ റോ സ്‌പ്ലെന്‍ഡറിനെ മറികടന്നാണ് ഡിസ്‌കവര്‍ ഈ നേട്ടം നേടിയത്. 1,22,986 ബൈക്കുകളുടെ വില്പനയിലൂടെയാണു ബജാജ് ഈ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.ആദായകരവും സുഖപ്രദവുമായ രീതിയില്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ സ്‌റ്റൈലും പ്രകടന മികവും കോര്‍ത്തിണക്കുന്ന ഡിസ്‌കവര്‍ ഒത്തുതീര്‍പ്പുകളെ മറികടന്നതായി ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ വിഭാഗം വക്താവ് കെ. ശ്രീനിവാസ് പറഞ്ഞു. ഡിസ്‌കവര്‍ 125 എസ്ടി കഴിഞ്ഞമാസം 35,000 യൂണിറ്റുകള്‍ വിറ്റു.

ശശി മോഹന് യാത്രാമൊഴി

ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈ കോടമ്പാക്കത്തെ വസതിയില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്തരിച്ചത്. തമിഴിലും മലയാളത്തിലുമായി 32 സിനിമകളും ഏതാനും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, ഹിറ്റ്‌ലിസ്റ്റ്, അപൂര്‍വസംഗമം തുടങ്ങിയവയാണ് ശശി മോഹന്‍ സംവിധാനം ചെയ്ത പ്രധാന മലയാള ചിത്രങ്ങള്‍. തിലകം ആണ് അവസാന ചിത്രം. രതിനിര്‍വേദത്തിലെ ശ്രീജിത് വിജയിനെ നായകനാക്കി തമിഴില്‍ ഒടുത്തളം എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലായിരുന്നു. ഭാര്യ: രഞ്ജിനി. മക്കള്‍ : വിഷ്ണു, ബാല.

വള്ളത്തോള്‍ പുരസ്‌കാരം

യൂസഫലി കേച്ചേരിക്ക് 

വള്ളത്തോള്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്. യൂസഫലി കേച്ചേരിയുടെ കവിതകള്‍ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. 1,11,111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. 1962 ല്‍ പുറത്തിറങ്ങിയ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് യൂസഫലി ചലചിത്രമേഖലയിലേക്കെത്തുന്നത്. മഴ എന്ന ചിത്രത്തിലെ ഗാനത്തിന് 2000 ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കവന കൗതുകം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 

യേശുദാസ് മുഖ്യമന്ത്രിയോട് മാപ്പ് ചോദിച്ചു

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കു സര്‍ക്കാര്‍ പണം അനുവദിയ്ക്കുന്നില്ലെന്ന ഗായകന്‍ കെ.ജെ. യേശുദാസിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി. ഗാനഗന്ധര്‍വന്റെ ഏറ്റവും പുതിയ പ്രസ്താവന വിവാദമായി. .ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെളിവുകള്‍ നിരത്തി പ്രതികരിച്ചതോടെ യേശുദാസ് മാപ്പ് പറയുകയും ചെയ്തു.

അന്‍പതു കുട്ടികളുടെ ആദ്യപട്ടികയില്‍ നിന്നു 43 പേര്‍ക്ക് ഇതുവരെ ശസ്ത്രക്രിയ നടത്തി. ആര്‍ക്കെങ്കിലും പരാതിയുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ട് അന്വേഷിക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയ്ക്ക് വിധേയരായ എല്ലാവരുടെയും വിലാസവും ഫോണ്‍ നമ്പറും അദ്ദേഹം വിതരണം ചെയ്തു.മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് തന്റെ പരാമര്‍ശം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തതുമൂലം സംഭവിച്ച തെറ്റാണെന്നു കൊച്ചിയില്‍ വിശദീകരിച്ച യേശുദാസ്, ക്ഷമ ചോദിച്ചു. '300 ശസ്ത്രക്രിയ നടത്തുമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ 43 എണ്ണം ഇതിനകം പൂര്‍ത്തിയാക്കിയതു വാഗ്ദാനം പാലിക്കുമെന്നതിന്റെ തെളിവാണ്. 15 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഈ കാര്യം കൃത്യമായി ശ്രദ്ധിച്ചും അറിഞ്ഞും വേണമായിരുന്നു ഞാന്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഈ വിഷയത്തില്‍ തെറ്റായ പരാമര്‍ശം നടത്തേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും യേശുദാസ് പറഞ്ഞു.

കമല്‍ഹാസന്‍ ഫിലിം സ്‌കൂള്‍ തുടങ്ങുന്നു

സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പുതുതലമുറയെ വാര്‍ത്തെടുക്കാനായി ഒരു ഫിലിം സ്‌കൂള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസന്‍ . സിനിമയുടെ സാങ്കേതിക മേഖലകളില്‍ സമ്പൂര്‍ണ്ണമായ പഠനവും പരിശീലനവും നല്‍കാന്‍ വേണ്ടി ഒരു മികച്ച ഒരു സിനിമാടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന തന്റെ സ്വപ്‌നം അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നു കമല്‍ പറഞ്ഞു. സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍ നമുക്ക് മികച്ച സ്ഥാപനങ്ങളില്ലെന്നും അത്തരം കാര്യങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളവരെ വാര്‍ത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും കമല്‍ പറയുന്നു.

ബിഗ് ബഡ്ജറ്റ് ചിത്രമായ 'വിശ്വരൂപ'ത്തിന്റെ ചിത്രീകരണാനന്തര ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് കമല്‍ .ഈ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തീയേറ്ററുകളിലെത്തും. കമലിന്റെ നായികമാരായി പൂജാ കുമാറും, ആന്‍ഡ്രിയ ജെര്‍മിയയും അഭിനയിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രമുഖ താരം രാഹുല്‍ ബോസാണ്. 'വിശ്വരൂപ'ത്തിന് കഥ, തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും നായകനായ കമലഹാസന്‍ തന്നെയാണ്.

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് മ്ത്സരം ഉദ്ഘാടനം കൊച്ചിയില്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ(സിസിഎല്‍) ഉദ്ഘാടനം കൊച്ചിയില്‍ നടക്കും. ഉദ്ഘാടനവേദിയായി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം തന്നെയാണ് ഒരുങ്ങുക.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സി.സി.എല്ലിനായി അനുവദിക്കുന്നത് സംബന്ധിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷനുമായുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതിനെതുടര്‍ന്നാണ് പുതിയ തീരുമാനം. 

അടുത്ത വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സി.സി.എല്‍ ഉദ്ഘാടനം നടക്കുന്നത്. എന്നാല്‍ സ്‌റ്റേഡിയം സന്തോഷ് ട്രോഫി ഫുട്‌ബോളിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ചര്‍ച്ചയെത്തുടര്‍ന്ന് സ്‌റ്റേഡിയം സി.സി.എല്ലിനായി വിട്ടുകൊടുക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തയ്യാറാവുകയായിരുന്നു.

തിലകന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം 

അന്തരിച്ച നടന്‍ തിലകന്റെ സ്വത്തുക്കളെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. അച്ഛന്റെ സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മകള്‍ സോണിയ തിലകന്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തന്നെ ഒഴിപ്പിക്കാന്‍ തിലകന്റെ ആദ്യഭാര്യയിലെ മക്കള്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് തിലകന്റെ രണ്ടാമത്തെ ഭാര്യയുടെ മകളായ സോണിയ കോടതിയെ സമീപിച്ചത്. തിലകന്‍ അവസാന നാളുകളില്‍ തിരുവനന്തപുരത്തെ പിആര്‍എസ് കോര്‍ട്ട് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ സോണിയയോടൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന്റെ പേരിലുള്ള ഈ വീട്ടില്‍ നിന്ന് തന്നെ ഇറക്കി വിടരുതെന്നാണ് സോണിയയുടെ ആവശ്യം. കൂടാതെ തിലകന് ലഭിച്ച പുരസ്‌കാരങ്ങളും അവാര്‍ഡുകളും മറ്റാരെങ്കിലും ബലം പ്രയോഗിച്ച് എടുക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.തിലകന്റെ ആദ്യ ഭാര്യയിലെ മക്കളിലൊരാളായ ഷോബി തിലകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. തിലകന് ലഭിച്ച പുരസ്‌കാരങ്ങള്‍ അടക്കമുള്ളവ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും സോണിയ ആരോപിച്ചു.ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി ആസ്തികള്‍ വിലയിരുത്താന്‍ കമ്മീഷണറെ നിയോഗിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധന നടത്തിയിരുന്നു. 1990ലാണ് തിലകന്‍ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.

നോട്ടിങ്ങ്ഹാം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 

എംഎംസിഎ ചാമ്പ്യന്‍

നോട്ടിങ്ങ്ഹാം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ചാമ്പ്യന്‍മാരായി. ഫെനലില്‍ സന്ദര്‍ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തുരത്തിയാണ് എംഎംസിഎ വിജയ കിരീടം അണിഞ്ഞത്.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന മത്സരത്തില്‍ ബാസില്‍ഡണെയും പ്രസ്റ്റണെയും പരാജയപ്പെടുത്തിയും സന്ദര്‍ലാന്റിനോട് സമനില വഴങ്ങിയുമാണ് എംഎംസിഎ സെമിഫൈനലില്‍ എത്തിയത്. സെമിയില്‍ നോട്ടിങ്ങ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത എംഎസിഎ ഫൈനലില്‍ എത്തി കിരീടം സ്വന്തമാക്കുകയായിരുന്നു.

വിജയികള്‍ക്ക് എംഎംസിഎ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് സെക്രട്ടറി സാജന്‍ ചാക്കോ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അസ്സോസിയേഷന്‍ ദശാബ്ദി വേളയില്‍ ഈ നേട്ടം ഉണര്‍വ്വും ആത്മ വിശ്വാസവും പകര്‍ന്ന് നല്‍കിയതായി പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് അറിയിച്ചു. ജൂബില്‍ കുന്നശ്ശേരി ക്യാപ്റ്റനായുള്ള എംഎസിഎം ടീം കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ നാഷണല്‍ തലത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

സ്‌റ്റോക്ക് ഓണ്‍ ട്രന്റ് എസ്എംഎ ജേതാക്കള്‍

യുക്മ മിഡ്‌ലാന്റ്‌സ് റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വീറും വാശിയുമേറിയ മത്സരങ്ങള്‍ക്കൊടുവില്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റ് എസ്എംഎ ജേതാക്കളായി. 

യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ 12 അസോസിയേഷനില്‍ നിന്നായി 23 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ സിബു അനീഷ് (എസ്എംഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് ) ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് അഭിലാഷ് ജോര്‍ജ് (ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി) ടീമിനെ പരാജയപ്പെടുത്തി. 201 പൗണ്ട് കാഷ് അവാര്‍ഡും ജോസ് കൈതവേലില്‍ എവര്‍റോളിംഗ് ട്രോഫിയും ഒന്നാം സമ്മാനാര്‍ഹര്‍ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 101 പൗണ്ട് ക്യാഷ് അവാര്‍ഡും മത്തായി നെല്ലിക്കുന്നേല്‍ എവര്‍റോളിംഗ് ട്രോഫിയും അഭിലാഷ്  ജോര്‍ജ് ടീം കരസ്ഥമാക്കി.

ജേതാക്കള്‍ക്ക് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെപി വൈസ് പ്രസിഡന്റ് ബീന സെന്‍സ്, യുക്മ റീജിയണല്‍ പ്രസിഡന്റ് ബിന്‍സ് ജോസ്, സെക്രട്ടറി ബിനു, ജോസ് മാത്യു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അജി മംഗലത്ത് അഫ്‌സല്‍ (എസ്എംഎ സ്‌റ്റോക്ക് ) മൂന്നാം സ്ഥാനവും ജോജന്‍ ആന്റണി പ്രിന്‍സ് ജോര്‍ജ് (എംഐസികെഎ, വാള്‍സാള്‍ ) നാലാം സ്ഥാനവും കരസ്ഥമാക്കി.

ട്വന്റി20 ലോകകപ്പ് : സെമി കാണാതെ ഇന്ത്യ പുറത്ത്

ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ സെമി കാണാതെ പുറത്തായി.ഒരു റണ്ണിനാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ചത്.നാലു പോയിന്റ് വീതം നേടി പോയിന്റ് നിലയില്‍ ഇന്ത്യയും പാക്കിസ്ഥാനും തുല്യത പാലിച്ചെങ്കിലും റണ്‍ ശരാശരിയില്‍ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയ്ക്കും പാക്കിസ്ഥാനും പിന്നിലായ ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്താകുകയായിരുന്നു. നാലിന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ ശ്രീലങ്ക പാക്കിസ്ഥാനെയും അഞ്ചിന് രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്.

ട്വന്റി20 ലോകകപ്പില്‍ സെമിഫൈനലില്‍ കടക്കാനായില്ലെങ്കിലും റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് മുന്നേറ്റം. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ശ്രീലങ്ക പട്ടികയില്‍ ഒന്നാം സ്ഥാനം നേടി. ശ്രീലങ്കയേക്കാള്‍ ഒന്‍പത് പോയിന്റ് പിന്നിലാണ് ഇന്ത്യ. 118 പോയിന്റോടെ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഇന്ത്യയ്ക്ക് പിന്നിലുണ്ട്. 

കെവിന്‍ പീറ്റേഴ്‌സണ്‍ തിരിച്ചുവരുന്നു

കൊളംബോ:കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവരുന്നു.പീറ്റേഴ്‌സണും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മൊബൈലിലേക്ക് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ആന്‍ഡ്രു സ്‌ട്രോസ്സിനെ വിമര്‍ശിക്കുന്ന എസ്.എം.എസ്സുകള്‍ അയച്ചതിന്റെ പേരിലാണ് പീറ്റേഴ്‌സണ്‍ ടീമിന് പുറത്താവുന്നത്. ഇതേത്തുടര്‍ന്ന് ട്വന്റി 20 ലോകകപ്പിനും ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുമുള്ള ടീമുകളിലേക്ക് പീറ്റേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

മൈക്കല്‍ ഷൂമാക്കര്‍ വിരമിക്കുന്നു

റേസ് ട്രാക്കിലെ നിത്യഹരിത നായകന്‍ മൈക്കല്‍ ഷൂമാക്കര്‍ കരിയറിനോട് വിടപറയുന്നു. 2006ല്‍ വിരമിക്കുകയും പിന്നീട് 2009ല്‍ വീണ്ടും ്രൈഡവിങ് സീറ്റില്‍ മടങ്ങിയെത്തുകയും ചെയ്ത ഷൂമാക്കര്‍ ഇക്കുറി വിരമിക്കുന്നത് ഇനിയില്ല എന്ന് തീര്‍ച്ചപ്പെടുത്തിയാണ്. 

അടുത്ത സീസണ്‍ മുതല്‍ മെഴ്‌സിഡസിന്റെ ്രൈഡവര്‍ പട്ടികയില്‍ ഷൂമാക്കര്‍ ഉണ്ടാവില്ലെന്ന് അടുത്തിടെ മെഴ്‌സിഡസ് പ്രഖ്യാപിച്ചിരുന്നു. മക്‌ലാറന്‍ ്രൈഡവര്‍ ലൂയി ഹാമില്‍ട്ടണിനെയാണ് ഷൂമാക്കര്‍ക്കു പകരം നിര്‍മാതാക്കള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 

ഫോര്‍മുലവണ്‍ ചരിത്രത്തില്‍ മറ്റേതൊരു ഡ്രൈവറെക്കാളും വിജയങ്ങള്‍ സ്വന്തമായുള്ള ഷൂമാക്കര്‍ ഏഴുവട്ടമാണ് ലോകകിരീടം സ്വന്തമാക്കിയത്. 91 വിജയങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 155 തവണ മെഡല്‍ പൊസിഷനും 68 തവണ പോള്‍ പൊസിഷനും സ്വന്തമാക്കി. 77 തവണ ഫാസ്റ്റസ്റ്റ് ലാപ്പ് ടൈം കുറിച്ചു. 

1991 ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷൂമാക്കര്‍ തുടക്കം കുറിച്ചത്. ഇതിഹാസ ്രൈഡവര്‍ അയര്‍ട്ടന്‍ സെന്ന കൊല്ലപ്പെട്ട 1994ലാണ് ഷൂമാക്കര്‍ ആദ്യമായി ചാമ്പ്യനായത്. 1994ലും 1995ലും ബെന്നട്ടണില്‍ ഫോര്‍മുലവണ്‍ കിരീടം നേടി. പിന്നീട് 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫെരാരിയില്‍ ലോകചാമ്പ്യനായി.

എറിക് ഹോബ്‌സ്‌ബോം അന്തരിച്ചു

വിഖ്യാത ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ എറിക് ഹോബ്‌സ്‌ബോം(95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ഫ്രീ ആസ്?പത്രിയില്‍ ന്യൂമോണിയ ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകംകണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളായി കരുതപ്പെടുന്ന ഹോബ്‌സ്‌ബോം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്തയാളാണ്. ദി എയ്ജ് ഓഫ് റെവലൂഷന്‍, ദി എയ്ജ് ഓഫ് ക്യാപിറ്റല്‍, ദി എയ്ജ് ഓഫ് എംപയര്‍, ഹിസ്റ്ററി ഓഫ് ട്വെന്റീന്‍ത് സെഞ്ച്വറി, എയ്ജ് ഓഫ് എക്‌സ്ട്രീംസ് എന്നിവയുള്‍പ്പെടെ കനപ്പെട്ട 30 പുസ്തകങ്ങളുണ്ട് അദ്ദേഹത്തിന്റേതായി.

റഷ്യന്‍ വിപ്ലവം നടന്ന 1917 ല്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ ജൂത കുടുംബത്തിലായിരുന്നു ജനനം. ബ്രിട്ടീഷ് വ്യവസായിയായ അച്ഛനും ഓസ്ട്രിയയില്‍ നിന്നുള്ള എഴുത്തുകാരിയായ അമ്മയും എറിക്കിന്റെ കുട്ടിക്കാലത്തുതന്നെ മരിച്ചു.മാര്‍ക്‌സിസ്റ്റ് ചിന്തയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അടിയുറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.പില്‍ക്കാലത്ത് ബ്രിട്ടനിലെത്തി. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹോബ്‌സ്‌ബോം 1960ല്‍ മരിലീന്‍ ഷ്വാര്‍ട്‌സിനെ വിവാഹം കഴിച്ചു .ഇന്റര്‍നെറ്റ് സംരംഭമേഖലയിലെ പ്രമുഖനായ ആന്‍ഡി ഹോബ്‌സ്‌ബോം ഉള്‍പ്പെടെ മൂന്ന് മക്കളും ഏഴ് കൊച്ചുമക്കളുമുണ്ട്.

യുകെയില്‍എല്ലാവര്‍ക്കും പെന്‍ഷന്‍

യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ആരംഭിക്കുന്നു.ഇന്നലെ നിലവില്‍ വന്ന പദ്ധതി അനുസരിച്ച് ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ് സ്വകാര്യ കമ്പനി പെന്‍ഷന്‍ ലഭ്യമാകുക. 100 ലക്ഷത്തോളം പേര്‍ക്കാണ് ഒരു നൂറ്റാണ്ടിലധികമായി നടക്കുന്ന പോരാട്ടത്തിനൊടുവില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള തീരുമാനമായത്.

120,000മോ അതില്‍ കൂടുതലോ പേര്‍ തൊഴിലാളികളായുള്ള തൊഴിലുടമകള്‍ അര്‍ഹരായ എല്ലാ തൊഴിലാളികളെയും പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താനാണ് പുതിയ നിര്‍ദ്ദേശം. അതേസമയം അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ മാത്രമേ ചെറുകിട തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സ്‌കീം നിലവില്‍ വരുകയുള്ളു. ഇതോടെ 50 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ക്രിസ്തുമസ് മുതല്‍ പുതുതായി തൊഴിലാളി പെന്‍ഷന്‍ ലഭിച്ചു തുടങ്ങും.

ലഫ്. ജനറല്‍ ബ്രാറിനു നേരേ ലണ്ടനില്‍ വധശ്രമം

സുവര്‍ണ ക്ഷേത്രത്തില്‍ സിഖു തീവ്രവാദികള്‍ക്കെതിരായ പട്ടാള നടപടിക്ക് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ (റിട്ട.) കുല്‍ദീപ് സിങ് ബ്രാറിനെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ മൂന്നംഗ സംഘം ആക്രമിച്ചു. കത്തികൊണ്ട് കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രിക്രിയയ്ക്കു വിധേയനാക്കി.ഞായറാഴ്ച രാത്രി ഭാര്യയോടൊപ്പം ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍ക്കസിലെ ഹോട്ടലില്‍ നിന്ന് പുറത്തുവന്നയുടനാണ് അക്രമമുണ്ടായത്. പാകിസ്താനുമായുള്ള 1971ലെ യുദ്ധത്തിലെ നായകരില്‍ ഒരാളായിരുന്ന ബ്രാര്‍ 1984 ജുണ്‍ അഞ്ചിനാണ് സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ച തീവ്രവാദികളെ തുരത്താനുള്ള ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനു നേതൃത്വം നല്‍കുന്നത്.ഖലിസ്ഥാന്‍ രാജ്യം സ്ഥാപിക്കണമെന്ന ആവശ്യവുമായി സുവര്‍ണക്ഷേത്രത്തില്‍ താവളമടിച്ചിരുന്ന ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘത്തെ അവിടെനിന്നു തുരത്തിയ സൈനിക നടപടിക്കുശേഷം പല തീവ്രവാദി സംഘടനകളുടെയും നോട്ടപ്പുള്ളിയായിരുന്ന ബ്രാറിന് സെഡ് വിഭാഗത്തിലുള്ള സുരക്ഷ നല്‍കിയിരുന്നു. 1971ലെ ഇന്ത്യ -പാക്ക് യുദ്ധകാലത്ത് ഇപ്പോഴത്തെ ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ആദ്യം പ്രവേശിച്ച് പാക്ക് സൈന്യത്തെ കീഴടക്കിയത് ബ്രാറിന്റെ നേതൃത്വത്തിലായിരുന്നു. ബ്രാറിനെ ആക്രമിച്ച സംഭവത്തില്‍ 12 പേരെ ലണ്ടന്‍ മെട്രോപോളിറ്റണ്‍ പോലീസ് അറസ്റ്റു ചെയ്തു.
 
Other News in this category

 
 




 
Close Window