കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും ചെയ്ത വാരമാണ് കടന്നുപോയത്. പ്രതിസന്ധികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ രണ്ട് കേന്ദ്രമന്ത്രിമാരെ ലഭിച്ച സന്തോഷം മാത്രമുണ്ട് കേരളത്തിന് ബാക്കി.
വിശ്വമലയാള മഹോത്സവത്തിന് തിരിതെളിക്കാന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി ആദ്യമായി കേരളത്തിലെത്തിയതും ഈ വാരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വര്‍ണ്ണവിപണി പതിവുപോലെ കുതിപ്പും കിതപ്പുമായി മുന്നോട്ട് തന്നെ. വീട്ടമ്മമാര്‍ക്ക് കുറച്ച് ആശ്വാസം പകര്‍ന്നുകൊണ്ട് ഒന്നിലധികം പാചകവാതക കണക്ഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തുമാറ്റിയിട്ടുണ്ട്. കഴിഞ്ഞ വാരത്തിലെ പ്രധാന വാര്‍ത്തകളിലേക്ക്....
കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍ കൂടി.....
കേന്ദ്ര മന്ത്രിസഭയില്‍ പുന:സംഘടന നടന്നപ്പോള്‍ കേരളത്തിനെ കേന്ദ്രം മറന്നില്ല. രണ്ട് സഹമന്ത്രിമാരെക്കൂടി കേരളത്തിന് സമ്മാനിച്ചതോടെ ഏഴായി കേരളത്തിന്റെ കേന്ദ്രമന്ത്രിമാരുടെ എണ്ണം. കൊടിക്കുന്നില്‍ സുരേഷിന് പുറമെ മുന്‍പ് കേന്ദ്രമന്ത്രിയായി വിവാദങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ശശി തരൂരിനും കേന്ദ്രം രണ്ടാംമൂഴം നല്‍കി.
എ.കെ.ആന്റണി, വയലാര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ വി തോമസ്, കെ സി വേണുഗോപാല്‍ എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള മറ്റ് മന്ത്രിമാര്‍ .
പുന:സംഘടനയുടെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അംബികാസോണി, സാമൂഹ്യനീതി ശാക്തീകരണ മന്ത്രി മുകുള്‍ വാസ്‌നിക്, സഹമന്ത്രി മഹാദേവ് ഖണ്ഡേല എന്നിവര്‍ മന്ത്രസഭയില്‍ നിന്നും രാജിവച്ചു. ചെറുപ്പക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രസഭയാണ് പ്രധാനമന്ത്രിയുടെ സംഘവും ലക്ഷ്യം വച്ചിരുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധി ഇത്തവണത്തെ പുന:സംഘടനയിലും കാബിനറ്റില്‍ എത്തിയില്ല. വരുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണത്രേ രാഹുല്‍ പുറത്തു നില്‍ക്കുന്നത്. ഇത് അവസാനത്തെ പുന:സംഘടനയായിരിക്കുമെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തതോടെ പുറത്തുനില്‍ക്കുന്ന പലര്‍ക്കും മുറുമുറുപ്പുകള്‍ ഉണ്ട്.
പുതുക്കിയ ദേവസ്വം ഓര്‍ഡിനന്‍സ്
സര്‍ക്കാരിന്റെ പുതിയ ദേവസ്വേ ബോര്‍ഡ് ഓര്‍ഡിനന്‍സിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വരുന്നവാരവും തുടരുമെന്നാണ് കരുതേണ്ടത്. ദേവസ്വം ബോര്‍ഡില്‍ സ്ത്രീ സംവരണം ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷത്തുള്ള വിവിധ വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുതിയ ഓര്‍ഡിനന്‍സിനെ ഭരണഘടനാ ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. വിശ്വാസികള്‍ മാത്രം വോട്ടുചെയ്താല്‍ മതിയെന്ന നിലപാടിനെതിരെയാണ് പിണറായി രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. വിശ്വാസികളാണെന്ന് എഴുതി നല്‍കുന്ന എംഎല്‍എമാര്‍ക്ക് മാത്രം വോട്ടവകാശം നല്‍കാം എന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷത്തിന് നിയമപരമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍ പ്രതിപക്ഷം എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും ദേവസ്വം ഓര്‍ഡിനന്‍സില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ നിലപാട്.
വിവാദങ്ങള്‍ കെട്ടടങ്ങാതെ കൊച്ചി മെട്രോ
വിവാദങ്ങള്‍ കൊച്ചി മെട്രോയെ വിടാതെ പിന്‍തുടരുകയാണ്. ഡിഎംആര്‍സിക്ക് പദ്ധതി നല്‍കാനാകില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയവും വ്യക്തമാക്കിയതോടെ കേരളം പദ്ധതിയുമായി നെട്ടോട്ടമാണ്. ഇതിന് പുറമെ ശ്രീധരനെ പദ്ധതിയില്‍ നിന്നും മാറ്റാനുള്ള ചരടുവലികളും ശക്തമാണ്.എന്തായാലും പദ്ധതിയില്‍ നിന്നും ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന ഉറച്ചനിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.എം.ആര്‍ .സി തന്നെ പദ്ധതി ഏറ്റെടുക്കുമെന്നും ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി മുന്നോട്ട് പോകുമൊന്നുമാണ് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കുന്നത്. ഇതിനായി അദ്ദേഹം വരുന്ന വാരം ഡല്‍ഹിയിലേക്ക് ചര്‍ച്ചക്കായി പുറപ്പെടുന്നുമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിനെയും കണ്ട് കാര്യം ബോധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യന്‍ . അതേസമയം പദ്ധതിയെപ്പറ്റി ഡിഎംആര്‍സിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
സിപിഎം നിര്‍ണ്ണായക ശക്തിയല്ല:കാരാട്ട്
2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയാവില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലാത്ത ബദലിനു വേണ്ടി ശ്രമിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം യുപിഎയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടും. ഇതിനായി ഇടതുക്ഷവുമായി യോജിച്ചുപോകുന്ന മറ്റു പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കും. 2014 ല്‍ കേരളത്തില്‍ പാര്‍ട്ടി നിലമെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ. വിഭാഗീയത ശക്തമായിരുന്നപ്പോഴും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വി.എസ്.അച്യുതാനന്ദന്‍ ജനകീയ നേതാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മുന്‍പും ജനകീയ നേതാക്കള്‍ ഉണ്ടായിട്ടുണ്ട്.വിഎസിനു ശേഷവും സിപിഎമ്മില്‍ ജനകീയ നേതാക്കളുണ്ടാവുമെന്നും അക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും കാരാട്ട് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
എയര്‍ ഇന്ത്യ വിവാദം അവസാനിക്കുന്നില്ല
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഈ വാരവും കെട്ടടങ്ങിയിട്ടില്ല. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ എയര്‍ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയാണ് സ്വീകരിക്കപ്പെടുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന പൈലറ്റിന്റെ പരാതിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. എന്നാല്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ എയര്‍ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. പെലറ്റിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് സിവില്‍ വ്യോമയാന സുരക്ഷാ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം തീരുമാനിക്കുമെന്നാണ് വ്യാമയാനമന്ത്രി അജിത് സിങ്ങ് പറഞ്ഞത്.സിവില്‍ വ്യോമയാന സുരക്ഷാ കമ്മീഷന്റെ റീജണല്‍ ഡയറക്ടര്‍ ശരത് ശ്രീനിവാസനാണ് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍ക്കും സിവില്‍ ഏവിയേഷന്‍ ബ്യൂറോയ്ക്കും നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. അതേസമയം കേസെടുത്തിട്ടുള്ള നാല് യാത്രക്കാര്‍ വലയുകയാണ്. ഇവര്‍ തികച്ചും ഒറ്റപ്പെടുന്ന നടപടിയാണ് സ്വീകരിക്കപ്പെടുന്നതെന്ന് ആക്ഷേപമുണ്ട്.
കൊച്ചിയില്‍ ഇറക്കുന്നതിന് പകരം തിരുവനന്തപുരത്ത് വിമാനം ഇറക്കിയതിനെ തുടര്‍ന്നുണ്ടായ യാത്രക്കാരുടെ പ്രതിഷേധവും വൈമാനികരുടെ നടപടികളുമാണ് വെള്ളിയാഴ്ച വിമാനത്താവളത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്.
പാചകവാതക കണക്ഷനിലെ ആശങ്ക മാറി
ഒന്നിലധികം പാചകവാതക കണക്ഷന്‍ ഉള്ളവര്‍ ഒന്നൊഴികെ എല്ലാം വിച്ഛേദിക്കണമെന്ന് തിരീമാനം പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുന:പരിശോധിക്കുന്നു. അഡീഷണല്‍ കണക്ഷനിലുള്ള സിലിന്‍ഡറിന് അധിക വില നല്‍കിയാല്‍ മതി. എത്ര കണക്ഷന്‍ വേണമെങ്കിലും ആകാമെന്ന നിലാപിടിലാണ് മന്ത്രാലയം ഇപ്പോള്‍ .സബ്‌സിഡി സിലിന്‍ഡറുകളെക്കാള്‍ ഇരട്ടിയിലധികം തുകയാണ് കൊടുക്കേണ്ടി വരിക. ഒന്നിലേറെ കണക്ഷനുണ്ടെങ്കിലും ഒന്നിനു മാത്രമേ സബ്‌സിഡി സിലിന്‍ഡര്‍ ലഭിക്കൂ. അപേക്ഷിച്ചാലുടന്‍ പുതിയ ഗാര്‍ഹിക കണക്ഷന്‍ നല്‍കണമെന്നും മന്ത്രാലയം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സബ്‌സിഡി രഹിത ഗാര്‍ഹിക സിലിന്‍ഡറാണ് തുടക്കത്തില്‍ നല്‍കുക. രേഖകള്‍ ഓയില്‍ കമ്പനികള്‍ പരിശോധിച്ച ശേഷം അര്‍ഹരായവര്‍ക്ക് സബ്‌സിഡി സിലിന്‍ഡറുകള്‍ നല്‍കും.
സ്വര്‍ണ്ണം വില...
വാരത്തിലുടനീളം സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത് സ്വര്‍ണ്ണവിപണിക്ക് ഉണര്‍വ്വ് നല്‍കി. ആഗോളവിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. 24,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണവിപണി സജീവമാണ്.
വോഡഫോണ്‍ ലോകത്തിലെ ഒന്നാമത്തെ മികച്ച മൊബൈല്‍ ഓപ്പറേറ്റര്‍
ലോകത്തിലെ മികച്ച മൊബൈല്‍ ഓപ്പറേറ്റേഴ്‌സില്‍ ഭാരതി എയര്‍ടെല്‍ നാലാം സ്ഥാനത്ത്.ലോകത്തെമ്പാടുമായി 250 മില്യണ്‍ ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. 386.88 ഉപയോക്താക്കളുമായി വോഡഫോണ്‍ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള അമേരിക്ക മുവില്‍ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും (251.83) എത്തി. ആദ്യമായാണ് ഭാരതി എയര്‍ടെല്‍ ലോക റാങ്കിന്റെ പത്തിനുള്ളില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.കഴിഞ്ഞ വര്‍ഷത്തേക്കാളും 13 ശതമാനം വര്‍ധനവാണ് എയര്‍ടെല്‍ കൈവരിച്ചിരുന്നത്.ഇതോടെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായി ഭാരതി എയര്‍ടെല്‍ മാറി.
റെറ്റിന ഡിപ്ലേയുമായി ആപ്പിള്‍ ലോപ്‌ടോപ്
റെറ്റിന ഡിസ്‌പ്ലേയുമായി ആപ്പിളിന്റെ പുതിയ ലാപ്‌ടോപ് വിപണിയിലെത്തുന്നു. ആപ്പിളിന്റെ 13 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ് ആണ് റെറ്റിന ഡിസ്‌പ്ലേയുമായി എത്തുന്നത്. പഴയതിനേക്കാള്‍ നാലിരട്ടി റെസല്യൂഷനുമായാണ് പുതിയ മാക്ബുക്ക് പ്രോ യെ ആപ്പിള്‍ വിപണിയിലെത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ 15 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പിന്‍തലമുറക്കാരനാണ് പുതിയ ലാപ്‌ടോപ്. 114,900 രൂപയാണ് ഇതിന് ആപ്പിള്‍ വിലയിട്ടിരിക്കുന്നത്. 2.5 ജിഗാഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ ഇന്റല്‍ ഐ 5 പ്രോസസര്‍ 3.1 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ടര്‍ബോ ബൂസ്റ്റ് സൗകര്യത്തോടെയാണ് എത്തുന്നത്.
വിന്‍ഡോസ് 8 ഇന്ത്യയില്‍
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചു. വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രീഓര്‍ഡര്‍ കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 26ന് ശേഷം അപ്‌ഡേഷന്‍ ലഭിക്കും.
കേരളത്തില്‍ പെട്രോളിനും ഡിസലിനും സര്‍ചാര്‍ജ്
കേരളത്തില്‍ പെട്രോളിനും ഡീസലിനും അഞ്ച് ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ തീരുമാനം. അടുത്ത പത്തുവര്‍ഷം വില്‍ക്കുന്ന പെട്രോളിനും ഡീസലിനുമാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കുന്ന മെട്രോ മോണോ റെയില്‍ പദ്ധതികള്‍ക്ക് ആവശ്യമായിവരുന്ന ഫണ്ട് സ്വരൂപിക്കാനാണിത്. ഈ തീരുമാനം നടപ്പില്‍ വരുന്നതോടെ സംസ്ഥാനത്ത് വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് മൂന്നര രൂപയോളവും ഡീസലിന് രണ്ടര രൂപയോളവും വിലവര്‍ധിക്കും. കോഴിക്കോട് മോണോറെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍. അംഗീകരിച്ചും ഒന്നാംഘട്ട പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയും പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഏറ്റവും ഒടുവിലത്തെ ഖണ്ഡികയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഗ്രാജ്വേറ്റ് ലെവല്‍ ജോലിക്കാര്‍ക്ക് മാത്രം യുകെയിലേക്ക് വര്‍ക്ക് പെര്‍മിറ്റ്
യുകെയിലേക്കുള്ള വര്‍ക്ക് പെര്‍മിറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഏറെ നാളുകളായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏതാണ്ട് പൂര്‍ണമായിട്ടും പ്രഖ്യാപനങ്ങളില്‍ നിന്ന് ഹോം ഓഫീസ് പിന്‍മാറുന്നില്ല.സര്‍ക്കാരിനെ ഇമിഗ്രേഷന്‍ കാര്യത്തില്‍ ഉപദേശിക്കാന്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (എം.എ.സി) പുതിയ ശുപാര്‍ശ നല്‍കിയിരിക്കുന്നു.വര്‍ക്ക് പെര്‍മിറ്റിനു അര്‍ഹതയുള്ള ജോലികളുടെ അടിസ്ഥാന യോഗ്യത ഡിഗ്രി ലെവല്‍ ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ഏതെല്ലാം ജോലികള്‍ ആ യോഗ്യതയില്‍ വരുമെന്ന പട്ടികയാണ് കഴിഞ്ഞ ദിവസം എം.എ.സി പുറത്തിറക്കിയത്.
ഇതിനര്‍ഥം ഈ ജോലികള്‍ക്കെല്ലാം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്നല്ല .വര്‍ക്ക് പെര്‍മിറ്റിന് പാലിക്കേണ്ട ബാക്കിയെല്ലാ നിബന്ധനകളും പാലിച്ചാല്‍ മാത്രമേ ഈ ജോലികള്‍ക്കും പെര്‍മിറ്റ് ലഭിക്കൂ.മുമ്പ് റെസിഡന്‍ഷ്യല്‍ ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് നടത്തി വിജയിച്ചാല്‍ ഏതു ജോലിക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമായിരുന്നു.ആ രീതിക്ക് വരുത്തിയ മാറ്റമാണ് ഈ ലിസ്റ്റിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലെ ചൈല്‍ഡ് ബെനഫിറ്റ് ഗുണഭോക്താക്കളേറെയും വിദേശീയരെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനിലെ ചൈല്‍ഡ് ബെനഫിറ്റ് ഗുണഭോക്താക്കളേറെയും വിദേശീയരെന്ന് റിപ്പോര്‍ട്ട്.വിദേശിയരായ നാല്‍പ്പതിനായിരം കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചൈല്‍ഡ് ബെനിഫിറ്റ് നല്‍കുന്നുണ്ട് .സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നു ബ്രിട്ടീഷുകാരുടെ ബെനഫിറ്റുകള്‍ വെട്ടിച്ചുരുക്കിയ അതേ സര്‍ക്കാര്‍ തന്നെയാണ് വിദേശത്ത് ജീവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വര്‍ഷംതോറും മുപ്പത്തിയാറ് മില്യണ്‍ പൗണ്ട് നല്‍കുന്നത് എന്നതാണ് ഏറെ വിചിത്രമായ വസ്തുത. ജനങ്ങളുടെ നികുതിപ്പണമാണ് ഈയിനത്തില്‍ വിദേശത്തേക്ക് പോകുന്നത് എന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അടുത്തിടെ ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളുടെ ചൈല്‍ഡ് ബെനഫിറ്റ് തുക വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇരുപത്തിനാലായിരം കുടുംബങ്ങളെ ജോര്‍ജ് ഒസ്‌ബോണിന്റെ ഈ സ്‌കീം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതുവഴി ഒരു വര്‍ഷം 1.5 ബില്യണ്‍ പൗണ്ട് ലാഭിക്കാനാകും എന്നാണ് അധികൃതര്‍ കരുതുന്നത്.
വിക്‌ടോറിയ ബെക്കാം 'ചിരിയില്ലാ താരം' എന്ന പദവിയ്ക്ക് അര്‍ഹയായി
ഗായികയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം ചിരിയില്ലാ താരം എന്ന പദവിയ്ക്ക് അര്‍ഹയായി.കല്ലില്‍ തീര്‍ത്തതെന്നു തോന്നിക്കുന്ന മുഖമുള്ള ജറമി ക്ലാര്‍ക്‌സണിനെയും ടോം ക്രൂസിനെയും മഡോണയെയും കടത്തിവെട്ടിയാണ് അഭിപ്രായ വോട്ടെടുപ്പില്‍ വിക്‌ടോറിയ മുന്നിലെത്തിയത് .
സ്വര്‍ണത്തിന്റെ നിറത്തിനും തിളക്കത്തിനും മാറ്റം വരുത്താന്‍ സാധിക്കുമെന്ന് ഗവേഷണഫലം
പൊന്നിന്റെ സ്വര്‍ണനിറത്തിനും തിളക്കത്തിനും മാറ്റം വരുത്തുന്ന പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്രലോകം.സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത് .സ്വര്‍ണത്തെ രാസമാറ്റങ്ങള്‍ക്കു വിധേയമാക്കാതെ നിറംമാറ്റാം എന്നതിലാണ് കണ്ടുപിടിത്തത്തിന്റെ വഴിത്തിരിവ്.
സ്വര്‍ണത്തിന്റെ ഉപരിതലത്തില്‍ കണ്ണിനു കാണാത്തത്ര ചെറുതായി (ഒരു മീറ്ററിന്റെ ഒരുകോടിയില്‍ ഒരു ഭാഗം വലുപ്പത്തില്‍ ) പോറലുകള്‍ വീഴ്ത്തിയാണ് നിറവ്യത്യാസമുണ്ടാക്കുന്നത്. സ്വര്‍ണലോഹത്തില്‍ പതിക്കുന്ന പ്രകാശരശ്മി പ്രതിഫലിച്ച് കണ്ണിലെത്തുമ്പോഴാണ് അതിനു സ്വര്‍ണനിറമുള്ളതായി കാണുന്നത്. സ്വര്‍ണം സൂര്യപ്രകാശത്തിലെ സപ്തവര്‍ണങ്ങളില്‍ മഞ്ഞനിറം മാത്രം പ്രതിഫലിപ്പിച്ച് ബാക്കി നിറങ്ങളെയെല്ലാം ആഗിരണം ചെയ്യുമ്പോഴാണിത്.
യുകെയില്‍ വിന്റര്‍ ടൈം ആരംഭിച്ചു
യൂറോപ്പില്‍ വിന്റര്‍ ടൈം ഒക്ടോബര്‍ 28 മുതല്‍ ആരംഭിച്ചു.ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച്ച മുതലാണ് എല്ലാ വര്‍ഷവും വിന്റര്‍ ടൈം ആരംഭിക്കുന്നത്. ഒക്ടോബര്‍ 28 ന് പുലര്‍ച്ചെ ഒരു മണിക്കൂര്‍ സമയം പിന്നോട്ടാക്കിയാണ് വിന്റര്‍ ടൈം ക്രമീകരിക്കുന്നത്. 1980കള്‍ മുതല്‍ക്കാണ് യൂറോപ്പില്‍ ഈ സമയമാറ്റം പ്രാബല്യത്തില്‍ വന്നത്.
മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ചയോടെ വിന്റര്‍ ടൈം അവസാനിക്കും. രാത്രി ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചാണ് വിന്റര്‍ ടൈം ക്രമീകരിക്കുന്നത്. മാര്‍ച്ച് വരെ പകല്‍ സമയം കുറവും രാത്രി ദൈര്‍ഘ്യം കൂടുതലുമായിരിക്കും.
മാര്‍ച്ച് മുതല്‍ സമ്മര്‍ ഡേലൈറ്റ് സേവിംഗ് ടൈം ക്രമീകരിക്കുന്നതിന് ക്ലോക്കിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ടാക്കും. തുടര്‍ന്ന് ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച വരെ സമ്മര്‍ ഡേലൈറ്റ് സേവിംഗ് സമയക്രമം പാലിക്കും.
പുതുക്കിയ സമയ ക്രമീകരണം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ സമയവുമായുള്ള വിത്യാസം വര്‍ധിക്കും. അയര്‍ലണ്ട് ,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സമയവുമായി 4.30 വിത്യാസവും, യൂറോപ്പ്യന്‍ രാജ്യങ്ങളുമായി 3.30മണിക്കൂര്‍ വിത്യാസവുമുണ്ട്. എന്നാല്‍ പുതുക്കിയ സമയക്രമത്തില്‍ ഇത് യഥക്രമം 5.30 മണിക്കൂറും ,4.30മണിക്കൂറുമായി വര്‍ധിക്കും.
ബ്രിട്ടണില്‍ വീടുവില ഉയര്‍ന്നതായി റിപ്പോര്‍ട്ട്
ബ്രിട്ടണിലെ വീടുവില രണ്ടുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ലാന്‍ഡ് രജിസ്ട്രി ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 2010 നവംബറിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സെപ്റ്റംബറില്‍ 1.1 ശതമാനം വില വര്‍ധനവാണ് ഇംഗ്ലണ്ടിലും വേയ്ല്‍സിലുമായി വസ്തുവിപണിയില്‍ ഉണ്ടായിരിക്കുന്നത്. ശരാശരി വില 162, 561 പൗണ്ടായി വര്‍ദ്ധിക്കുകയും ചെയ്തു.
സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, ലണ്ടന്‍, ഈസ്റ്റ് എന്നിവിടങ്ങളിലാണ് വില ഉയര്‍ന്നിട്ടുള്ളത് .അതേസമയം നോര്‍ത്തിലും മിഡ്‌ലാന്റ്‌സിലും വെയില്‍സിലും വീടുവില കുറയുകയാണ് ഉണ്ടായിരിക്കുന്നത്. ലണ്ടനാണ് വിലക്കയറ്റത്തില്‍ മുന്നില്‍ , 5.5 ശതമാനം ആണ് ഇവിടെ ശരാശരി വിലവര്‍ദ്ധനവ്.നിലവില്‍ ലണ്ടനിലെ ശരാശരി വീടുകളുടെ വര്‍ധന 363,802 പൗണ്ടാണ്. പൊതുവേ കുടിയേറ്റക്കാര്‍ ഏറെയുള്ളത് ലണ്ടനില്‍ ആണ് .അതിനാലാണ് ഇത്രയും വിലക്കയറ്റം ഇവിടെ അനുഭവപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റില്‍ ഏറ്റവും വലിയ വിലയിടിവും ഉണ്ടായിട്ടുണ്ട്. വീടുവില 3.2 ശതമാനം താഴ്ന്ന് 99,163 പൗണ്ടായി കുറഞ്ഞു.വില്‍ക്കാനായി കൂടുതല്‍ വീടില്ലാത്തതാണ് വിലകളുയരാന്‍ പ്രധാന കാരണമെന്ന് അനുബന്ധ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ബോളിവുഡിന് വേര്‍പാടിന്റെ ദിനങ്ങളായിരുന്നു. പ്രമുഖ സംവിധായകന്‍ യാഷ് ചോപ്രയും, ഹാസ്യ നടന്‍ ജസ്പാല്‍ ഭട്ടിയും ആണ് ഹിന്ദി സിനിമാ ലോകത്തിന്റെ നഷ്ടങ്ങള്‍ .
ഡങ്കിപ്പനി ബാധിച്ചാണ് യാഷ് ചോപ്ര അന്തരിച്ചത് .മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം.ഹിന്ദി സിനിമാലോകത്ത് നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായ യാഷ് ചോപ്ര നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്.യാഷ് ചോപ്രയാണ് അമിതാഭ് ബച്ചനുള്‍പ്പെടെ ബോളിവുഡിലെ നായകന്മാരെ താരപദവിയിലേക്കു കൈപിടിച്ചുയര്‍ത്തിയത്. കിങ് ഖാന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖ് ഖാന്റെ വളര്‍ച്ചയ്ക്കു വഴിയൊരുക്കിയ കിങ് മേക്കറും യാഷ് തന്നെ. ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയകഥകളിലൂടെ 'യാഷ് ചോപ്ര റൊമാന്‍സ്' എന്ന പ്രയോഗം പോലുമുണ്ടായി ബോളിവുഡില്‍ .
പാക്കിസ്താനിലെ ലാഹോറില്‍ 1932 സെപ്റ്റംബര്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.ജ്യേഷ്ഠന്‍ ബി.ആര്‍ ചോപ്രയുടെയും ഐ.എസ് ജോഹറിന്റെയും കൂടെ സഹസംവിധായകനായിട്ടായിരുന്നു യാഷ് ചോപ്രയുടെ തുടക്കം.ധൂല്‍ കാ ഫൂല്‍ എന്ന സിനിമ സ്വന്തമായി സംവിധാനം ചെയ്തതോടെ യാഷ് ചോപ്ര ബോളിവുഡിലെ പ്രധാന സംവിധായകനായി മാറുകയായിരുന്നു.1973 ല്‍ യാഷ് ചോപ്ര ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി അദ്ദേഹം ആരംഭിച്ചു.
ജബ് തക് ഹേ ജാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.ഷാരൂഖ് ഖാനും കത്രീന കെയ്ഫും അഭിനേതാക്കളാകുന്ന ഈ
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കുന്നതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്.
1998 ലും 2005 ലും നിര്‍മാതാവെന്ന നിലയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.2001 ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം നേടി.2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.പമേലയാണ് ഭാര്യ. ആദിത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവരാണ് മക്കള്‍ .
ജസ്പാല്‍ ഭട്ടി പഞ്ചാബിലെ നകോദര്‍ പട്ടണത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത് .പുതിയ പഞ്ചാബി സിനിമയായ പവര്‍ കട്ടിന്റെ പ്രപാരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹം.ജസ്പാലിന്റെ കാര്‍ ദേശീയപാതയില്‍ വെച്ച് ഒരു മരത്തിലിടിയ്ക്കുകയായിരുന്നു.അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
ടെലിവിഷന്‍ ഷോകളിലൂടെയും ഹിന്ദി ചിത്രങ്ങളിലൂടെയും ഏറെ പ്രശസ്തനായിരുന്നു ജസ്പാല്‍ ഭട്ടി. 'ഉള്‍ട്ട പുള്‍ട്ട', 'ഫ്‌ലോപ്പ് ഷോ' എന്നീ ടി.വി ഷോകള്‍ ഏറെ പ്രചാരം നേടിയിരുന്നു. 1999 ല്‍ 'മഹൗല്‍ ഠീക്ക് ഹേ' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
ജാനം സംജാ കരോ, തുഝേ മേരി കസം, കുച്ച് നാ കഹോ, കുച്ച് മീഠാ ഹോ ജായെ, ഫനാ, ഏക് ദ പവര്‍ ഓഫ് വണ്‍, മൗസം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹാസ്യവേഷം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സവിതാ ഭട്ടിയാണ് ഭാര്യ. ജസ്‌രാജ് ഭട്ടി, റാബിയ ഭട്ടി എന്നിവരാണ് മക്കള്‍ .
മോഹന്‍ലാല്‍ ഇനി ബ്ലാക്ക് ബെല്‍റ്റ്
നിരവധി പുരസ്‌കാരങ്ങള്‍ളും പദവികളും ലഭിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് മറ്റൊരു ആഗോളപദവി കൂടി. പത്മശ്രീ, ഭരത്, ലഫ്. കേണല്‍, ഡോക്ടര്‍ എന്നീ പദവികള്‍ക്ക് പുറമെ ഓണററി ബ്ലാക്ക് ബെല്‍റ്റ് പദവിയ്ക്കാണ് അദ്ദേഹം അര്‍ഹനായിരിക്കുന്നത്. സൗത്ത് കൊറിയന്‍ സര്‍ക്കാറിന് കീഴിലുള്ള വേള്‍ഡ് തായ്‌കൊണ്ടോ ഹെഡ് കോട്ടേഴ്‌സാണ് മോഹന്‍ലാലിന് ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കൊണ്ടോ നല്‍കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ ഷാറൂഖ് ഖാനും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയ്ക്കും ഈ പദവി ലഭിച്ചിട്ടുണ്ട്.വ്യക്തിപരമായ നേട്ടങ്ങള്‍, നിലവിലുള്ള സംഭാവനകള്‍, തായ്‌ക്കൊണ്ടോയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിനുള്ള പ്രസക്തി ഇവയൊക്കെ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നത്.1978 ലെ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍ . സ്‌പോര്‍ട്‌സിനോടുള്ള ആവേശവും അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ഇതില്‍ പരിഗണിക്കപ്പെട്ടു.
ഡെന്മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സൈനയ്ക്ക്
ഡെന്മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാള്‍ സ്വന്തമാക്കി.മൂന്നാം സീഡ് സൈന ഫൈനലില്‍ 21-17, 21-8 ന് ജര്‍മനിയുടെ ആറാം സീഡ് ജൂലിയന്‍ ഷെങ്കിനെ കീഴടക്കി. ഈ വര്‍ഷം സൈന നേടുന്ന നാലാം കിരീടമാണ്.
ഫൈനല്‍ മത്സരം അനായാസമായി നേരിട്ട സൈന മിനിറ്റുകള്‍ക്കകം തന്നെ വിജയം കരസ്ഥമാക്കുകയായിരുന്നു. ജേതാവായതോടെ പ്രൈസ് മണിയായി 30,000 അമേരിക്കന്‍ ഡോളറാണ് സൈനയ്ക്ക് ലഭിച്ചത്.ഒളിമ്പിക്‌സ് വെങ്കല നേട്ടത്തിനുശേഷം ശേഷം സൈന കളിച്ച ആദ്യ ടൂര്‍ണമെന്റും ഇതാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ സ്വിസ് ഓപ്പണ്‍ നേടിയ സൈന ജൂണില്‍ തായ്‌ലന്റ് ഗ്രാന്‍പ്രിയും പിന്നാലെ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസും ജയിച്ചിരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണില്‍ സൈനയുടെ മൂന്നാം കിരീടമായിരുന്നു.
മലയാളികളെ വിസ്മയിപ്പിച്ച് ഡീഗോ മറഡോണ
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആരാധകരെ കാണാനെത്തി.ഹെലികോപ്റ്ററില്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിന് മുകളിലെത്തിയ മറഡോണ കാണികളെ അഭിവാദ്യം ചെയ്തു.അദ്ദേഹത്തെ കാണാന്‍ കടുത്ത വെയിലും അവഗണിച്ച് പതിനായിരങ്ങളാണ് കാത്ത് നിന്നത്.കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഷോറൂം ഉദ്ഘാടനത്തിനായാണ് മറഡോണ എത്തിയത്.
സ്‌റ്റേഡിയത്തില്‍ എത്തിയ അദ്ദേഹം നൃത്തച്ചുവടുകള്‍ വെച്ച് ആരാധകരെ വിസ്മയത്തിലാക്കി. തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ ക്രമീകരിച്ചിരുന്ന സ്‌റ്റേജില്‍ അദ്ദേഹം പന്ത് തട്ടി.കേരളത്തിന്റെ പ്രിയ താരം ഐ.എം.വിജയനുമൊത്ത് മറഡോണ പന്ത് തട്ടിയതോടെ ആരാധകര്‍ ഇളകിമറിഞ്ഞു.
അമേരിക്കന്‍ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പേര് ഇനി സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ ഉണ്ടാകില്ല
അമേരിക്കന്‍ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പേര് സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളയാന്‍ രാജ്യാന്തര സൈക്ലിങ് യൂണിയന്‍ തീരുമാനിച്ചു.അദ്ദേഹത്തിനെതിരെ യു.എസ് ആന്റിഡോപ്പിങ് ഏജന്‍സിയുടെ (യുഎസ്എഡിഎ) റിപ്പോര്‍ട്ട് വന്നതോടെയാണ് സ്‌പോര്‍ട്‌സ് ചരിത്രത്തില്‍നിന്ന് തന്നെ ആ പേര് മായ്ക്കാന്‍ യു.സി.ഐ തീരുമാനിച്ചത്.ലാന്‍സ് ആംസ്‌ട്രോങ്ങ് 1999 മുതല്‍ 2005 വരെ കിരീടം നേടിയിട്ടുണ്ട്.
യു.സി.ഐ തീരുമാനത്തോടെ ആംസ്‌ട്രോങ്ങിന്റെ കിരീടങ്ങള്‍ അഴിച്ചുമാറ്റാന്‍ ടൂര്‍ ദെ ഫ്രാന്‍സിന്റെ സംഘാടകര്‍ക്ക് ഔദ്യോഗികമായി അവസരമൊരുങ്ങി.കായികലോകം കണ്ട അത്യാധുനികവും സാങ്കേതികത്തികവോടുകൂടിയതും വിജയകരവുമായ ഉത്തേജകമരുന്നു പ്രയോഗത്തിനു നേതൃത്വം നല്‍കിയ ആംസ്‌ട്രോങ്ങിനെ അയോഗ്യനാക്കണമെന്നായിരുന്നു 200 പേജുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശ.ടീമിന്റെ മുന്‍ ഡയറക്ടര്‍ ജൊഹാന്‍ ബ്രയ്‌നീലും ആരോപണവിധേയനാണ്. ആംസ്‌ട്രോങ്ങിനെതിരെ നിയമനടപടിയും അധികം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ബാന്‍ബറിയ്ക്ക് നവ നേതൃത്വം
ബാന്‍ബറി ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ബിജു ആന്റണി, വൈസ് പ്രസിഡന്റ് സുജ ഷാജി, ട്രഷറര്‍ ജയിംസ് കുര്യാക്കോസ്, സെക്രട്ടറി റെജിമോന്‍ ലൂക്കോസ്, ജോയിന്റ് സെക്രട്ടറി സ്മിത നോബി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കൊച്ചു റാണി സജു, കറസ്‌പോണ്ടന്റ് സെക്രട്ടറി ചാര്‍ലി, കമ്മറ്റി മെമ്പേഴ്‌സ് ജോജി, മെറിന്‍, സോണി, ജെയ്‌നി, ജോസിറ്റ്, സജി എന്നിവരാണ് പുതിയ ഭാരവാഹികള്‍ .