തേച്ചുകുളി കഴിയുമ്പോഴേ ആവി പറക്കുന്ന കഞ്ഞി മുന്നിലെത്തിയിരിക്കണം. അതാണ് ഹരിശ്ചന്ദ്രന്‍നായരുടെ ചിട്ട. പേരില്‍ മാത്രമേ ഹരിശ്ചന്ദ്രനുള്ളൂ. ആള് ലേശം പിശകാണ്. എന്നാല്‍ അങ്ങനെയാണെന്നു കണ്ടാല്‍ തോന്നില്ല. അല്ല അതാണ് ഹരിശ്ചന്ദ്രന്‍ നായരുടെ വിജയവും. ആള് പൊലീസും, പിരിയാന്‍ നേരം എസ്‌ഐയുമൊക്കെയായിരുന്നെങ്കിലും കള്ള് കൈകൊണ്ട് തൊടില്ലെന്നു മാത്രമല്ല കള്ളടിക്കുന്നവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. പക്ഷേ, പെണ്ണ്് അത് ഇന്നും അന്നും വീക്‌നെസാണ്. പ്രത്യേകിച്ച് ഇരുണ്ട നിറമുള്ള തടിച്ച പെണ്ണുങ്ങള്‍ .. ''ഇപ്പോഴത്തെ പെണ്ണുങ്ങളെല്ലാം ഒരു തട്ടും തടവുമില്ലാതെ നേര്‍രേഖപോലെയങ്ങു പോകുവല്ലേ. പെണ്ണായാല്‍ ഇത്തിരി കായ്ഫലമൊക്കെ വേണം... പിന്നെ ലേശം ഇരുളിമയും...'' ഹരിശ്ചന്ദ്രന്‍ നായര്‍ എപ്പോഴും പറയാറുണ്ട്, ഇപ്പോഴും അതു തന്നെ പറയുന്നു. വെയില് ചാവടിയില്‍ വന്നു മുട്ടി നിന്നപ്പോള്‍ ഭാര്യ സാവിത്രിയമ്മ നായര്‍ക്കു കുടിക്കാന്‍ ചൂടു കഞ്ഞിയുമായെത്തി. സാധാരണ ഗതിയില്‍ ഈ ദൗത്യമേറ്റെടുക്കാറ് വേലക്കാരി ശ്യാമളയാണ്. നായര്‍ ഭാര്യ സൂക്ഷിച്ചുനോക്കി. നോട്ടത്തിന്റെ ധ്വാനി സാവിത്രിയമ്മയ്ക്കു മനസിലാവുകയും ചെയ്തു. ''ആ പെണ്ണ് വീട്ടില്‍പ്പോയി. അവളുടെ അമ്മ തൊഴുത്തില്‍വീണ് കൈയൊടിഞ്ഞെന്ന് '' സാവിത്രി പറഞ്ഞു. നായരില്‍ നിന്നു ദീര്‍ഘനിശ്വാസമുയര്‍ന്നു. '' ഞാന്‍ ഓര്‍ത്തു... അവളേയും നീ ഡിസ്മിസ് ചെയ്‌തോന്ന്...'' നായര്‍ പച്ചയും കറുപ്പും വരകളുള്ള വലിയ ചാരുകസേരയിലേക്ക് ചാരിക്കിടന്നു. അവളുടെ ലോംഗ് ലീവ് ഡിസ്മിസാക്കാനുള്ള പെടാപ്പാട് നിനക്ക് അറിയില്ലല്ലോ. വൃത്തിയും വെടിപ്പുമുള്ള ഒരെണ്ണത്തെ ഇന്നത്തെക്കാലത്ത് തപ്പിയെടുക്കുക എളുപ്പമാണോ? കിട്ടിയത് തട്ടിക്കളഞ്ഞാല്‍...'' നായര്‍ പറഞ്ഞു തീരുന്നതിനു മുമ്പേ സാവിത്രിയമ്മ കയറിപ്പിടിച്ചു. '' മൂരിശൃംഗാരം ആരും കാണുന്നില്ലെന്നു കരുതേണ്ട. വയസ് പത്തറുപത്തിരണ്ടായി. കെട്ടിച്ചുവിട്ട മൂന്നു പെണ്‍പിള്ളേരുടെ തന്തയാണെന്ന ധാരണപോലുമില്ല. അതെങ്ങനെയാ വരുന്ന അവളുമാരെല്ലാം കണക്കാ... ഇനി ഇവിടെ അടുക്കളപ്പണിക്ക് വല്ല കിഴവികളും മതി. അല്ലേല്‍ വേണ്ട. ഞാന്‍ തന്നെ മതി. രണ്ടും ...'' കഞ്ഞിയുടെ സ്റ്റീല്‍പ്പാത്രം കറുത്ത ഗ്ലാസിട്ട ടീപ്പോയിലേക്ക് വച്ചിട്ട് നായര്‍ ചാരുകസേരയില്‍ നിന്നെുന്നേറ്റു. നായരുടെ നെഞ്ചോളമില്ല സാവിത്രിയമ്മ. വെളുത്തു കനം കുറഞ്ഞ രൂപം. ഐശ്വര്യമുള്ള മുഖം. നായര്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് അമര്‍ത്തിയാല്‍ എല്ലാ മുള്ളും തിരിയും. അതാണു പരുവം. രാജകലയാണ് നായര്‍ക്ക്. നല്ല ഉയരവും അതിനൊത്ത വണ്ണവും. കട്ടിമീശയും എപ്പോഴും ഷേവ് ചെയ്തു മിനുക്കിയ കവിള്‍ത്തടവും. നരയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന മീശയും തലമുടിയും. ഇടതു കവിള്‍ത്തടത്തിന്റെ നടുവിലായി ഒരു മറുകുണ്ട്. അതു ഭാഗ്യമറുകായി നായര്‍ കണക്കില്‍ക്കൊള്ളിക്കുന്നു. മുട്ടോളമെത്തുന്ന കൈകള്‍. പഴയകാല പ്രൊഫഷണല്‍ നാടക നടന്റെ ലുക്ക്. പൊടിവലി ശീലമാക്കിയതുകൊണ്ട് അടഞ്ഞ ശബ്ദമാണ്. ''ടീച്ചര്‍ ഇന്നു നല്ല ഫോമിലാണല്ലോ...'' ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ് സാവിത്രിയമ്മ. നായര്‍ ചിലപ്പോഴൊക്കെ ടീച്ചറെന്നാണു വിളിക്കുക. '' പ്രായമിത്തിരി കടന്നെങ്കിലും എന്റെ നടപടിക്രമങ്ങള്‍ക്ക് വല്ല കുറവുമുണ്ടോ ടീച്ചറേ? നായര്‍ ടീച്ചറെ കരവലയത്തിലൊതുക്കി. ''വിട് മനുഷ്യാ... ഓരോ മുതുക്കൂത്ത് '' ടീച്ചര്‍ കുതറിമാറി. '' മൂന്നു വയസ് കൂട്ടിവച്ചാ എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്തത്. അതുകൊണ്ട് സര്‍ക്കാര്‍ കണക്കില്‍ പ്രായം കൂടിപ്പോയി. പെന്‍ഷനുമായി... എന്നുവച്ച്...'' എസ്‌ഐയുടെ തൊപ്പി ഊരിയെടുത്ത് നായര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷം എട്ടു കഴിഞ്ഞു. അതായത് നായര്‍ക്ക് കണക്കില്‍ പ്രായം അറുപത്തിമൂന്ന്. എന്നാല്‍ ഇതു സമ്മതിച്ചുകൊടുക്കാന്‍ നായര്‍ തയാറല്ല. ആരും തര്‍ക്കിക്കാന്‍ നില്‍ക്കാറുമില്ല. കാരണം വിജയം എപ്പോഴും നായരുടെ പക്ഷത്തായിരിക്കും. '' പെട്ടെന്ന് റെഡിയാക്. വണ്ടി ഇപ്പോള്‍ വരും... ഞാന്‍ സുകുവിന്റെ കാറിന് വിളിച്ചു പറഞ്ഞിട്ടുണ്ട്...'' സാവിത്രിയമ്മ ധൃതികൂട്ടി. '' ഇന്ന് ഏത് അമ്പലത്തിലേക്കാണ് '' '' ഉച്ചയായപ്പോഴല്ലേ അമ്പലത്തില്‍പ്പോക്ക്... സൗമ്യയുടെ വീടുവരെയൊന്നു പോകണം. അവള്‍ക്കു വിശേഷമുണ്ട്. ഇതെങ്കിലും ശരിയായിക്കിട്ടിയാല്‍ മതിയായിരുന്നു. മുമ്പത്തേതു മൂന്നും പോയില്ലേ...'' സാവിത്രിയമ്മ നെടുവീര്‍പ്പിട്ടു. '' അപ്പ, മുരുകസ്വാമി വീണ്ടും ഗോളടിച്ചു. പഴനി ആണ്ടവാ കാത്തോളണേ...'' നായര്‍ കളിയാക്കി. മൂത്തമകള്‍ സൗമ്യ പഞ്ചായത്ത് ഓഫീസില്‍ എല്‍ഡിസിയാണ്. താമസം വൈക്കത്തിനടുത്തു വെച്ചൂരില്‍. പേരില്‍ സൗമ്യയാണെങ്കിലും ആളത്ര സൗമ്യവതിയല്ല. ആരേയും കൂസാത്ത ഭാവം. നായരുടെ അതേ തണ്ടും തടിയും. മീശയുടെ കുറവേയുള്ളൂ. മീശയും വച്ച് പാന്റ്‌സുമിട്ടാല്‍ സൗമ്യം ഹരിശ്ചന്ദ്രന്‍ നായരാകും... നാട്ടുകാര്‍ പണ്ടേ അടക്കം പറയാറുണ്ട്. ഭര്‍ത്താവ് പി.കെ രമണന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്റ്റര്‍. ശുദ്ധനെന്നു പറഞ്ഞാല്‍ തീരില്ല. പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന പച്ചപരമാര്‍ഥി. തികഞ്ഞ ഭാര്യാഭക്തനും മുരുക ഭക്തനും. പഴനിക്ക് പോകാനും തലമുണ്ഡനം ചെയ്യാനും വേണ്ടിയാണ് താന്‍ ജന്മംകൊണ്ടതെന്ന രീതിയിലാണ് രമണന്റെ ജീവിതം. രമണന്റെ തലയില്‍ മുടി കിളിര്‍ത്തുകണ്ട ഒരോര്‍മ ആര്‍ക്കും ഇല്ലെന്നതാണ് ഞെട്ടിക്കുന്ന ഒരു സത്യം. എന്തിനാടാ മുരുകാ നീ ഇങ്ങനെ എപ്പോഴും പഴനിക്കു പോകുന്നതെന്നു ചോദിച്ചാല്‍; സ്വാമി വിളിച്ചാല്‍ എനിക്കു പോകാതിരിക്കാന്‍ പറ്റുവോ? മറുചോദ്യമായിരിക്കും ഉത്തരം. സൗമ്യക്ക് കീഴടങ്ങിയാണ് രമണന്റെ ജീവിതം. പക്ഷേ, ഒരേയൊരു കണ്ടീഷനുണ്ട്. ഉള്ളില്‍ നിന്നു വിളി വരുമ്പോള്‍ മുരുകസ്വാമിയെ കാണാന്‍ പഴനിക്കു പോകും... തടയരുത്. വെയില്‍ ചാവടിയിലേക്കു കയറിയപ്പോള്‍ സുകു കാറുമായി എത്തി. നീല ആള്‍ട്ടോ. സാവിത്രിയമ്മയുടെ ബന്ധത്തിലുള്ളയാളാണ് സുകു. കാര്‍ െ്രെപവറ്റാണെങ്കിലും ഓട്ടം ടാക്‌സിയാണ്. അന്‍പതു മിനിറ്റു യാത്രയുണ്ട് സൗമ്യയുടെ വീട്ടിലേക്ക്. സുകു പിന്‍വാതില്‍ തുറന്നു കൊടുത്തെങ്കില്‍ നായര്‍ മുന്‍സീറ്റിലാണു കയറിയത്. ഐസ്‌ഐയായിരുന്ന കാലത്ത് ഒരു കാല് പുറത്തിട്ട് ഗമയിലുള്ള ആ യാത്രയ്ക്ക് ഓര്‍മയില്‍ അങ്ങനെയിരുന്നു. വൈക്കത്ത് ആയുര്‍വേദ ഷോപ്പിന്റെ മുന്നിലെത്തിയപ്പോള്‍ സാവിത്രിയമ്മ വിളിച്ചു. '' സുകൂ.. ആയുര്‍ഫാര്‍മയുടെ മുന്നില്‍ നിര്‍ത്തണം. സൗമ്യക്കു കുറച്ചു മരുന്നു വാങ്ങണം.'' നീല ആള്‍ട്ടോ നിന്നു. '' പ്രസവ ശുശ്രൂഷ തുടങ്ങാന്‍ അവള് പെറ്റില്ലല്ലോ... പെറാന്‍ പോകുന്നതല്ലേയുള്ളൂ'' നായര്‍ പറഞ്ഞു. സാവിത്രിയമ്മ കടുപ്പിച്ചൊരു നോട്ടത്തില്‍ ഉത്തരമൊതുക്കി. ആയുര്‍വേദ ഷോപ്പിലേക്ക് നടന്നു. പിന്നാലെ സുകുവും. ഇവളെയൊന്നു വണ്ണം വയ്പ്പിച്ചെടുക്കാന്‍ താന്‍ എന്തു മാത്രം പാടുപെട്ടു... നായരുടെ ഉള്ളില്‍ ചിരിപൊട്ടി. സാവിത്രിയമ്മയുടെ ഓരോ പ്രസവം കഴിയുമ്പോഴും നായരുടെ പ്രതീക്ഷ ഈ പ്രസവത്തോടെ തന്റെ ഭാര്യ വണ്ണം വയ്ക്കുമെന്നായിരുന്നു. ച്യവനപ്രാശവും ആട്ടിന്‍സൂപ്പും നെയ്യുമൊക്കെ ഏറെ കഴിപ്പിച്ചു നോക്കി. പക്ഷേ, സാവിത്രിയമ്മയ്ക്ക് കനം വച്ചില്ലെന്നു മാത്രമല്ല ഒന്നിനൊന്ന് ക്ഷിണിക്കുകയും ചെയ്തു. ഇനി മെലിയാന്‍ ഒന്നുമില്ല, അത്രയ്ക്കു മെലിഞ്ഞെന്നു ചുരുക്കം. '' ഒരു കട മുഴുവന്‍ ഉണ്ടല്ലോ...'' അവര്‍ തിരിച്ചു വന്നപ്പോള്‍ നായരുടെ കമന്റ്. '' കാശ് വല്ലതും വേണായിരുന്നോ...'' '' കൈയില്‍ നിന്നു കാശിപോകുമെന്നു കരുതിയല്ലേ ഇവിടെത്തന്നെ ഇരുന്നത്. സാരമില്ല ഇരുനൂറ് രൂപയുടെ കുറവുണ്ടായിരുന്നു. സുകുവിന്റെ കൈയില്‍ നിന്നു വാങ്ങിച്ചുകൊടുത്തു. നിങ്ങള് പിന്നെയങ്ങു കൊടുത്താല്‍ മതി...'' ടീച്ചര്‍ പ്ലാസ്റ്റിക് കിറ്റുമായി പിന്‍ സീറ്റിലേക്കു കയറി. നായര്‍ ബ്ലാക്ക് പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു പൊടി ഡെപ്പി പുറത്തെടുത്ത്, ഒരു പ്രത്യേക താളത്തില്‍ കൊട്ടിയിട്ട് തുറന്നു. എന്നിട്ട് ഒരു നുള്ളെടുത്ത് മൂക്കിലേക്കു തിരുകിക്കയറ്റി. പൊടി തലച്ചോറിലെത്തിയതിന്റെ സൂചനയായിട്ട് കണ്ണുംമൂക്കും നിറഞ്ഞു. ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ ടൗവലെടുത്ത് കോണോടുകോണ്‍ മടക്കി മീശയും മൂക്കും നന്നായി തൂത്തു. സാവിത്രിയമ്മ രണ്ടേ തുമ്മിയുള്ളൂ. പക്ഷേ, സുകു തുമ്മിക്കൊണ്ടേയിരുന്നു. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടില്‍ നായര്‍ പുറം കാഴ്ചയില്‍ രസം പിടിച്ചു. നീല ആള്‍ട്ടോ ഗേറ്റ് കടന്നപ്പോഴേ സൗമ്യ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. റോസ് നൈറ്റിയില്‍ ഒതുങ്ങാത്ത അവയവ ഭംഗി. മുടി ഉച്ചിയിലേക്ക് ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു. െ്രെഡവര്‍ സുകു കൊതിയോടെ സൗമ്യയെ നോക്കി. കൊച്ചുന്നാളില്‍ സുകുവിന്റെ മോഹമായിരുന്നു സൗമ്യ. അവള്‍ക്കു പിന്നാലെ മുണ്ഡനം ചെയ്ത തലയുമായി രമണനുമെത്തി. പഴയ കാവിമുണ്ടാണു വേഷം. നെറ്റിയില്‍ മൂന്നു കുറികള്‍. മഞ്ഞള്‍, ഭസ്മം, ചന്ദനം. '' രമണന്‍ ഇന്നു മൂന്ന് അമ്പലത്തിലേ പോയൊള്ളോടാ...'' പകുതി പരിഹാസവും ബാക്കി പകുതി തമാശയുമായി നായര്‍ ചോദിച്ചു. '' അതെ... മൂന്ന്. അത് അച്ഛന് എങ്ങനെ മനസിലായി...?'' ''നിന്റെ നെറ്റിയില്‍ മൂന്നു കുറിയേ കണ്ടൊള്ളൂ'' '' ഞാന്‍ എപ്പോഴും പറയുന്നതെന്നതാ. മനുഷ്യരെക്കൊണ്ട് പറയിപ്പിക്കുന്ന വേഷം കെട്ടരുതെന്ന്...'' സൗമ്യ പിറുപിറുത്തു. '' അങ്ങനെയാ ഭക്തിയും വിശ്വാസവുമൊക്കെയുള്ളവര്‍ അമ്പലത്തില്‍ പോകും. നെറ്റമേല്‍ കുറിയും വരയ്ക്കും... അതിന് ഇത്രമാത്രം എന്താണ് പറയാനിരിക്കുന്നത്...'' സാവിത്രിയമ്മ രമണന്റെ രക്ഷയ്‌ക്കെത്തി. '' എന്നാല്‍പ്പിന്നെ ചെവിയേലിത്തിരി പൂവുംകൂടി വയ്ക്കാന്‍ മേലായിരുന്നോ?'' ഹരിശ്ചന്ദ്രന്‍ നായര്‍ക്ക് വിഷയം വിടാനുള്ള മട്ടില്ല. '' ഉണ്ടായിരുന്നു... കുറച്ചു മുമ്പെയാ പോയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞാല്‍ നെറ്റി നിറയെ പ്രസാദവും ചെവിമടക്കില്‍ പുഷ്പവും... അതാണ് അതിന്റെ രീതി...'' രമണന്‍ തന്റെ ഭാഗം ന്യായീകരിച്ചു. '' രമണേട്ടാ ദോശ കരിയുന്നു. ഒന്നു മറിച്ചിട്ടേ...'' കരിഞ്ഞ മണം വന്നപ്പോള്‍ സൗമ്യ പറഞ്ഞു. '' നീ അവനെക്കൊണ്ടാണോ ദോശ ചുടീക്കുന്നത് ? '' സാവിത്രിയമ്മ ചോദിച്ചു. '' പിന്നെ ഞാനെന്തു ചെയ്യാനാ. നാലു മാസം റെസ്‌റ്റെടുക്കണമെന്നാ ഡോക്റ്റര്‍ പറഞ്ഞിരിക്കുന്നത്... വേലക്കാരെയാണേല്‍ കിട്ടാനില്ല...'' സൗമ്യ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. '' കണ്ടോ, കണ്ടോ... വേലക്കാരുടെ ബുദ്ധിമുട്ട്. ഉണ്ടായിരുന്ന ഒരെണ്ണത്തിനെ ഇവള്‍ പറഞ്ഞും വിട്ടു...'' നായര്‍ അവസരത്തിനൊത്തുയര്‍ന്നു. സാവിത്രിയമ്മ നായരെ കടുപ്പിച്ചൊന്നു നോക്കി. '' ശരിയാ അവളിനി അവിടെ വേണ്ട. വേണേല്‍ ഇവിടെ നിര്‍ത്തിക്കോ...'' '' അപ്പോള്‍ അമ്മയ്ക്ക് അവിടെ സഹായത്തിന്...'' സാവിത്രിയമ്മ മറുപടിയൊന്നും പറഞ്ഞില്ല. ''അവള്‍ വല്ല കുഴപ്പവുമുണ്ടാക്കിയിട്ടാണോ അമ്മ പറഞ്ഞു വിട്ടത്?'' '' ഏയ്... ഒരു കുഴപ്പവുമില്ല... നിന്റെ അച്ഛന്റെ സ്വഭാവമല്ലല്ലോ രമണന്. അതുകൊണ്ട് ഇവിടെ നിര്‍ത്തിക്കോ'' കൈവിട്ട പട്ടം വീണ്ടും നിയന്ത്രണത്തില്‍ വന്നിരിക്കുന്നു. ഹരിശ്ചന്ദ്രന്‍ നായരുടെ ചുണ്ടില്‍ കള്ളച്ചിരി വിടര്‍ന്നു. ശ്യാമള വീണ്ടും വരുന്നു... (തുടരും)