ശ്യാമള മനസില്‍ നിറഞ്ഞു. ഹരിശ്ചന്ദ്രന്‍ നായരുടെ ഹൃദയം തുടിച്ചു. കാമലഹരിയുടെ നുരകുത്തി. വീണ്ടും പൊടിവലിക്കാനൊരു മൂഡ്. പൊടി ഡെപ്പിയെടുത്ത് രണ്ടു കൊട്ടുകൊട്ടി ഇടതു കൈത്തലത്തിലേക്ക് തട്ടിയിട്ടു. ഇരയെ കിട്ടിയ ആവേശത്തോടെ നായരുടെ മൂക്ക് വിടര്‍ന്നു. മൂളിപ്പാട്ടിന്റെ പിന്‍ബലത്തോടെ ഒരു നുള്ളെടുത്ത് മൂക്കിലേക്ക് തിരുകിക്കയറ്റി. മൂക്കിലും കട്ടിമീശയിലും പറ്റിപ്പിടിച്ചത് തൂത്തു കളയാനായി പോക്കറ്റില്‍ നിന്നു ടവലെടുത്ത് കുടഞ്ഞു. വൈറ്റ് ഗേറ്റിനപ്പുറം ഓട്ടോറിക്ഷയുടെ ഇരമ്പല്‍. മെറ്റല്‍ ചിപ്‌സ് നിരത്തിയ കൊച്ചുമുറ്റത്ത് ഓട്ടോ സിറ്റൗട്ടിലേക്കു വന്നു നിന്നു. ചിത്രപ്പണികള്‍ ഏറെയുള്ള നീല വിന്‍ഡോ കര്‍ട്ടന്‍ ഞൊറിഞ്ഞു മാറ്റി ഹരിശ്ചന്ദ്രന്‍ നായര്‍ പുറത്തേയ്ക്കു നോക്കി. പൊന്നന്റെ വരവാണ്. നായരുടെ രണ്ടാമത്തെ മകള്‍ സീമയുടെ ഭര്‍ത്താവാണ്. പൊലീസുകാരനായ പന്‍കുമാര്‍, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പൊന്നന്‍. പെരുമ്പനച്ചി സര്‍വീസ് സഹകരണ ബാങ്കിലെ ക്ലാര്‍ക്കാണ് സീമ. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന പ്രകൃതം. രൂപം സാവിത്രിയമ്മയുടേതും. പൊന്നനാണെങ്കില്‍ നല്ല തണ്ടും തടിയും. തലയില്‍ തനി പോലീസ് കട്ട്. കഴിവതും പാന്റ്‌സാണു ധരിക്കുക. പവന്‍ കുമാറിന് ദേഷ്യം വന്നാല്‍ കള്ളുകുടിച്ച കുരങ്ങനെ തേള് കുത്തിയ അവസ്ഥയാണ്. കള്ളു കുടിച്ചാലും ഇതു തന്നെ ഗതി. ചിരിയില്‍ തുടങ്ങി തെറിയില്‍ മുങ്ങി അടിയിലേ പിരിയൂ. പിറ്റേന്ന്, ഇതൊക്കെ താനാണ് കാട്ടിക്കൂട്ടിയതെന്ന ഭാവവുമില്ല. സീമയുടെ സംസാരത്തിലെ പിശുക്ക് പവന്‍കുമാര്‍ പരിഹരിക്കും. എടുത്തടിച്ചതുപോലെയാണ് മറുപടി. ചെവിക്കല്ല് തകര്‍ക്കുന്ന രീതിയിലുള്ള ശബ്ദവും ചിരിയും. സ്ത്രീവിഷയത്തില്‍ രുചിഭേദങ്ങളുണ്ടെങ്കിലും ഹരിശ്ചന്ദ്രന്‍നായരുടെ പിന്‍ഗാമി. ഓട്ടോ നിന്നപ്പോള്‍ ആദ്യം ഇറങ്ങിയത് പവന്‍കുമാറാണ്. '' ങും എത്രയാ?'' പ്രതിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഭാവം ഓട്ടോക്കാരനും തീരെ പിടിച്ചില്ല. '' നാല്‍പ്പത്തിയഞ്ച്'' എടുത്തടിച്ചതുപോലെ മറുപടി. '' ബണ്ട് റോഡ് ജംഗ്ഷനില്‍ നിന്ന് ഇവിടം വരെ നാല്‍പ്പത്തഞ്ചോ?'' പവന്‍കുമാര്‍ കാക്കി പാന്റ്‌സില്‍ നിന്നു വലിയ ലെതര്‍ പെഴ്‌സെടുത്തു തുറന്നു. '' നാല്‍പ്പത്തിയഞ്ചു വേണം.'' ഓട്ടോക്കാരന്‍ വിട്ടില്ല. '' താന്‍ ഒരു സിവില്‍ ഓഫീസറോടാണ് സംസാരിക്കുന്നതെന്ന് ഓര്‍മവേണം'' പവന്‍കുമാര്‍ ഫോമിലായി. '' താന്‍ ഏതു കോപ്പിലെ ഓഫീസറാണേലും എനിക്ക് ഓടിയ കാശ് കിട്ടണം'' '' നീ എന്തു പറഞ്ഞെടാ'' പവന്‍കുമാര്‍ ഓട്ടോക്കാരന്റെ കഴുത്തിനു കുത്തിപ്പിടിക്കാന്‍ കൈ നീട്ടി. '' പൊന്നേട്ടാ... എന്താ ഇത്... ഞാന്‍ കൊടുത്തോളാം. സീമ ബാഗ് തുറന്ന് അമ്പതിന്റെ നോട്ടെടുത്തു കൊടുത്തു. അഞ്ചു രൂപയുടെ നാണയം തിരികെ കൊടുത്തുകൊണ്ട് അയാള്‍ ചോദിച്ചു. '' ചേച്ചിക്ക് എവിടെ നിന്നു കിട്ടി ഈ സാധനത്തെ''... പവന്‍കുമാറിനോടുള്ള ദേഷ്യത്തില്‍ ഓട്ടോക്കാരന്‍ പയ്യന്‍ ഓട്ടോ ഇരപ്പിച്ചു മുറ്റത്തിട്ടു കറക്കിയിട്ട് ഗേറ്റിലേക്കു പായിച്ചു. പൊന്നന്റെ കളി കണ്ടുകൊണ്ടിരുന്ന ഹരിശ്ചന്ദ്രന്‍ നായര്‍ അപ്പോഴാണ് പുറത്തേയ്ക്കു വന്നത്. '' നമ്പര്‍ ഏറ്റില്ല അല്ലേ പൊന്നാ?'' '' അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നോ? സിവില്‍ ഓഫീസര്‍ എന്നൊക്കെ പറയാമെങ്കിലും നാട്ടുകാരുടെ ഇടയില്‍ പോലീസുകാരന്‍ പോലീസുകാരന്‍ തന്നെയാ...'' ''അവിടെയാ നിനക്കു തെറ്റു പറ്റിയത്... പറയേണ്ടതു പറയേണ്ടതുപോലെ പറയാന്‍ പഠിക്കണം. അപ്പോള്‍ പോലീസുകാരന്‍ എന്തു പറഞ്ഞാലും വെയ്റ്റ് കിട്ടും. സിവില്‍ ഓഫീസര്‍ക്കും വെയ്റ്റ് കിട്ടും...'' നായര്‍ പറഞ്ഞു. സൗമ്യ ഓടിവന്ന് സീമയുടെ കൈ പിടിച്ചു. പിന്നാലെ സാവിത്രിയമമ്മയും ഇറങ്ങിവന്നു. '' ചുരിദാര്‍ മാത്രമിട്ട പെണ്ണം എന്താ ചാടിക്കയറി സാരിയുടുത്തത്?'' സൗമ്യ ചോദിച്ചു. '' പൊന്നേട്ടന്റെ ഓരോ വട്ട്... രണ്ടു മണിക്കൂര്‍കൊണ്ടാ ഒരു തരത്തില്‍ വാരിച്ചുറ്റിയത്. ശ്വാസം മുട്ടുന്നു. ഞാനിത് അഴിച്ചിടാന്‍ പോകുവാ. ചേച്ചീടെ ഒരു നൈറ്റിയിങ്ങു താ... '' ഇളം നീല നിറത്തിലുള്ള സാരിയാണ് സീമയുടെ വേഷം. '' സാരിയുടുക്കാന്‍ അവന്‍ പറഞ്ഞപ്പോള്‍ നീ എന്തിനാണ് കോട്ടന്‍ ഉടുത്തത്? അതല്ലേ പ്രശ്‌നമായത്. വേറെ ഏതെങ്കിലും ഉടുത്താല്‍ പോരായിരുന്നോ?...' '' സാരികൊണ്ടെങ്കിലും ഒരു പൊലിമ വരുത്താന്‍ ഞാനൊരു ബുദ്ധി പ്രയോഗിച്ചതാ... അല്ല, നമ്മുടെ ചേട്ടന്‍ എന്തിയേ? പഴനിക്കു വിട്ടോ... പൊന്നന്‍ ചോദിച്ചു. '' ഏയ്... ഞാന്‍ ഇവിടെയുണ്ട് അനിയാ...'' ചട്ടുകവുമായി രമണന്‍ വന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന നെറ്റിയില്‍ ഭസ്മ, ചന്ദന, മഞ്ഞല്‍ കുറികള്‍ കെട്ടിപ്പുണര്‍ന്നു. '' ഹര ഹരോ ഹര...'' രമണനെ കളിയാക്കാനായി പൊന്നന്‍ ഒരു പ്രത്യേക താളത്തില്‍ വിളിച്ചു. '' എന്തിനാടാ ഇവിടെയൊരു കര കര.... ഇതെന്നാ മുരുകന്‍ കോവിലോ'' നായര്‍ ഇടപെട്ടു. ''കൈ കഴുക്. നല്ല ചൂടു ദോശയെടുക്കാം. ചമ്മന്തിയും അരച്ചിട്ടുണ്ട്...'' അടുക്കളയില്‍ പോയി നോക്കിയിട്ടു വന്ന് സാവിത്രിയമ്മ എല്ലാവരോടുമായി പറഞ്ഞു. '' എനിക്ക് ഒരിക്കലാ...'' രമണന്‍ പറഞ്ഞു. അതുകേട്ട് നായരും പൊന്നനും പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. '' ദൈവമേ ഇങ്ങനെയും ഒരു ജന്മം...'' തെല്ലിട കഴിഞ്ഞ് നായര്‍ പിറുപിറുത്തു. നാലുപേരും ഗ്ലാസിട്ട ചെറിയ ഡൈനിംഗ് ടേബിളിനു ചുറ്റുമിരുന്നു. '' എനിക്കൊന്നും വേണ്ട.'' നായര്‍ ഒഴിഞ്ഞു. '' എനിക്കു വേണം'' പൊന്നന്‍ നാലു ദോശയെടുത്ത് പ്ലെയ്റ്റിലേക്കിട്ട് ചമ്മന്തി കോരിയൊഴിച്ചു. അവന്റെ മട്ടും ഭാവവും ഇഷ്ടപ്പെടാതെ സീമ മുഖം കുനിച്ചു. ''നിന്റെ ഇരുപ്പു കണ്ടിട്ട് ഇന്ന് ഇവിടെത്തന്നെയങ്ങ് കൂടാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. എനിക്കു പോയിട്ട് അത്യാവശ്യമുള്ളതാ...'' നായര്‍ ധൃതി കാട്ടി... '' ഓട്ടന്‍ തുള്ളലുണ്ടായിരിക്കും. കല്യാണസൗഗന്ധികം...'' പൊന്നന്‍ കിട്ടിയ അവസരം മുതലെടുത്ത് നായര്‍ക്കിട്ടൊന്നു കൊട്ടി. അതുകേട്ട് എല്ലാവരും ചിരിക്കുകയും ചെയ്തു. കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളലും പഴം പുളിശേരിയും നായരുടെ ഇഷ്ടവിഭവങ്ങളാണ്. കഥ കല്യാണസഗന്ധികമാണെങ്കില്‍ ഏതു ഗോകര്‍ണത്തും നായര്‍ ഓട്ടന്‍തുള്ളല്‍ കാണാന്‍ പോകും. അതുപോലെ തന്നെയാണ് പഴം പുളിശേരിയും. മെനക്കെട്ട പണിയായതുകൊണ്ട് ഇപ്പോള്‍ സദ്യക്കൊന്നും ആരും പ്രഥമന്‍ ഉണ്ടാക്കാറില്ല. പുതിയ തലമുറയില്‍പ്പെട്ട പെണ്ണുങ്ങള്‍ക്ക് വായില്‍വച്ചു കൂട്ടാന്‍ പാകത്തിന് പഴം പുളിശേരി വയ്ക്കാന്‍ അറിയില്ലെന്നാണു നായരുടെ വാദം. പഴുത്ത മാങ്ങയിട്ടു വയ്ക്കുന്ന പുളിശേരിയുണ്ടെങ്കില്‍ നായര്‍ക്കു വേറെ കറിയൊന്നും വേണ്ട. ഈ കറിക്ക് നായര്‍ കൊടുത്തിരിക്കുന്ന പേരാണ് പഴംപുളിശേരി. ഉത്സവപ്പിരിവുകാര് ആരു വന്നാലും നായരുടെ ആദ്യചോദ്യം ഇതായിരിക്കും. '' ഓട്ടന്‍ തുള്ളലുണ്ടോ?'' ഉണ്ടെന്നു കേട്ടാല്‍ സന്തോഷമായി. ആവേശത്തോടെ അടുത്ത ചോദ്യം ഉടനെത്തും. '' കഥ കല്യാണ സൗഗന്ധികമാണോ?'' ആണെങ്കില്‍ പിരിവിന്റെ കനം കൂടും. കല്യാണം വിളിക്കാന്‍ വരുന്നവര്‍ നേരിടേണ്ടിവരുന്ന ആദ്യ ചോദ്യം, '' എത്രകൂട്ടമാണ് പ്രഥമന്‍...?'' ഉത്തരം കേട്ടു കഴിയുമ്പോള്‍ നിരാശ. '' അപ്പോള്‍ പ്രഥമന്‍ ഇല്ല...'' നിരാശയോടെയൊരു പിറുപിറുക്കല്‍... ഹരിശ്ചന്ദ്രന്‍ നായര്‍ പോകാനായി എഴുന്നേറ്റപ്പോള്‍ സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. '' സരിതയാണ്... അവള്‍ കുറേ നാരമായി അച്ഛന്റെ സെല്ലില്‍ െ്രെട ചെയ്യുന്നു...'' സെല്‍ഫോണ്‍ ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ട് സൗമ്യ പറഞ്ഞു. ഹരിശ്ചന്ദ്രന്‍ നായരുടെ ഏറ്റവും ഇളയ മകളാണ് സരിത. സൗമ്യയുടെ മറ്റൊരു പതിപ്പ്. എടുപ്പിലും നടപ്പിലും എല്ലാം. ലേശം നിറം കുറവുണ്ട്. ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ടീച്ചറാണ്. ഭര്‍ത്താവ് നന്ദന്‍ ദേവസ്വം ബോര്‍ഡില്‍ നാദസ്വരവിദ്വാന്‍. തൊഴില്‍ നാദസ്വരമാണെങ്കിലും നൃത്തത്തിലാണ് കമ്പം. കുറേക്കാലം ഭരതനാട്യം അഭ്യസിച്ചു. കലോത്സവം അടുക്കാറാകുമ്പോള്‍ നന്ദന് തിരക്കാകും. കുട്ടികള്‍ പലരും പഠിക്കാനെത്തും. നൃത്തം പഠിച്ചുപഠിച്ച് നന്തന് ആകെക്കൂടി 'ചാന്തുപൊട്ട്' ലുക്കാണ്. നായര്‍ക്ക് ഈ വിവാഹത്തിന് സമ്മതമില്ലായിരുന്നു. പ്രണയ വിവാഹമായിരുന്നു. സാവിത്രിയമ്മ സരിതയ്ക്ക് സൈഡ് നിന്നു. '' സര്‍ക്കാര്‍ ജോലി... ഡാന്‍സ് പഠിപ്പിച്ച് വേറെയും വരുമാനം. വീട്ടിലും തരക്കേടില്ല. ഒറ്റമകന്‍. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. നല്ല വീടും...'' സാവിത്രിയമ്മ ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ നായര്‍ ഒടുവില്‍ സമ്മതം മൂളിയെന്നു മാത്രം. '' ദേ അമ്മേ സരിതയ്ക്ക് ബത്തേരിക്കു സ്ഥലം മാറ്റം... ഞാന്‍ അമ്മയ്ക്കു കൊടുക്കാമേ...'' സൗമ്യ മൊബൈല്‍ സാവിത്രിയമ്മയ്ക്കു നേരെ നീട്ടി. അവര്‍ എല്ലാം മൂളിക്കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രിയില്‍ കിടക്കാന്‍ നേരം സാവിത്രിയമ്മ നായരോടു പറഞ്ഞു. '' നന്ദനെ ഇവിടെ നിര്‍ത്താമോന്നാ സരിത ചോദിച്ചത്... അവന്‍ അവിടെ തനിച്ചെങ്ങനെയാ... ബത്തേരിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ അല്ലേ അവള്‍ക്കു വരാനൊക്കൂ... അതും റിസ്‌കാ... നിര്‍ത്തട്ടെ... അന്‍ ഇവിടെ നിന്ന് ജോലിക്കു പൊയ്‌ക്കോളും...'' '' എന്നിട്ടു നീ എന്തു പറഞ്ഞു'' ''അച്ഛനോടു ചോദിക്കട്ടേന്ന്...'' ''ങും.. നമുക്ക് ആലോചിക്കാം...'' പുലര്‍ച്ചെ സാവത്രിയമ്മയുടെ ചൂടേറ്റു കിടക്കുമ്പോള്‍ നായര്‍ ചോദിച്ചു. '' എന്താ ടീച്ചറേ നമ്മളോട് ദൈവം ക്രൂരത കാട്ടിയത്...'' '' എന്തു ക്രൂരത?...'' സാവിത്രിയമ്മ നായരുടെ മാറിലേക്കു ചേര്‍ന്നു കിടന്നു. '' ആണ്‍മക്കളുടെ കുറവു നികത്താന്‍ മൂന്ന് മിടുക്കന്മാരായ മരുമക്കള്‍ വരുമെന്നു പ്രതീക്ഷിച്ചിട്ട് കിട്ടിയതു മൂന്നു മണ്ടന്മാരെ...'' സാവിത്രിയമ്മ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞു. ശ്യാമള എത്തിയതുകൊണ്ട് സൗമ്യക്ക് ആശ്വാസമായി. എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കാന്‍ ഒരാളായല്ലോ. ജോലികളൊക്കെ വൃത്തിയായി ചെയ്യുുന്നുമുണ്ട്. നന്ദന്‍ ഭാര്യവീട്ടില്‍ നായരോടൊപ്പം താമസം തുടങ്ങി. ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്താണ് സൗമ്യക്ക് ബ്ലീഡിങ്ങാണെന്ന് അറിച്ചുകൊണ്ടു ശ്യാമളയുടെ ഫോണ്‍ വന്നത്. അപ്പോള്‍ നായര്‍ സ്ഥലത്തില്ല. നന്ദനേയും കൂട്ടി സാവിത്രിയമ്മ മെഡിക്കല്‍ ട്രസ്റ്റിലേക്കു കുതിച്ചു. കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പോള്‍ സാവിത്രിയമ്മയ്ക്ക് ആശ്വാസമായി. അപ്പോഴേയ്ക്കും നായരുമെത്തി. '' നിങ്ങള്‍ മൂന്നുപേരുംകൂടി പൊയ്‌ക്കോളൂ.. ഇവിടെ ഇപ്പോള്‍ ഞാന്‍ മതി... വെറുതെ എന്തിനാ ഉറക്കമിളയ്ക്കുന്നത്...? സാവിത്രിയമ്മ പറഞ്ഞു. രമണന് പോകാന്‍ തീരെ മനസില്ലായിരുന്നു. '' രമണേട്ടന്‍ ഇവരേയും കൂട്ടി നമ്മുടെ വീട്ടിലേയ്ക്കു പൊയ്‌ക്കോ... ശ്യാമള തനിച്ചാ'' സൗമ്യ ഓര്‍മിപ്പിച്ചു. സാവിത്രിയമ്മയുടെ മനസു പിടഞ്ഞു. നായരുടെ ഇടവും വലവും രമണനും നന്ദനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ സമാധാനമായി. പൊന്നനെപ്പോലെയല്ല ഇവര്‍. എന്നാലും രാത്രിക്കു കനം കൂടുന്തോറും സാവിത്രിയമ്മയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. പത്തു മണിയായപ്പോള്‍ സൗമ്യയുടെ സെല്‍ഫോണെടുത്ത് അവര്‍ റൂമിനു പുറത്തേയ്ക്കിറങ്ങി. സൗമ്യയുടെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്ക് നമ്പര്‍ കുത്തിയിട്ട് ഹൃദയമിടിപ്പോടെ കാത്തു നിന്നു. രണ്ടു വട്ടം റിംഗ് ചെയ്തിട്ടും ആരും ഫോണ്‍ എടുക്കുന്നില്ല. മൂന്നാമത് റിംഗ് ചെയ്തപ്പോള്‍ ശ്യാമള ഫോണെടുത്തു. '' അവരു മൂന്നുപേരും വന്നില്ലേ...?'' കിതപ്പോടെ ചോദിച്ചു. '' മൂന്നു പേരോ...? ഇല്ല. ഹരിശ്ചന്ദ്രന്‍ സാറ് മാത്രമേ വന്നൊള്ളൂ... സാറ് കുളിക്കുവാ... എന്നാ, വിളിക്കണോ...? സാവിത്രിയമ്മയുടെ തൊണ്ട വരണ്ടുപോയി... (തുടരും)