മരുന്നിന്റെ മണമുള്ള ഇടനാഴിയില്‍ സാവിത്രിയമ്മ തരിച്ചു നിന്നു. ഉള്ള് പൊള്ളിപ്പിടഞ്ഞു. എവിടെയോ നൊമ്പരത്തിന്റെ ഉറവപൊട്ടി. ഭര്‍ത്താവ് തന്നെ വിദഗ്ധമായി കബളിപ്പിച്ചിരിക്കുന്നു. തറഞ്ഞുപോയ കാലുകളെ ഇളക്കിയെടുത്ത്, വെള്ള ടൈല്‍സിട്ട ഇടനാഴിയിലൂടെ റൂമിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഒരു നവജാതശീശുവിന്റെ കരച്ചില്‍ അവരുടെ മുകളിലേക്ക് അലച്ചു വീണു. പിന്നാലെ കൂട്ടക്കരച്ചിലും. തൊട്ടപ്പുറത്ത് പീഡിയാട്രിക് വാര്‍ഡാണ്. അതിനോടു ചേര്‍ന്നു നഴ്‌സറിയും. റൂമിന്റെ സ്വര്‍ണനിറമുള്ള ഡോര്‍ ഹാന്‍ഡിലില്‍ പിടിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഇടത്തേയ്ക്കു തിരിഞ്ഞു. ഉറക്കച്ചടവോടെ സൌമ്യ ഇറങ്ങി വന്നു. കോട്ടുവായിട്ട് അവള്‍ മുടി വാരി ഉള്ളിലേക്ക് ഉയര്‍ത്തിക്കെട്ടി. '' അമ്മയിത് എവിടെപ്പോയി. ഒരു കൊച്ചിന്റെ കരച്ചില്‍ കേട്ടാ ഞാന്‍ ഉണര്‍ന്നത്.'' അപ്പോഴേയ്ക്കും കാക്കി ധരിച്ച അറ്റന്‍ഡര്‍ അവര്‍ക്കു മുന്നിലൂടെ ഓക്‌സിജന്‍ സിലിണ്ടര്‍ തള്ളിക്കൊണ്ടുപോയി. പിന്നാലെ റണ്ടു നഴ്‌സുമാരും ഒടുവില്‍ തടിച്ച ഒരു ലേഡി ഡോക്റ്ററും. ഓക്‌സിജന്‍ ട്രോളി അകന്നു പോകുന്നതിന്റെ ശബ്ദം. ഇപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ല. കൂട്ടക്കരച്ചില്‍ മാത്രം... കരച്ചില്‍ കേള്‍ക്കുന്ന റൂമില്‍ നിന്ന് ആരൊക്കെയോ പുറത്തേയ്ക്കു വരുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു... സൌമ്യ അകത്തു കയറി ബോഡ് ബെഡ്ഡിലിരുന്നു. ഇത്തിരി കഴിഞ്ഞപ്പോള്‍ ബാത്ത്‌റൂമിലേക്കു കയറി ടാപ്പ് തുറന്നു. സാവിത്രിയമ്മയ്ക്ക് ഇരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല. ആരോടെങ്കിലുമൊന്ന് പറഞ്ഞിരുന്നെങ്കില്‍ മനസിന്റെ ഭാരം കുറച്ചു കുറഞ്ഞേനെ... പക്ഷേ, അച്ഛന്റെ വ്യഭിചാരകഥ മകളോട് എങ്ങനെയാണു പറയുക? മൊബൈലെടുത്ത് ഹരിശ്ചന്ദ്രന്‍നായരുടെ നമ്പരിലേക്കു കുത്തിയപ്പോള്‍ സ്വീച്ച് ഓഫ്. ഓ... അപ്പോള്‍ മൊബൈലും ഓഫാക്കിവച്ചിരിക്കുവാ... സാവിത്രിയമ്മയ്ക്ക് ശരിക്കും കലികയറി. ബാത്ത്‌റൂമില്‍ ബക്കറ്റിലേക്കു വെള്ളം വീഴുന്ന ശബ്ദം നിലച്ചു. ഇരുകൈകളും നടുവിനു താങ്ങിക്കൊണ്ട് സൌമ്യ പുറത്തു വന്നു. '' അമ്മ കുടക്കുന്നില്ലേ?'' ബെഡ്ഡിലേക്കു കയറി കാലുകള്‍ നീട്ടിവലിച്ചുവച്ചുകൊണ്ട് സൌമ്യ ചോദിച്ചു. ''ങും... കിടക്കണം...'' സാവിത്രിയമ്മ അലസമായിപ്പറഞ്ഞു. ഒരിക്കല്‍ക്കൂടി നായരുടെ നമ്പരില്‍ ഡയല്‍ ചെയ്തു. അപ്പോഴും സ്വിച്ച് ഓഫ്. നല്ല ചൂട്, ചുട്ടുപൊള്ളുന്നപോലെ... അവര്‍ എഴുന്നേറ്റ് ഫാനിന്റെ റെഗുലേറ്റര്‍ നാലിലേക്ക് തിരിച്ചു. കാറ്റടിച്ചപ്പോള്‍ സൌമ്യ ഷീറ്റിനടിയിലേക്ക് ചുരുങ്ങി. തീപിടിച്ച മനസോടെ, തെന്നിമാറിയ പുതപ്പെടുത്ത് സൌമ്യയെ നന്നായി പുതപ്പിച്ചു. അവള്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീഴുകയാണ്. നന്ദനം. രമണനും ഏതു വഴി പോയെന്നെങ്കിലും അറിയണമല്ലോ... നന്ദന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. രമണന്റെ നമ്പര്‍...? കാള്‍ രജിസ്‌ററില്‍ പരതി... സ്‌ക്രീനില്‍ നമ്പര്‍ തെളിഞ്ഞപ്പോള്‍ ആശ്വാസം... കാള്‍ കൊടുത്തു. ഒരു മുരുക ഭക്തിഗാനം ഒഴുകിയെത്തിയതല്ലാതെ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. രണ്ടു വട്ടം ആവര്‍ത്തിച്ചപ്പോഴും ഇതു തന്നെ അവസ്ഥ. നാശം... പിറുപിറുത്തുകൊണ്ട് ബൈസ്‌റാന്‍ഡര്‍ക്കുള്ള ബെഡ്ഡിലേക്ക് തളര്‍ന്നിരിക്കുമ്പോള്‍ ഡോറില്‍ മുട്ടുന്ന ശബ്ദം കേട്ടു. സാരിയുടെ തുമ്പെടുത്ത് പുതച്ചുകൊണ്ട് ഡോര്‍ ബോള്‍ട്ടിളക്കി ഹാന്‍ഡില്‍ തിരിച്ചു. മുന്നില്‍ നന്ദനും രമണനും. സാവിത്രിയമ്മയ്ക്ക് അടിമുടി വിറഞ്ഞു. വന്നു നില്‍ക്കുന്നതു കണ്ടില്ലേ... അങ്ങേര് പറയാറുള്ളത് നേരാ... മരുമക്കളായി വന്നത് മൂന്നു കിഴങ്ങ•ാര്‍... ''അമ്മയുടെ കോള് കണ്ടായിരുന്നു. ഇങ്ങോട്ടു വരുമാണല്ലോയെന്ന് കരുതിയാ എടുക്കാതിരുന്നത്. സൌമ്യ ഉറങ്ങിയോ?'' ''അവള്‍ ഉറങ്ങി... ഉണര്‍ത്തേണ്ട'' സാവിത്രിയമ്മയുടെ ശബ്ദം ഉയര്‍ന്നു. പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നുപോയെന്ന് അവര്‍ക്കു തോന്നുകയും ചെയ്തു. '' രാത്രിയില്‍ അച്ഛന്‍ തനിച്ചുപോകേണ്ടെന്നു കരുതിയല്ലേ ഞാന്‍ നിങ്ങളേയും കൂട്ടിവിട്ടത്. എന്നിട്ട് നിങ്ങള്‍ എന്തിനാ മടങ്ങിപ്പോന്നത്?'' '' രാത്രിയില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ അമ്മ തനിച്ചല്ലേയുള്ളൂവെന്നും പറഞ്ഞ് അച്ഛന്‍ ഞങ്ങളെ മടക്കിയതാ... കെഎസ്ആര്‍ടിസി സ്‌റാന്‍ഡ് വരെയേ ഞങ്ങള്‍ പോയൊള്ളൂ...'' നന്ദന്‍ നാട്യഭാവാദികളാല്‍ പറഞ്ഞു. അതുംകൂടി കണ്ടപ്പോള്‍ സാവിത്രിയമ്മയ്ക്കു ശരിക്കും കലികയറി. അമ്മായിയപ്പന്റെ ലീലാവിലാസങ്ങള്‍ എങ്ങനെയാ മരുമക്കളുടെയടുത്തു വിളമ്പുന്നത്. സാവിത്രിയമ്മ ധര്‍മ്മസങ്കടത്തിലായി. '' എന്നിട്ട് ഇത്രയും നേരം നിങ്ങള്‍ എവിടെയായിരുന്നു?'' ''എന്റെ ചില കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു സ്‌റാന്‍ഡില്‍ നിന്നു. പിന്നെ തട്ടുകടേന്ന് ദോശ തിന്നു. ഇവിടെ വന്ന് മരത്തിന്റെ ചോട്ടിലിരിക്കുമ്പോഴാ കോള്‍ വന്നത്. ഞാന്‍ മുമ്പേ വീട്ടിലേക്കു വിളിച്ചു. അച്ഛന്‍ പെട്ടെന്നു വീട്ടിലെത്തി. ശ്യാമളയാ ഫോണെടുത്തത്... അച്ഛന്‍ കുളികഴിഞ്ഞ് രാമായണം വായിക്കുകയാണെന്നും പറഞ്ഞു...'' രമണന്‍ മൊട്ടത്തലയില്‍ തിരുമ്മിക്കൊണ്ടു പറഞ്ഞു. '' പോലീസിലായിരുന്നെങ്കിലും അച്ഛന്‍ നല്ല ഭക്തനാ. പൊന്നന്‍ ചേട്ടനെപ്പോലെയല്ല...'' നന്ദന്‍ പിന്താങ്ങി... കള്ളഭക്തന്‍... സാവിത്രിയമ്മ പിറുപിറുത്തു. '' ശരി കിടക്കാന്‍ നോക്ക്... വര്‍ത്തമാനം പറഞ്ഞ് അവളെ ഉണര്‍ത്തണ്ട.'' '' ഞങ്ങള്‍ പുറത്തു കിടന്നോളാം.'' രമണന്‍ പറഞ്ഞു. '' വേണ്ട. ഷീറ്റ് വിരിച്ചു താഴെ കിടന്നോ'' ബിഗ് ഷോപ്പറില്‍ നിന്ന് ഒരു ഷീറ്റെടുത്ത് നന്ദന്റെ നേര്ക്കിട്ടു കൊടുത്തിട്ടു പറഞ്ഞു. ''ലൈറ്റ് അണച്ചേര്, ബാത്ത് റൂമിലേതു കെടുത്തേണ്ട...'' സാവിത്രിയമ്മ നീല ഫ്‌ളാസ്‌ക് തുറന്ന സ്‌റീല്‍ ഗ്‌ളാസിലേക്ക് വെള്ളം പകര്‍ന്നു. എന്നിട്ടു ബാഗില്‍ നിന്ന് രണ്ടു ഗുളികയെടുത്ത് നാവിന്റെ തുമ്പത്തു വച്ചു. വെള്ളം ഒരു കവിള്‍ ഇറക്കിയപ്പോള്‍ നന്ദന്‍ ചോദിച്ചു. '' അമ്മയ്ക്കു പ്രഷറുണ്ടോ?'' '' ഇല്ല...'' '' പിന്നെ ഗുളിക?'' '' പ്രഷര്‍ വരാതിരിക്കാനും ഗുളികയുണ്ടോ?'' '' ഉണ്ട്് '' ശബ്ദം കടുത്തുപോയതുകൊണ്ടാകാം നന്ദന്‍ പിന്നീടൊന്നും ചോദിച്ചില്ല. രമണനെക്കൊണ്ട് യാതൊരു ശല്യവുമുണ്ടായില്ല. കിടന്നപ്പോഴേ വായ്പിളര്‍ന്ന് കൂര്‍ക്കം വലിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ നന്ദനും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. രണ്ടുപേരും ഇഞ്ചോടിഞ്ചു പൊരുതി മുന്നേറിയപ്പോള്‍ സാവിത്രിയമ്മ പൊറുതിമുട്ടി ചാടിയെഴുന്നേറ്റു. *********************** ഹരിശ്ചന്ദ്രന്‍ നായര്‍ വായന കഴിഞ്ഞ് രാമായണം മടക്കിയെഴുന്നേല്‍ക്കുമ്പോള്‍ തൊടിയില്‍ ടോര്‍ച്ച് മിന്നുന്നതു കണ്ടു. വെളിച്ചം അടുത്തേയ്ക്കു വന്നു. ആരാ ഈ പാതിരാത്രിക്ക് ഇങ്ങോട്ട്? ശ്യാമള ഡൈനിങ് ടേബിളിലേക്ക് ചോറും കറിയും വിളമ്പുകയായിരുന്നു. കാല്‍പ്പെരുമാറ്റം അടുത്തു വന്നപ്പോള്‍ ആളെ വ്യക്തമായി. പൊന്നന്‍. കൈയില്‍ പ്‌ളാസ്‌റിക് കവറുമുണ്ട്. ഇത്തിരി പൊന്നില്‍ തീര്‍ത്ത മാല കഴുത്തിലുമുണ്ട്. അതു നാലുപേര്‍ കണ്ടോട്ടെ എന്ന മട്ടില്‍ കോളറില്ലാത്ത വൈറ്റ് ഷര്‍ട്ടാണ് ധരിച്ചിട്ടുള്ളത്. പിന്നെ കാക്കി പാന്റ്‌സും. '' അച്ഛന്‍ ഇവിടെയുണ്ടായിരുന്നോ. ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല..'' പൊന്നന്‍ വായ് തുറന്നപ്പോള്‍ മ്ദ്യത്തിന്റെ ഗന്ധം. രണ്ടു കുരിശുകളെ ഒരുവിധം ഒതുക്കിയപ്പോള്‍ മൂന്നാമത് ഒരു കുരിശുകൂടി... നായര്‍ പിറുപിറുത്തു... '' അച്ഛന്‍ വെല്ലതും പറഞ്ഞോ... പൊന്നന്‍ ഹാളിലേക്ക് കയറി. ചെമന്ന വലിയ കസേരയിലേക്ക് ഊക്കോടെയിരുന്നിട്ട് ഷൂസിന്റെ ലെയ്‌സ് അഴിക്കാന്‍ തുടങ്ങി. ദൈവമേ ഇവന്‍ ഇന്നിവിടെ പൊറുതിയാണോ? '' നീ ഇത്തിരി മിനുങ്ങിയിട്ടുണ്ടല്ലോ. എവിടെ നിന്നു കിട്ടി...?'' '' പോലീസ് അല്ലേ അച്ഛാ... ഇനം കള്ളു കണ്ടാല്‍ വിടുവോ...?'' ഷൂസ് അഴിച്ചു തറയിലേക്കിട്ടിട്ട് ഒരു തട്ടുതട്ടി. രണ്ടും ഭിത്തിയില്‍ ചെന്നു തട്ടിനിന്നു. '' ഒരു നാഴി മറ്റൊരു നാഴിയില്‍ പോകില്ല മോനേ...'' വീണ്ടും നായരുടെ ആത്മഗതം. പൊന്നന്‍ ഷര്‍ട്ടും അഴിച്ചിട്ടു. എന്നിട്ടു ശ്യാമള കാണുകയാണെങ്കില്‍ കണ്ടോട്ടെയെന്നു കരുതി മസിലൊന്നു പെരുപ്പിച്ചു പിടിച്ചു. നായരു കാണാതെ ശ്യാമളയെ കണ്ണിറുക്കിക്കാണിച്ചു. '' പൊന്നന്‍ ചേട്ടനു കുളിക്കാന്‍ ചൂടുവെള്ളം വയ്ക്കണോ?'' ശ്യാമള ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു. '' ചൂടു വെള്ളമൊക്കെ വയസ•ാര്‍ക്ക് മതി. ഐസ് വാട്ടറില്‍ കുളിച്ചാലും എന്റെ ബോഡിക്ക് കുഴപ്പമില്ല.. ജിം അല്ലേ... ജിം... '' പൊന്നന്‍ നായര്‍ക്കിട്ടൊന്നു കൊട്ടി... '' നീ ഇവിടെ തങ്ങിയാല്‍ സീമ മോള്‍ ഒറ്റയ്ക്കാവില്ലേ?'' നായര്‍ ചോദിച്ചു. '' അവള്‍ തിരുവനന്തപുരത്തു ട്രെയ്‌നിങ്ങിലാ. ഒരാഴ്ച കഴിഞ്ഞേ വരൂ... സ്‌റേഷനില്‍ ഭയങ്കര കൊതുകുകടിയാ... അങ്ങനെ വഷമിച്ചു നില്‍ക്കുമ്പോഴാ ഇതുവഴി ഒരു ലിഫ്റ്റ് കിട്ടിയത്. വീട്ടിലേക്കുള്ള ലാസ്‌റ് ബസും പോയ സ്ഥിതിക്ക് നൂറ്റിനാല്‍പ്പതു കൊടുക്കണം ഓട്ടോയ്ക്ക് കരപറ്റാന്‍. സൌകര്യത്തിന് ഇവിടെ ഒരു വീടുള്ളപ്പോള്‍ അത്രയ്ക്കങ്ങ് കഷ്ടപ്പെടണോ? വരുന്ന വഴിക്ക് കാര്‍ െ്രെഡവര്‍ സുകുവിനെ കണ്ടപ്പോള്‍ സൌമ്യ ആശുപത്രിയിലാണെന്നും അറിഞ്ഞു. ആശുപത്രിയില്‍ സൌമ്യയുടെ ഫോണില്‍ വിളിച്ചപ്പോള്‍ അമ്മയാ എടുത്തത്. അച്ഛന്‍ തനിച്ചാ പൊന്നാ. പ്രായമുള്ള ആളല്ലേ, നീ കൂട്ടിനു വേണമെന്നു പറയുകയും ചെയ്തു..'' ഒറ്റശ്വാസത്തില്‍ പറഞ്ഞുകൊണ്ട് പൊന്നന്‍ രമണന്റെ കാവി മുണ്ടെടുത്ത് ഉടുത്തിട്ട് കാക്കി പാന്റ്‌സ് അഴിച്ച് കസേരയിലിട്ടു. എന്നിട്ടു രണ്ടുകൈയും വീശി ബാത്ത് റൂമിലേക്കു പോയി. ബാത്ത്‌റൂമില്‍ നിന്ന് ഒരു മൂളിപ്പാട്ട് ഉയര്‍ന്നു. ശ്യാമള ധൃതിയില്‍ അടുക്കളയിലേക്കു കയറി. ഉണക്കമീനെടുത്തു വെള്ളത്തിലിട്ടു. നല്ല അസല്‍ തുണ്ടമീന്‍. '' പൊന്നന്‍ ചേട്ടന്‍ ഉണക്കമീനില്ലാതെ ചോറുണ്ണില്ല...'' നായര്‍ അടുക്കളവാതില്‍ക്കലെത്തിയപ്പോള്‍ ശ്യാമള പറഞ്ഞു. ഇവള്‍ ക്ഷണിച്ചിട്ടാണോ പൊന്നന്‍ വന്നത്? ചോദ്യം നായരുടെ തൊണ്ടയില്‍ കുടുങ്ങി. '' മാങ്ങാപ്പഴപുളിശേരി ശരിയാണെങ്കില്‍ അച്ഛനു ചോറു കൊടുത്തേര്. ഉറക്കമിളക്കേണ്ട പ്രഷറും കൊളസ്‌ട്രോളുമൊക്കെയുള്ള ശരീരമല്ലേ... റസ്‌റ്റെടുക്കേണ്ട പ്രായവും...'' '' ചോറ് വിളമ്പട്ടെ സാറേ....?'' ശ്യാമള വെട്ടിക്കൊണ്ടിരുന്ന മീന്‍ മാറ്റിവച്ചിട്ട് എഴുന്നേറ്റു... (തുടരും)