Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ അധ്യായം 4)
Kaipuzha Jayakumar

ഹരിശ്ചന്ദ്രന്‍ നായര്‍ക്ക് ചൂടു പിടിച്ചു. അദ്ദേഹം ശ്യാമളയെ സൂക്ഷിച്ചു നോക്കി. കത്തുന്ന നോട്ടം. കബളിപ്പിക്കപ്പെട്ടതിന്റെ പകയും വേദനയും നുരകുത്തി. ശ്യാമള ശരിക്കും ചൂളി, പോലീസുകാരന്റെ മുന്നില്‍ വന്നു വീണ കള്ളനെപ്പോലെ ചുരുങ്ങി. '' സാറിന് കഞ്ഞി...'' ശ്യാമള മെല്ലെ തടിച്ച ചുണ്ടമര്‍ത്തി. വക്കുടഞ്ഞ വാക്കുകളിലൂടെ ചിലമ്പിച്ച ശബ്ദം പുറത്തേയ്ക്ക്. '' സാറ് കഞ്ഞിയാണെന്ന് പറയാഞ്ഞത് ഏതായാലും നന്നായി. കുറച്ചു മുമ്പ് ചോറ് വിളമ്പട്ടേന്നാണ് ചോദിച്ചത്. ഇപ്പോ അതു കഞ്ഞിയായി....'' നായര്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ഒരു നിമിഷം അങ്ങനെയങ്ങു ന്ിന്നുപോയി. ഇത്തിരി കഴിഞ്ഞ് പൊന്നനെ നോക്കി. '' ഒരു നാഴി മറ്റൊരു നാഴിയിലിറങ്ങില്ലെടാ മോനേ...'' വീണ്ടും നായരുടെ ആത്മഗതം... കൈയിലെ മസിലു പെരുപ്പിച്ചുകൊണ്ട് രതിനിര്‍വേദം പോസില്‍ അവന്റെയൊരു നില്‍പ്പു കണ്ടില്ലേ.... നീലനിറമുള്ള നനഞ്ഞ ടര്‍ക്കി മാത്രമേ തടിച്ച ശരീരത്തിലുള്ളൂ... നായര്‍ക്ക് അടിമുടി പെരുത്തു കയറി. '' എന്റെ പൊന്നാ നീ ആ ഈറന്‍ മാറി വേറെ വല്ലതുമുടുക്ക്...'' സഹികെട്ടപ്പോള്‍ നായര്‍ പറഞ്ഞു. '' രാത്രിയില്‍ കുളികഴിഞ്ഞ് ഫുഡ് അടിക്കുന്നതിനു മുമ്പായി ഇങ്ങനെയൊരു സെല്‍ഫ് മസാജിങ് പതിവാ....'' ഇന്നല്ലെങ്കില്‍ നാളെ എസ്.ഐയാകേണ്ട ബോഡിയല്ലേ...'' ശരീരത്തില്‍ തിരുമ്മിക്കൊണ്ട് ശ്യാമളയുടെ മുന്നിലൂടെ ഒന്നുരണ്ടു വട്ടംകൂടി ഉലാത്തി. '' ങും....'' നായര്‍ ഇരുത്തിമൂളി. എന്നിട്ടു ശ്യാമളയോടു പറഞ്ഞു. '' ശ്യാമള വെള്ളത്തിലിട്ട തുണ്ടന്‍ മീനെടുത്ത് വെട്ടിനുറുക്ക്... ഒത്തിരി നേരം വെള്ളത്തില്‍ക്കിടന്നാല്‍ വല്ലാതങ്ങ് അലിഞ്ഞുപോകും...'' സൗമ്യയുടെ പഴയ ചുരിദാര്‍ ശ്യാമളയുടെ ശരീരത്തെ ഒതുക്കി നിര്‍ത്താനാവില്ലെന്ന് നായര്‍ക്ക് ബോധ്യമായി. ഇളം കറുപ്പില്‍ വെള്ളപ്പൂക്കളുള്ള ചുരിദാറില്‍ നിറഞ്ഞു തുളുമ്പി ശ്യാമള അടുക്കളയിലേക്കു കയറി. ഹാളിന്റെ വലത്തെ മൂലയിലെ വാഷ് ബേസിനു മുകളിലെ കണ്ണാടിയില്‍ നോക്കി പൊന്നന്‍ കുറ്റിത്തലമുടി ചീകിയൊതുക്കി. എന്നിട്ട് യാര്‍ഡ്‌ലി ഗ്രീന്‍ കളര്‍ പൗഡറെടുത്ത് ഇടതു കൈത്തലത്തിലേക്കിട്ട് മുഖത്ത് തേച്ചു പിടിപ്പിച്ചു. കുറേ തട്ടിക്കുടഞ്ഞിട്ട് കഴുത്തിലും ശരീര്തതിലുമൊക്കെ പൂശി. ചീപ്പെടുത്ത് കട്ടിമീശയില്‍ ഒരിക്കല്‍ക്കൂടി ചീകി. ''നീ എന്നാ രാത്രിയില്‍ വല്ല പെണ്ണു കാണാനും പോകുന്നുണ്ടോ...?'' നായര്‍ പരിഹസിച്ചു. '' ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേ അച്ഛാ പ്രമാണം...'' പൊന്നന്‍ ടിവി ഓണാക്കിയിട്ട് റിമോട്ടെടുത്ത് കുത്തി ഏഷ്യാനെറ്റ് ന്യൂസിട്ടു. സ്‌ക്രീനില്‍ പോലീസ് വിദ്യാര്‍ഥി സംഘര്‍ഷം. വിഷയം സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നം. കല്ലേറുകൊണ്ട് സഹികെട്ടപ്പോള്‍ പോലീസ് ലാത്തി വീശുന്ന ദൃശ്യങ്ങള്‍. ഹരിശ്ചന്ദ്രന്‍ നായര്‍ കോട്ടുവായിട്ടു. '' അച്ഛന്‍ കിടന്നോ... ഞാന്‍ ഇതൊക്കെയൊന്നു സ്റ്റഡി ചെയ്തിട്ടേ കിടക്കുന്നുള്ളൂ... ശ്യാമളേ അച്ഛന് അത്താഴം വിളമ്പ്...'' പൊന്നന്‍ വിളിച്ചു പറഞ്ഞു. '' ഏതായാലും ഇത്ര സമയമായില്ലേ. നമുക്ക് ഒന്നിച്ചു കഴിക്കാം...'' അടുക്കളയില്‍ നിന്ന് എണ്ണയില്‍ പൊരിയുന്ന മീനിന്റെ മണം. '' വിളമ്പട്ടെ....'' ശ്യാമള ഹാളിലേക്കു വന്നു ചോദിച്ചു. ഇപ്പോള്‍ ചുരിദാറിനു മുകളില്‍ മാറ് മറച്ച പഴയ കാവിത്തോര്‍ത്തിട്ടിട്ടുണ്ട്. '' ടിവിയുടെ വോളിയം കുറയ്‌ക്കെടാ. ചെവിക്കല്ലുപൊട്ടിപ്പോകുന്നു...'' നായര്‍ ഓര്‍മിപ്പിച്ചു. പൊന്നന്‍ അതു തീരെ മൈന്‍ഡ് ചെയ്യാതെ, ഡൈനിങ് ടേബിളിന്റെ വശത്തു നിന്ന ശ്യാമളയെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കടന്ന് ടാപ്പു തുറന്ന് വാഷ്‌ബേസിനില്‍ കൈകഴുകി. എന്നിട്ടു നായരുടെ കണ്ണുവെട്ടിച്ച് ശ്യാമളയുടെ ചുമലില്‍ മാറ്മറച്ചിരുന്ന കാവിത്തോര്‍ത്തില്‍ കൈ തുടയ്ക്കുകയും ചെയ്തു. നായര്‍ ടിവി ഓഫാക്കി വന്ന് ഭക്ഷണത്തിനിരുന്നു. ടിവി ഓഫാക്കിയതു പൊന്നനു പിടിച്ചില്ല. അത്രയ്ക്കങ്ങ് അഹങ്കാരം കാണിക്കണോ? ചോറുരുട്ടി മീന്‍ ചാറില്‍ മുക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. പക്ഷേ, പ്രതികരിച്ചില്ലെന്നു മാത്രം. മാമ്പഴപ്പുളിശേരി ഒഴിച്ച് നായര്‍ ഊണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പൊന്നന്‍ ശ്യാമളയെ തുണിയുരിഞ്ഞു കാണുകയായിരുന്നു. നായരുടെ നോട്ടം പാളിവീണപ്പോള്‍ രണ്ടുപേരും ചമ്മി. പൊന്നന്‍ പെട്ടെന്നു വിഷയം മാറ്റി. '' ശ്യാമളയുടെ അനിയത്തി ഏതു സീരിയലിലാ അഭിനയിക്കുന്നത്...?'' തുണ്ടന്‍ മീനില്‍ ഒരു കടികൂടി കടിച്ചിട്ട് നന്നായിട്ടൊന്ന് എരിച്ചു. '' ഹൊ എന്തൊരു എരി...'' പൊന്നന്‍ ഐസ് വാട്ടറെടുത്ത് കുപ്പിയോടെ തൊണ്ടയിലേക്ക് ഒഴിച്ചു. '' ഓഹോ നിന്റെ അനിയത്തി സീരിയലിലൊക്കെ അഭിനയിക്കുന്നുണ്ടോ? എന്താ അവളുടെ പേര്? '' നായര്‍ പാവയ്ക്കത്തീയല്‍ തൊട്ട് നാവില്‍ വച്ച് രുചിച്ചുകൊണ്ട് ചോദിച്ചു. '' കാഞ്ചന'' ചോദ്യം ശ്യാമളയോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് പൊന്നനായിരുന്നു. നായര്‍ പൊന്നനെയൊന്ന് ഇരുത്തിനോക്കി. '' അതെ സാറേ... കാഞ്ചനയെന്നാ... കെ.പി. കാഞ്ചന. എന്നെപ്പോലെ കറുത്തിട്ടൊന്നുമല്ല. ആള് നല്ല ഗെറ്റപ്പാ..'' '' കറുപ്പിനും ഒരഴകുണ്ട്...'' പൊന്നന്‍ വീണ്ടും വാ തുറന്നു. '' കുറേ സീരിയലിലൊന്നും അഭിനയിച്ചിട്ടില്ല. മൂന്നെണ്ണത്തില്‍ മാത്രം. ചെറിയ വേഷമായിരുന്നു. എന്നാലും ഇത്തിരി കാശൊക്കെ കിട്ടി. ഇനി നല്ല വേഷങ്ങളൊക്കെ കൊടുക്കാമെന്ന് സംവിധായകര്‍ പറഞ്ഞിട്ടുണ്ട്... അവളൊന്ന് കരപറ്റിയിട്ടുവേണം...'' ശ്യാമളയില്‍ നിന്ന് ദീര്‍ഘനിശ്വാസമുയര്‍ന്നു. '' ശ്യാമറ ധൈര്യമായിട്ടിരുന്നോ... കാഞ്ചനയെ നമ്മള്‍ കര പറ്റിക്കും...'' പൊന്നന്‍ അവസാനത്തെ ഉരുളയും കഴിച്ച് ഏമ്പക്കം വിട്ടു. '' അതിന് നിനക്ക് സീരിയല്‍ ഫീല്‍ഡുമായി ബന്ധമുണ്ടോ...'' നായര്‍ സംശയം പ്രകടിപ്പിച്ചു. '' സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും ഈ പൊന്നന്‍ ഒരു ഏഴാംകൂലിയാ... വെറും പോലീസുകാരന്‍. എന്നാല്‍ പൊന്നന്‍ ആരാണെന്ന് ചിലര്‍ക്കൊക്കെ അറിയാം. അവരെയൊക്കെ പൊന്നന്‍ കൈപിടിച്ചുയര്‍ത്തുകയും ചെയ്യും...'' ''കുറച്ചുകൂടി ചോറിടട്ടെ...'' പൊന്നനോടു ചേര്‍ന്നു നിന്നുകൊണ്ട് ശ്യാമള ചോദിച്ചു. നായര്‍ക്ക് അതുകണ്ട് ചൊറിഞ്ഞു കയറി. '' അവനെ ഊട്ടിയതു മതി. നീ പാത്രം കഴുകിവച്ച് കിടക്കാന്‍ നോക്ക്...'' നായരുടെ താക്കീത്. പൊന്നന് അതു തീരെ പിടിച്ചില്ല. കസേര പുറകോട്ടു തള്ളിയിട്ട് ചാടി എഴുന്നേറ്റു. വാഷ്‌ബേസിനടുത്തേയ്ക്കു ചെന്ന് ടാപ്പ് തുറന്ന് വെള്ളം വായില്‍ക്കൊണ്ട് ശക്തിയായി തുപ്പി, പലവട്ടം. നായര്‍ക്കു രോഗം പിടികിട്ടി. '' പൊന്നന്റെ തൊണ്ടേല്‍ മുള്ളു പോയോടാ...?'' നായരുടെ ചോദ്യം. '' ഒരുമാതിരി മുള്ളൊന്നും ഈ തൊണ്ടേല്‍ കുടുങ്ങില്ല...'' അവന്‍ തറപ്പിച്ചു പറഞ്ഞു. '' കുടുങ്ങാതിരുന്നാല്‍ നിനക്കു കൊള്ളാം...'' ഊണു കഴിഞ്ഞപ്പോള്‍ നായര് പൊടിഡപ്പി തുറന്നു നന്നായിട്ടൊന്നു പൊടിവലിച്ചു. കണ്ണുംമൂക്കും നിറഞ്ഞു. ശബ്ദവും അടഞ്ഞു. '' ഈ നാറ്റം സഹിക്കാന്‍ വയ്യ... ഛര്‍ദ്ദിക്കാന്‍ വരുന്നു... മൂക്കില്‍ പൊടി കയറാതിരിക്കാനാ ഒടേതമ്പുരാന്‍ മൂക്കില്‍ രോമം നല്‍കിയിട്ടുള്ളത്. ഇവിടെ ഓരോരുത്തര് കിലോക്കണക്കിന് പൊടി വലിച്ചു കയറ്റുവാ....'' എന്നാല്‍പ്പിന്നെ രണ്ടുകിലോ മൂക്കില്‍പ്പൊടി വാങ്ങിച്ച് ചുട്ടു തിന്നാല്‍ പോരേ...? പൊന്നന്‍ കത്തിക്കയറിയപ്പോള്‍ നായരുടെ ശബ്ദമുയര്‍ന്നു. '' മൂക്കില്‍ രോമം വരുന്നതിന് മുമ്പേ അച്ഛന്‍ പൊടി വലിച്ചു തുടങ്ങിയതാ. മോനങ്ങു നിര്‍ത്തിയേര്. കുനിഞ്ഞു നില്‍ക്കുന്നവരെല്ലാം കൂനന്മാരാണെന്നു കരുതരുത്. രാവിലെ ഡ്യൂട്ടിക്കു പോകേണ്ടതല്ലേ. പോയിക്കിടന്നുറങ്ങാന്‍ നോക്ക്...'' ഞാന്‍ ഇവിടെ കിടന്നോളാം. ജനല്‍ തുറന്നിട്ടാല്‍ നല്ല കാറ്റു കിട്ടും....'' ഹാളിലെ വലിയ നീല സോഫയിലേക്ക് പൊന്നന്‍ നീണ്ടു നിവര്‍ന്നു കിടന്നു, പിന്നെ കോട്ടുവായിട്ടു. '' കാറ്റ് കൂടുതലായാല്‍ മോന് നീരിളക്കം വരും. പനി പിടിക്കും. അതുകൊണ്ട് ഹാളില്‍ കിടക്കണ്ട. നമുക്ക് അകത്ത് രമണന്റെ മുറിയില്‍ കിടക്കാം. അവിടെ രണ്ടു കട്ടിലുണ്ട്. കാറ്റിന് ഫാനും...'' നായര്‍ ഓര്‍മിപ്പിച്ചു. '' ഇത് ഒരു നടയ്ക്കു പോകില്ല...'' പൊന്നന്‍ പിറുപിറുത്തു. രാത്രിക്കു കനംവച്ചു തുടങ്ങി. അവര്‍ ഉറങ്ങാന്‍ കിടന്നു. ശ്യാമളയും. ഉറങ്ങാതിരിക്കാനായി ഹരിശ്ചന്ദ്രന്‍ നായര്‍ ഏറെ പാടുപെട്ടു. അതിലേറെ പൊന്നനും. ശ്യാമള ഉറങ്ങിക്കാണുമോ? ഹരിശ്ചന്ദ്രന്‍ നായര്‍ ചിന്തിച്ചു. അതു തന്നെയായിരുന്നു പൊന്നന്റെ ചിന്തയും. ഇത്തിരി കഴിഞ്ഞപ്പോള്‍ നായര്‍ക്ക് സംശയം. പൊന്നന്‍ ബെഡ്ഡിലില്ലേ? ഡോറിന്റെ ബോള്‍ട്ട് ഇളക്കുന്ന ശബ്ദം പോലെ. ലൈറ്റിട്ടു. മുറിയില്‍ നിറയെ വെളിച്ചം. പൊന്നന്‍ ഉറങ്ങുന്നു, കൊച്ചുകുഞ്ഞിനെപ്പോലെ. ഇവന്‍ ഉറങ്ങുകയാണോ. അതോ ഉറക്കം നടിക്കുകയാണോ. കള്ളന് കഞ്ഞിവച്ചവനാ. ശ്യാമളയുടെ ഗന്ധം അനുഭവപ്പെടുന്നതായി തോന്നിയപ്പോള്‍ നായര്‍ക്ക് ഉള്ളിലെവിടെയോ മോഹം നുരയിട്ടു. അപ്പള്‍ പൊന്നന്‍ കോട്ടുവായിട്ടു. വിറയ്ക്കുന്ന കൈകൊണ്ട് വാതിലിന്റെ ബോള്‍ട്ടില്‍ തൊട്ടു. പെട്ടെന്നാണു പൊന്നന്‍ തിരിഞ്ഞു കിടന്നത്. കട്ടിലിന്റെ ഞരക്കം. നായര്‍ കൈപിന്‍വലിച്ചു. ലൈറ്റണച്ചു. കട്ടിലില്‍ വന്നു കിടന്നു. നായര്‍ ഉറങ്ങിയെന്ന ധാരണയില്‍ പൊന്നന്‍ ഉണര്‍ന്നു. ലൈറ്റിട്ടില്ല. നായരുടെ കട്ടിലിനരികില്‍ച്ചെന്ന് ഉറങ്ങിയെന്ന് ഉറപ്പുവരുത്തി. മെല്ലെ ഡോറിനരികിലേക്കു നടന്നു. വാതിലിന്റെ മുകള്‍ ഭാഗത്തെ ബോള്‍ട്ട് തുറന്നു. താഴത്തേത് ഇത്തിരി കട്ടിയായിരുന്നു. '' പൊന്നാ ഉറങ്ങിയോടാ...'' നായരുടെ ചോദ്യം. '' ഞാന്‍ നേരത്തേ ഉറങ്ങിയച്ഛാ...'' കട്ടിലില്‍ വന്നു കയറിയിട്ട് കിതപ്പോടെ പറഞ്ഞു. '' നിനക്ക് ആസ്ത്മയുടെ പിടുത്തമുണ്ടോ, വല്ലാത്ത കിതപ്പ്...'' നായര്‍ ഒരു കൊട്ടുകൊടുത്തു. '' ഏയ് ഒരു മൂക്കടപ്പ്...'' ''മൂക്കടപ്പിന് ഉറക്കമിളപ്പു നല്ലതല്ല....'' ******************** സൗമ്യ പൂര്‍ണ ഗര്‍ഭിണിയാണ്. സാവിത്രിയമ്മ സഹായത്തിനുണ്ട്. പിന്നെ ശ്യാമളയും. '' അച്ഛന്‍ തനിച്ചേയുള്ളൂ.. അമ്മ വീട്ടില്‍ പൊയ്‌ക്കോ....'' സൗമ്യ പറഞ്ഞു. '' നന്നെ ഈ കോലത്തില്‍ തനിച്ചാക്കിയിട്ടോ...'' അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. ഒത്തിരിനാള്‍ കൂടിയാണ് ഒരു ദിവസം വീട്ടില്‍ച്ചെന്നത്. പിറ്റേന്നു വൈകുന്നേരത്തേയ്ക്ക് മടങ്ങിവരാമെന്നു സൗമ്യയോടു പറഞ്ഞു. ഹരിശ്ചന്ദ്രന്‍നായര്‍ കാറുമായി വന്നു. ചത്ത പകലിലേക്കു തുറിച്ചു നോക്കി സിറ്റൗട്ടിലിരിക്കുമ്പോഴാണ് സൗമ്യ ആ ശബ്ദം കേട്ടത്. ആദ്യം വ്യക്തമായില്ല. ചെവി വട്ടം പിടിച്ചപ്പോള്‍ ആരോ ഛര്‍ദ്ദിക്കുകയാണെന്നു മനസിലായി. മതിലിനപ്പുറത്തുള്ള വീട്ടില്‍ നിന്നാണോ... അതോ? '' ശ്യാമളേ... ശ്യാമളേ...'' അവള്‍ വിളിച്ചു. മറുപടിയില്ല. സൗമ്യ എഴുന്നേറ്റു നിലത്തു കിടന്ന റോസ് നൈറ്റി വയറിനു മുകളിലേക്കു പൊക്കിക്കുത്തി. എന്നിട്ട് മെറ്റല്‍ ചിപ്‌സ് നിരത്തിയ മുറ്റത്തേയ്ക്കിറങ്ങി. രണ്ടുകാലും നീരുവന്ന് വീര്‍ത്തിരിക്കുന്നു. വല്ലാത്ത ഭാരം. കാലുകള്‍ പറിച്ചു കുത്താന്‍ പോലും ബുദ്ധിമുട്ട്. കഷ്ടിച്ച് അടുക്കള വാതില്‍ വരെയെത്തി. ഗ്യാസ് സ്റ്റൗവില്‍ പാല്‍ തിളച്ചുപോകുന്നു. മുറ്റത്തു കുനിഞ്ഞു നിന്ന് ശ്യാമള ഛര്‍ദ്ദിക്കുന്നു. സ്റ്റൗ ഓഫാക്കാനായി സൗമ്യ സ്റ്റൗവിനടുത്തേയ്ക്കു പോകുമ്പോഴേയ്ക്കും ശ്യാമഴ വീണ്ടും ഛര്‍ദ്ദിച്ചു, വലിയ ശബ്ദത്തോടെ... (തുടരും)

 
Other News in this category

 
 




 
Close Window