സൗമ്യയുടെ ഉളളു പിടഞ്ഞു അമ്മ ഫോണില്‍ പറഞ്ഞതൊക്കെ സത്യമാകുകയാണോ ? ശ്യാമള ഇടത്തേക്ക് തല വെട്ടിച്ചപ്പോള്‍ , സൗമ്യ അവളുടെ കണ്ണില്‍പ്പെടാതിരിക്കാനായി തല വലിച്ചു. ഇത്തിരി കഴിഞ്ഞ് വീണ്ടും തല നീട്ടി. എന്നിട്ട് ശ്വാസം അടക്കി ചെവി വട്ടം പിടിച്ചു നിന്നു. അവള്‍ എന്തൊക്കെയോ പറയുകയും കരയുകയും ചെയ്യുന്നു.പക്ഷേ തേങ്ങലില്‍ നിന്നു ഒന്നും വ്യക്തമായി വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നില്ല. എങ്കിലും ആരെയോ ശപിക്കുകയും സ്വയം ശപിക്കുകയുമാണെന്ന് ഉറപ്പ്. മൂക്ക് ചീറ്റി കറുത്ത നൈറ്റിയുടെ മുകളിട്ടിരിക്കുന്ന തോര്‍ത്തില്‍ തുടയ്ക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണും ഒപ്പുന്നു. അമ്മ പറഞ്ഞത് നേരാണെങ്കില്‍ .... വേലക്കാരി ഗര്‍ഭിണിയായാല്‍ നാട്ടുകാര്‍ ആരെയാണ് പഴിക്കുക ? പക്ഷേ... സൗമ്യയുടെ ശരീരത്തിന് വിറയല്‍ ബാധിച്ചു. എന്തൊക്കെയായിരിക്കും ഇനി സംഭവിക്കാന്‍ പോകുന്നത്...? പുറത്ത് മഴ വീണ്ടും ആര്‍ത്തലച്ചെത്തി, ശക്തിയായ കാറ്റും . ഷീറ്റിനു മുകളിലേക്ക് ചരല്‍ വാരിയെറിയുന്നതു പോലെ മഴത്തുള്ളികള്‍ വീണു പിടഞ്ഞു. മഴനിലച്ചു. കാറ്റ് മഴയെ വിഴുങ്ങി. ശ്യാമള സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ പെണ്‍മക്കളില്‍ മൂത്തവളാണ് ധൈര്യശാലിയാണെന്ന് അച്ഛന്‍ എപ്പോഴും പറയും. മറ്റേത് ഭാര്യയുടെ തനിപ്പകര്‍പ്പാ, പേടിച്ച് തൂറികള്‍.... എന്നിട്ട് ഇവിടെ, തനിക്ക് ശ്യാമളയോട്, നീ ഗര്‍ഭിണിയാണോ ? ആരാണ് ഇതിന്റെ ഉത്തരവാദിയെന്ന് ചോദിക്കാനുള്ള് ധൈര്യം കിട്ടുന്നില്ല. സമയമറിയിക്കുന്നതിന്റെ മുന്നോടിയായി ക്ലോക്കില്‍ മ്യൂസിക് ഒരുങ്ങി., പിന്നീട് സമയവും.. ഒരു വലിയ കോട്ടുവായോടെ കൂര്‍ക്കംവലി ഉപേക്ഷിച്ച് രമണന്‍ ഉണര്‍ന്നു. റൂമില്‍ വെളിച്ചം വീണു. റിസീവര്‍ വെച്ചിട്ട്് ഒന്നുമറിയാത്തതുപോലെ ശ്യാമള അവളുടെ കിടപ്പു മുറിയിലേക്ക് നടന്നു. 'നീ എന്താ ഇവിടെ വന്നു നില്‍ക്കുന്നത് ?' രമണന്‍ ചോദിച്ചു. രമണേട്ടനോട് കാര്യം തുറന്നു പറഞ്ഞാലോ ? വേണ്ട വിടുവായനാ.... പത്രത്തില്‍ കൊടുത്തതിനു തുല്യമാകും. ' അതേ..... ഞാന്‍ മഴ വന്നപ്പോള്‍ ജനല്‍ അടയ്ക്കാന്‍ എഴുന്നേറ്റതാ....തുള്ളിയടിച്ച് സെറ്റി മുഴുവന്‍ കരിമ്പന്‍ അടിച്ച് പോകും....' അവള്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. 'നിനക്ക് എന്നെ വിളിക്കാന്‍ മേലായിരുന്നോ' ? നരച്ച കാവിമുണ്ട് വാരിച്ചുറ്റിക്കൊണ്ട് റൂമിലേക്ക പോകുന്നതിനിടയില്‍ അവന്‍ ചോദിച്ചു. '' അയ്യട നല്ല കക്ഷിയാ. വിളിച്ചാലുടന്‍ ഉണരുന്ന സയിസ്. തടി ലോറി കയറ്റം കയറുന്നതുപോലെയായിരുന്ന കൂര്‍ക്കം വലി. ശബ്ദം മാത്രമല്ല ദേഹത്തിനു നല്ല വിറയലുമുണ്ട്. സൗമ്യ പുതപ്പിനടിയിലേക്ക് കയറി... ' ഞാനോ കുര്‍ക്കം വലിച്ചെന്നോ..... നിനക്ക ്്‌തോന്നിയതായിരിക്കും....' ' അല്ലെങ്കില്‍ കൂര്‍ക്കം വലിക്കുന്നവര്‍ ഒരിക്കലും അത് സമ്മതിച്ച് കണ്ടിട്ടില്ല.....നോക്കിക്കോ....ഒരു ദിവസം ഞാന്‍ അത് റെക്കോഡ് ചെയ്ത് കേള്‍പ്പിക്കും....' ബാത്ത്‌റൂമില്‍ പോയി മടങ്ങിയെത്തിയ രമണന്‍ വീണ്ടും കൂര്‍ക്കം വലിക്കാനുള്ള തയ്യാറടുപ്പിലാണ്. 'രമണേട്ടാ...' 'ങും ...' അവന്‍ പാതിമയക്കത്തിലായി.ശ്ശൊ....ഇങ്ങനെയൊരു കുംഭകര്‍ണന്‍ .... പിറുപിറുത്തുകൊണ്ട് അവള്‍ തിരിഞ്ഞു കിടന്നു. ഉറക്കം വരുന്നില്ല...... വയറ്റില്‍ കുരുക്ഷേത്ര യുദ്ധമാണ്.... വയററില്‍ ജീവന്റെ തുടിപ്പും നേരം വെളുപ്പിക്കാന്‍ സൗമ്യ നന്നേ പാടുപെട്ടു... പലവട്ടം കറന്റും പോയി... മഴ പെയ്ത് തോര്‍ന്നിട്ടും ഊഷ്ണം കൊണ്ട് ഉച്ചിവരെ വിയര്‍ത്തു. പുലര്‍ച്ചേ ഒന്നു മയങ്ങി. രമണന്‍ ചായയുമായി വന്ന് തൊട്ടു വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. 'ശ്യാമള എന്തിയേ' ? 'അവള്‍ പുട്ട് ഉണ്ടാക്കുന്നു' 'രമണേട്ടന് ഇന്ന് നേരത്തെ പോണോ' ? തലയിണയിലേക്ക് സൗമ്യ തല താങ്ങിവെച്ചു. കുളിച്ചൊരുങ്ങി നെറ്റിയില്‍ നിറയെ ഭസ്മവും ചെവിക്കിടയില്‍ ചെത്തിപ്പൂവുമായി നില്‍ക്കുന്ന രമണനോട് അവള്‍ ചോദിച്ചു. 'വേണം.....കാവാലം റൂട്ടാ...രാത്രിയില്‍ വരുന്ന കാര്യം ഉറപ്പില്ല വണ്ടി ഒത്തു കിട്ടിയാല്‍ വരും...' ' വേണ്ട പാതിരാത്രിയില്‍ കണ്ട ലോറിക്കൊക്കെ കയറിവരേണ്ട... ഇന്നത്തെ കാലമാ പോരാത്തതിന് മഴയും....ഹൊ എന്തൊരു ചൂട്..' ചായ ഒരു കവിള്‍ കുടിച്ചിട്ട് പറഞ്ഞു. ' രമണേട്ടന്റെ വക ചായയാണെന്ന് തോന്നുന്നു....' 'ങും എന്തു പറ്റി ?' ഷര്‍ട്ടിന്റെ ബട്ടണഴിച്ചു കൊണ്ട് അവന്‍ ചോദിച്ചു 'ശ്യാമള ഏതായാലും ഇതുപോലെ കടുപ്പവും മധുരവും ചേര്‍ക്കില്ല.... 'ചായകുടിച്ചാല്‍ സ്‌ട്രോങായിട്ട്് തന്നെ കുടിക്കണം ...' രമണന്‍ പോയിക്കഴിഞ്ഞപ്പോള്‍ സൗമ്യ അടുക്കളയേേിലക്ക് ചെന്നു. പുട്ട് ഉണ്ടാക്കിയ ശേഷം സൗമ്യയുടെ ഇഷ്ടവിഭവമായ കൊഴുക്കട്ട ഉണ്ടാക്കാനുളള ശ്രമത്തിലാണ് ശ്യാമള. ശര്‍ക്കരയും തേങ്ങയും വെച്ചുള്ള കൊഴുക്കട്ട അവള്‍ക്ക് വലിയ ഇഷ്ടമാണ്.നന്നായിതണുത്ത ശേഷം എത്രയെണ്ണം വേണേലും കഴിക്കാം. ശ്യാമള കുളിച്ച് വസ്ത്രം മാറിയിരിക്കുന്നു. മുടിയില്‍ തോര്‍ത്ത് വെച്ചുകെട്ടി ഉച്ചിയിലേക്ക്്് ഉയര്‍ത്തി കെട്ടിയിരിക്കുകയാണ്. റോസ് നൈറ്റിയാണ് വേഷം.പൗഡറും പൂശിയിട്ടുണ്ട്്്. ഇന്നലെ രാത്രിയില്‍ കണ്ട ശ്യാമളയല്ല ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ? എങ്ങനെയാണ് ഇങ്ങനെ മാറാന്‍ കഴിയുക ? അതോ ഇവള്‍ ഗര്‍ഭിണിയല്ലേ ? ഇനി കൊച്ചിന്റെ അച്ചനാകാന്‍ ആളെ കിട്ടിയതിന്റെ സന്തോഷമാണോ ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. സൗമ്യയെ ഉന്തിയിട്ടെന്നപോലെ ശ്യാമള ഒടിപ്പോയി റിസീവര്‍ എടുത്തു. മുക്കുകയും മൂളുകയും ചെയ്തതല്ലാതെ അവള്‍ ഒന്നും മറുപടി പറഞ്ഞില്ല. സൗമ്യ ചെവി കൂര്‍പ്പിച്ച് അടുക്കളയില്‍തന്നെ നിന്നു. റിസീവര്‍ വെച്ചിട്ട് അവള്‍ ഒടിവന്ന് അപ്പ ചെമ്പിന്റെ അടപ്പെടുത്തു. 'വെള്ളം കുറവാ ' അവള്‍ ടാപ്പ് തുറന്ന് കുറച്ചു വെള്ളം കൂടി അപ്പ ചെമ്പിലേക്കൊഴിച്ചു.എന്നിട്ട് മൂടിയടച്ചു 'ആരാ രാവിലെ വിളിച്ചത്' 'വീട്ടില്‍ നിന്നാ' ശ്യാമള വിക്കിവിക്കി പറഞ്ഞു 'എന്താ വിശേഷിച്ച് ' സൗമ്യ വിട്ടില്ല 'ഓ ഒന്നുമില്ല അച്ഛനാ ഇത്തിരി കാശു വേണമെന്ന്' 'എന്തിട്ട് നീ എന്തു പറഞ്ഞു' 'ചേച്ചിയോട് ചോദിക്കട്ടെയെന്നു പറഞ്ഞു' കണ്ണില്‍ കണ്ണില്‍ നോക്കി ഇവള്‍ക്കെങ്ങനെ ഇതു പോലെ നുണ പറയാന്‍ കഴിയുന്നു ഏതായാലും എന്തോ ചുറ്റിക്കളിയുണ്ടെന്നുറപ്പ്് അങ്ങനെയങ്ങ് വിട്ടാല്‍ ശരിയാാകില്ല സൗമ്യ ഹാളിലേക്കിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ വന്നു ശ്യാമള എത്തുന്നതിനു മുമ്പേ അവള്‍ റിസീവര്‍ എടുത്തു. 'ഹലോ' ശബ്ദം മാറിയതു കൊണ്ടാകാം മറുതലയ്ക്കല്‍ റിസീവര്‍ വച്ചു ശ്യാമള ദീര്‍ഘനിശ്വാസമുതിര്‍ത്തു സൗമ്യ ഡോര്‍ തുറന്ന് സിറ്റൗട്ടിലേക്കിറങ്ങി മുറ്റത്ത് ചെടിച്ചട്ടിയുടെ മുകളില്‍ കിടന്ന പത്രമെടുത്ത് തലവാചകങ്ങള്‍ ഓടിച്ചു നോക്കി പിന്നെ വിശദമായ വായനയ്ക്കായി ചൂരല്‍ കസേരയിലേക്ക് മെച്ചെ ഇരുന്നു നൈറ്റി പൊക്കി ഇരു കലുകളിലേക്കും നോക്കി ഇപ്പോള്‍നീരു കുറവുണ്ട് രാത്രിയാകുമ്പോഴേക്കും കൂടും ഗെയ്റ്റിനു മുന്നില്‍ മീന്‍കാരന്റെ ഹോണടി 'ചേച്ചീ.... നല്ല നെയ്മീനാ ഒരു കിലോ എടുക്കട്ടെ' ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിട്ട് കട്ടിയും ത്രാസുമെടുത്ത് അയാള്‍ തൂക്കാനുള്ള പുറപ്പാടിലാണ് 'ഇന്നു വേണ്ട ഇരുപ്പുണ്ട് ' മീന്‍കാരന്‍ എന്തോ പിറു പിറുത്തുകൊണ്ട് ബൈക്ക് സ്റ്റാര്‍ട്ടാക്കി ഗര്‍ഭിണിയുടെ മുഖം പോലെ വിളറിവെളുത്ത പ്രഭാതം സൗമ്യയ്ക്ക് ഒരു ഉന്മേഷവും തോന്നിയില്ല, ചടഞ്ഞുകൂടി കുറെ നേരം അങ്ങനെ തന്നെയിരുന്നു 'ചേച്ചി വെള്ളം ചൂടാക്കി കുളിമുറിയില്‍ വെച്ചിട്ടുണ്ട്' ശ്യാമള പലവട്ടം ഓര്‍മിപ്പിച്ചു എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ അമ്മയെത്തി 'ഓട്ടോ പിടിക്കാന്‍ തുടങ്ങുമ്പോഴാ സുകുവിന്റെ കാറ് കിട്ടിയത് അവന്‍ എയര്‍പോര്‍ട്ടില്‍ ആരെയോ കൊണ്ടു വരാന്‍ പോകുവാ' കൈകള്‍ ഉയര്‍ത്തി കാണിച്ചിട്ട്് സുകുവിന്റെ നീല ആള്‍ട്ടോ അകന്നുപോയി 'സുകുവിനെ വിളിക്കാന്‍ മേലായിരുന്നോ 'സൗമ്യ ചോദിച്ചു 'വിളിച്ചതാ അവന് ധൃതിയുണ്ടെന്ന്' 'ഇതെന്താ ബിഗ്‌ഷോപ്പറില്‍ ' സാവിത്രി അമ്മയുടെ കയ്യില്‍ നിന്ന് ബിഗ്‌ഷോപ്പര്‍ വാങ്ങിക്കാനായി കൈ നീട്ടി 'വേണ്ട വേണ്ട നീ ഒന്നും എടുക്കേണ്ട ഞാന്‍ എടുത്തോളാം' ശ്യാമള ഓടിവന്ന് ബിഗ്‌ഷോപ്പര്‍ വാങ്ങിച്ചു സാവിത്രിയമ്മ ശ്യാമളയെ കടുപ്പിച്ചൊന്നു നോക്കി. പെട്ടെന്ന്് നോട്ടം പാളി സൗമ്യയുടെ മുഖത്തേക്ക് വീണു സൗമ്യ ഇപ്പോള്‍ ഒന്നും ചോദിക്കല്ലേ എന്ന മട്ടില്‍ കണ്ണിറുക്കി കാണിച്ചു ശ്യാമള ബിഗ്‌ഷോപ്പറുമായി അകത്തേക്ക് പോയി സാവിത്രിയമ്മ സൗമ്യയോട് ചേര്‍ന്ന് കസേരയിലോട്ട് ഇരുന്നു 'കുറച്ച് ചക്ക വരട്ടിയതാ ബിഗ്‌ഷോപ്പറില്‍ പിന്നെ കുറച്ച് പച്ചചക്കയും നമ്മുടെ കിണറ്റിന്റവിടെ നില്‍ക്കുന്ന തടിയന്‍ വരിക്കപ്ലാവിലെയാ തേന്‍വരിക്ക പക്ഷേ പ്രായമായതുകൊണ്ട് ഇത്തിരി മധുരം കുറഞ്ഞോന്ന് ഒരു സംശയമുണ്ട് ഇളക്കി ഇളക്കി കൈ കഴച്ചപ്പോള്‍ നിന്റെ അച്ഛനാ ചക്ക വരട്ടി ഇളക്കി പരുവപ്പെടുത്തി വാങ്ങി പാത്രത്തിലാക്കിയത്.' 'പാവം അച്ഛന്‍ എന്താ അമ്മയുടെ കൂടെവരാഞ്ഞത്' 'വരാനിരുന്നതാ വടക്കേ പറമ്പിലെ തെങ്ങിലെ കുലയെല്ലാം ഒടിഞ്ഞുപോകുവാ കെട്ടിക്കാന്‍ ആളെ നോക്കിയിരുന്നിട്ട് കുറച്ചു ദിവസമായി ഇന്നാ ആളെ ഒത്തു കിട്ടിയത് പണിക്കാരുടെ കൂടെ പറമ്പിലോട്ടിറങ്ങിയിട്ടുണ്ട് ' 'നീ എന്താ രാവിലെ എഴുന്നേറ്റപടി ഇരിക്കുന്നത് കുളിയും തേവാരമൊന്നുമില്ലേ ' സാവിത്രിയമ്മ ചോദിച്ചു 'പിന്നേ കുളിക്കണം കുളിച്ചേച്ച് ചക്ക വരട്ടിയത് കുറേയങ്ങ് തിന്നണം പിന്നെ ചക്കപ്പഴവും ....നമുക്ക് കുറച്ച് ചക്ക കാന്താരി മുകളക് അരച്ച് വേവിക്കണം...നെയ്യ് പോലെ വേകും.' സൗമ്യ ഉത്സാഹത്തോടെ എഴുന്നേറ്റു 'നില്‍ക്ക് നില്‍ക്ക് വെറും വയറ്റില്‍ അല്ലേ ചക്ക കഴിക്കുന്നത് . അതൊക്കെ പിന്നെ' സൗമ്യ കുളി കഴിഞ്ഞെത്തിയപ്പോള്‍ സാവിത്രിയമ്മ ചോദിച്ചു 'നീ എന്തു തീരുമാനിച്ചു' 'ശ്യാമളയുടെ കാര്യമാണോ അമ്മ ഉദ്ദേശശിക്കുന്നത് ' ''നമ്മള്‍ ഉദ്ദേശിക്കുന്നതു പോലെ കുഴപ്പമൊന്നുമില്ലെന്നു തോന്നുന്നു.' കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവങ്ങള്‍ എല്ലാം അവള്‍ വിശദീകരിച്ചു 'എനിക്കെന്തോ ഒന്നും അത്രയ്ക്ക് അങ്ങ് തള്ളിക്കളയാന്‍ പറ്റുന്നില്ല... ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീര്‍ക്കേണ്ട ബാധ്യത നമ്മുടേതാ... ഉടനെ അവളെ പറഞ്ഞു വിട്ടാല്‍ അതും കുഴപ്പാകും. അവള്‍ പുറത്തിറങ്ങി നാറ്റിക്കും... ആണൊരുത്തനെ വിശ്വസിച്ചു കൂടാ.. 'രമണേട്ടനെ എനിക്ക് വിശ്വാസമാ....' സൗമ്യ തറപ്പിച്ചു പറഞ്ഞു 'സൗകര്യം കിട്ടിയാല്‍ എല്ലാവരും കട്ടു തിന്നും.... നിന്റെ കെട്ടിയവന്റെ മാത്രമല്ല അച്ഛനെയും കൂടിയാ ഞാന്‍ പറഞ്ഞത്.....വൈകുന്നേരമാകട്ടെ വഴിയുണ്ട്...' നേരം സന്ധ്യയായി. സാവിത്രിയമ്മ ശ്യാമളയോട് നിലവിളക്ക് കൊളുത്താന്‍ പറഞ്ഞു. അവള്‍ യാതൊരു സങ്കോചവും കൂടാതെ വന്ന് വിളക്ക് കൊളുത്തിയിട്ട് പോയി. 'അവള് പുറത്ത് മാറേണ്ട സമയമാ.. എന്റെ കൂടെ എത്ര കാലമായി നില്‍ക്കുന്നതാ ഡേറ്റും കാര്യങ്ങളും എനിക്ക് കൃത്യമാ..പുറത്ത് മാറിയാല്‍ വിളക്ക് കൊളുത്താന്‍ പോയിട്ട് സന്ധ്യക്ക് ഉമ്മറത്ത് പോലും അവള്‍ വരില്ല....' സാവിത്രിയമ്മ സൗമ്യയോട് പറഞ്ഞു.' 'ഡേറ്റ് ചിലപ്പോള്‍ മാറിവരാം സൗമ്യ തര്‍ക്കിച്ചു. സാവിത്രിയമ്മ അടുക്കളയിലോട്ട് ചെല്ലുമ്പോള്‍ ശ്യാമള തേങ്ങ ചിരണ്ടുകയാണ്. 'നിനക്ക് വയറ്റിലുണ്ടോടി...' എടുത്തടിച്ചതുപോലെയാണ് ചോദ്യം ഉത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു (തുടരും)